Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ ജനറല്‍ ആശുപത്രി:...

അടൂർ ജനറല്‍ ആശുപത്രി: കൈയിൽ കാശില്ലെങ്കിൽ രോഗം മാറില്ല

text_fields
bookmark_border
അടൂർ ജനറല്‍ ആശുപത്രി: കൈയിൽ കാശില്ലെങ്കിൽ രോഗം മാറില്ല
cancel
camera_alt

അടൂർ ജനറൽ ആശുപ​ത്രി ഒ.​പി കൗ​ണ്ട​റി​നു മു​ന്നി​ലെ തി​ര​ക്ക്

ചി​കി​ത്സ​യി​പ്പോ​ൾ വ​ലി​യ വ്യ​വ​സാ​യ​മാ​ണ്. അ​തി​നാ​ൽ കൈ​യി​ൽ കാ​ശി​ല്ലാ​ത്ത​വ​ർ​ക്ക്​ രോ​ഗം​വ​ന്നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ വെ​ച്ചു​പി​ടി​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ. അ​വി​ടെ​ച്ചെ​ന്നാ​ൽ തൃ​പ്തി​യോ​ടെ ചി​കി​ത്സ​ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന​വ​ർ ചു​രു​ക്കം. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഒ​ഴി​കെ കി​ട​ത്തി​ച്ചി​കി​ത്സ​യു​ള്ള എ​ട്ട്​ ആ​ശു​പ​ത്രി​ക​ൾ​ ജി​ല്ല​യി​ലു​ണ്ട്​. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം സാ​മാ​ന്യം സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യം നി​മി​ത്തം അ​വ​യൊ​ന്നും പോ​രാ​തെ​വ​രു​ന്നു. ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മ്പോ​ഴും അ​വ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ പ​ക​ർ​ച്ച​വ്യാ​ധി​പോ​ലെ​യാ​ണ്​. കൈ​ക്കൂ​ലി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും മാ​റാ​രോ​ഗ​ങ്ങ​ളാ​യി ഇ​വി​ട​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്നു. ജി​ല്ല​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ​യു​ള്ള താ​ലൂ​ക്ക്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച്​ മാ​ധ്യ​മം ലേ​ഖ​ക​ർ ത​യാ​റാ​ക്കി​യ പ​ര​മ്പ​ര...

അടൂർ ജനറല്‍ ആശുപത്രിയില്‍ കൈക്കൂലിയില്ലെങ്കില്‍ മതിയായ ചികിത്സയും പരിപാലനവും ലഭിക്കില്ലെന്നാണ് വ്യാപക പരാതി. ദിനംപ്രതി ആയിരക്കണക്കിന് നിര്‍ധനരായ രോഗികൾ ജില്ലക്കകത്തുനിന്ന് കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് ചികിത്സതേടി ഇവിടെ എത്തുന്നു.സാധാരണഗതിയില്‍ കുറിക്കുന്ന മരുന്നുകള്‍ കഴിച്ചാല്‍ രോഗം കുറയാറില്ല എന്നതാണ് ഇവിടുത്തെ പ്രതിഭാസം. രോഗം കുറവില്ലെങ്കില്‍ ചില ഡോക്ടർമാർ വീട്ടില്‍ ചെന്ന് കാണാന്‍ പറയും.

രോഗിയുമായി വരുന്ന ആളിന്റെ സാമ്പത്തികസ്ഥിതി മനസ്സിലാക്കി സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്നതും പതിവാണ്.ആശുപത്രി വളപ്പിനകത്തുതന്നെ കാരുണ്യ, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില ഡോക്ടര്‍മാർ മരുന്നുവാങ്ങേണ്ട മെഡിക്കല്‍ സ്റ്റോർ ഏതെന്നുപോലും നിർദേശിക്കുന്നു.

അവർ പറയുന്ന സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറിലേ കുറിപ്പടിയിലെ മരുന്നുകള്‍ ലഭിക്കൂ. ലാബ് പരിശോധനക്കും ഇതേ രീതി അവലംബിക്കുന്നു. അങ്ങനെ ചുരുങ്ങിയ ചെലവില്‍ സർക്കാർ ആശുപത്രിയില്‍ തന്നെ ചെയ്യേണ്ട ലാബ് ടെസ്റ്റുകള്‍ക്ക് രോഗികള്‍ക്ക് ഭീമമായ തുക നല്‍കേണ്ടിവരുന്നു.കയറിക്കിടക്കാന്‍ നല്ല ഒരു കൂരപോലുമില്ലാത്ത പാവപ്പെട്ടവരാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവരിൽ ഏറിയപങ്കും. ഇവര്‍ കൈക്കൂലി നല്‍കാനായി സ്വർണാഭരണങ്ങൾ വരെ പണയംവെക്കേണ്ടിവരുന്നു.

