ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയ പാത നവീകരണം അതിവേഗം നടത്താൻ നീക്കം
text_fieldsചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയ പാത
അടൂർ: ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 183എയുടെ നവീകരണം അതിവേഗം നടത്താൻ നീക്കം. ചവറ ടൈറ്റാനിയം ജങ്ഷനിൽനിന്ന് ആരംഭിച്ച് കടമ്പനാട്-അടൂർ-കൈപ്പട്ടൂർ-മൈലപ്ര-വടശ്ശേരിക്കര-ളാഹ-പ്ലാപ്പള്ളി-കണമല-എരുമേലി-മുണ്ടക്കയം വഴി മുപ്പത്തഞ്ചാം മൈലിൽ എത്തും. 120 കിലോമീറ്റർ നീളമാണ് ഉള്ളത്. ഇതോടെ ശബരിമല തീർഥാടകരുടെ പ്രധാന പാതയായി ഇത് മാറും.
പ്ലാപ്പള്ളിയിൽനിന്ന് പമ്പവരെ പാതക്ക് എക്സ്റ്റെൻഷനുണ്ട്. 28 കിലോമീറ്റർ ദൂരമാണ് ഈ ഭാഗത്തിനുള്ളത്. അടൂർ നെല്ലിമൂട്ടിപ്പടിയിൽനിന്ന് ആനന്ദപ്പള്ളിവരെ ബൈപാസ് ഉണ്ടാകും. ഓമല്ലൂർ ടൗണിൽ വരാതെ ബൈപാസുവഴി പുത്തൻപീടികയിലെത്തി പത്തനംതിട്ട ടൗണിൽ കടക്കാതെ ചെറിയ ബൈപാസുവഴി മൈലപ്ര പഞ്ചായത്ത് ഓഫിസിന് സമീപത്തുകൂടി വടശ്ശേരിക്കര എത്തും.
ളാഹ-പ്ലാപ്പള്ളി-കണമല എം.ഇ.എസ് കോളജ് ജങ്ഷനിൽനിന്ന് എരുമേലി-മുണ്ടക്കയം റോഡിന് സമാന്തരമായി എട്ട് കിലോമീറ്റർ ബൈപാസുവഴി കരിനിലത്ത് എത്തും. അവിടെ നിന്ന് മുണ്ടക്കയം ടൗണിൽ പ്രവേശിക്കാതെ മുപ്പത്തഞ്ചാം മൈലിൽ എത്തും.
പ്രാഥമികമായി ചവറ ടൈറ്റാനിയം മുതൽ നെല്ലിമൂട്ടിൽപടിവരെ പാത വീതികൂട്ടും. ഈ ഭാഗങ്ങളിലെ കലുങ്കുകളും വീതികൂട്ടി നിർമിക്കും. മണ്ണാറക്കുളഞ്ഞി മുതൽ പമ്പവരെയും തിരിച്ച് കണമലവരെയുമുള്ള റോഡിന് 35 കോടി അനുവദിച്ചിട്ടുണ്ട്. കണമല-മുണ്ടക്കയം വരെ റോഡ് 16 കോടി മുടക്കി നവീകരണം നടത്തി. 18 മീറ്റർ വീതിയിൽ ബൈപാസും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

