Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; കേസ് ഒതുക്കാൻ നീക്കം ശക്തം

text_fields
bookmark_border
ഒമ്പത് മുതൽ സി.പി.എമ്മിന്‍റെ അനിശ്ചിതകാല സത്യഗ്രഹം
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; കേസ് ഒതുക്കാൻ നീക്കം ശക്തം
cancel

പത്തനംതിട്ട: വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അടൂർ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോൺഗ്രസ് അതിക്രമ കേസ് ഒതുക്കിത്തീർക്കാൻ നീക്കം ശക്തം. അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന യുട്യൂബറെ പൊലീസ് ജീപ്പ് തടഞ്ഞ് കൈയേറ്റം ചെയ്തത് കൂടാതെ ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനിൽ കയറി ലോക്കപ്പിലെ പ്രതിയോട് സംസാരിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമസംഭവത്തിൽ കണ്ടാലറിയുന്ന 20 പേർക്കെതിരെ കേസെടുത്ത അടൂർ പൊലീസ് തുടർനടപടികളൊന്നും സ്വീകരിച്ചില്ല.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ഗൗരവമുള്ളതാണെന്നാണ് ഡി.ജി.പി പ്രതികരിച്ചത്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എസ്.പിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേസിന്‍റെ ഗൗരവം കുറച്ചുകാണുന്ന രീതിയിലാണ് മറുപടി നൽകിയത്. രണ്ട് മാസം മുമ്പത്തെ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം സ്റ്റേഷനിൽ കയറി പ്രതിയെ ഭീഷണിപ്പെടുത്തിയതിനെ കുറിച്ച് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയും ചെയ്തു. ആഭ്യന്തര മന്ത്രിയുടെ നിലപാട് കേസിൽ വീണ്ടും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്കുള്ള സന്ദേശമായിക്കൂടിയാണ് വിലയിരുത്തുന്നത്.

സ്റ്റേഷനുള്ളിൽ കയറി ശ്രീനാദേവി പ്രതിയെ കണ്ട സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നും, വനിത പൊലീസ് ഇല്ലാത്ത സമയത്ത് മറ്റ് പോംവഴികൾ ഇല്ലായിരുന്നുവെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എസ്.പിക്ക് വിശദീകരണം നൽകിയിരിക്കുന്നത്. ഈ നിലയിൽ ശ്രീനാദേവിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ പുറത്ത് പൊലീസുകാർക്കും പരിക്കേൽക്കാനിടയായ സംഭവത്തിന്‍റെ ഗൗരവം വെളിപ്പെടുത്തുകകൂടിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ചെയ്യുന്നത്.

പൊലീസുകാരെ നോക്കുകുത്തിയാക്കി നിയമം കൈയിലെടുത്തവരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതിനിടെ ഇതിനെ ചെറുക്കാൻ സമരപരിപാടികളുമായി സി.പി.എമ്മും രംഗത്തിറങ്ങുകയാണ്. കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള ആക്രമണ പരമ്പരകൾക്കെതിരെ സി.പി.എം ഈ മാസം 9 മുതൽ അനിശ്ചിതകാല സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു. 5000 പ്രവർത്തകർ ആദ്യ ദിവസം അണിചേരും. ഈ വിഷയത്തിൽ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും രാജു ഏബ്രഹാം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Adoor Police Station Violence: Move to Close Case
Next Story