പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ 26 വർഷം കഠിനതടവ്
text_fieldsഅനിരുദ്ധൻ
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 26 വർഷം കഠിനതടവും 1.20 ലക്ഷം രൂപാ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പോക്സോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. ഏഴംകുളം നെടുമൺ മാങ്കോട്ടു മുരുപ്പ് പ്ലാവിള വടക്കേതിൽ വീട്ടിൽ അനിരുദ്ധനെയാണ് (22) ശിക്ഷിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് വിധി പുറപ്പെടുവിച്ചത്.
2021ലാണ് കേസിനാസ്പദമായ സംഭവം. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പിഴത്തുക ഈടാക്കുന്ന മുറക്ക് അതിജീവിതക്ക് നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകി. ഏനാത്ത് എസ്.എച്ച്.ഒ പി.എസ്.സുജിത്താണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിതാ ജോൺ ഹാജരായി.