ഫാ​ര്‍മ​സി​ക്കു മു​ന്നി​ലെ ക്യൂ

രാവിലെ എട്ടുമുതലാണ് ഒ.പിയില്‍ പരിശോധന തുടങ്ങേണ്ടതെങ്കിലും മിക്ക ഡോക്ടര്‍മാരും വൈകിയാണ് എത്തുന്നത്. വൈകിയെത്തുന്ന രോഗികള്‍ക്ക് പിന്നെ അത്യാഹിത വിഭാഗമാണ് ആശ്രയം. ഇവിടെ ചിലപ്പോള്‍ ഒരു ഡോക്ടറെ കാണുകയുള്ളൂ.റേഡിയോളജിസ്റ്റില്ലാത്തതിനാല്‍ അള്‍ട്ര സൗണ്ട് സ്‌കാനിങ് നടക്കുന്നില്ല. പുറത്തുനിന്ന് രണ്ടുദിവസം മാത്രം ഏതാനും മണിക്കൂറുകള്‍ റേഡിയോളജിസ്റ്റ് എത്തിയാണ് സ്‌കാനിങ് നടത്തുന്നത്.

തുറക്കാതെ ട്രോമ കെയര്‍

കെ.എസ്.ടി.പി കഴക്കൂട്ടം-അടൂര്‍ സുരക്ഷ ഇടനാഴി പദ്ധതിയുടെ ഭാഗമായി ട്രോമ കെയര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 2020 ഫെബ്രുവരി 16ന് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. രണ്ടരവര്‍ഷമായിട്ടും പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ദിവസവും നിരവധി അപകടങ്ങള്‍ നടക്കുന്ന ദേശീയ, സംസ്ഥാന പാതകളില്‍നിന്ന് പരിക്കേറ്റ് വരുന്നവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ പ്രാഥമിക ചികിത്സ നല്‍കി ഏതെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിടുകയാണ് പതിവ്. ഈ അവസ്ഥക്ക് പരിഹാരം കാണാനാണ് ട്രോമാകെയര്‍ യൂനിറ്റ് എന്ന പേരില്‍ ആശുപത്രിയിലെ ഒരു ഹാള്‍ കിടക്കകള്‍ ഉള്‍പ്പെടെ തയാറാക്കിയത്.

5.85 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സി.ടി സ്‌കാനും ഐ.സി.യു, ആംബുലന്‍സ് ഉള്‍പ്പെടുന്നതാണ് പദ്ധതി. ചെറിയ ഓപറേഷന്‍ തിയറ്റര്‍ അടക്കം കിടക്കകളുള്ള ഐ.സി.യു, നിരീക്ഷണ വാര്‍ഡ്, വെന്റിലേറ്റര്‍, ലാബ് അടക്കമുള്ള സൗകര്യങ്ങളും ഉണ്ട്. ഈ വിഭാഗത്തിൽ ആവശ്യമായ ഡോക്ടര്‍മാരില്ലാത്തതാണ് പ്രവർത്തനത്തിന് തടസ്സമാകുന്നത്. ഹൃദ്രോഗ വിദഗ്ധന്‍, ന്യൂറോ സര്‍ജന്‍ എന്നിവര്‍ ഇവിടെ അത്യാവശ്യമാണ്. എമര്‍ജന്‍സി വിഭാഗമാണ് ട്രോമാകെയര്‍ സംവിധാനത്തിനായി ഒരുക്കിയ സ്ഥലത്ത് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. ട്രോമാകെയര്‍ ഉടന്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസവും യോഗംകൂടി തീരുമാനമെടുത്തിരുന്നു. ആരോഗ്യമന്ത്രി അടുത്തിടെയും പറഞ്ഞു, ട്രോമാകെയര്‍ പ്രവര്‍ത്തിപ്പിക്കുമെന്ന്.

കെടുകാര്യസ്ഥതയേറെ

ഒ.പി ടിക്കറ്റ് വാങ്ങാനും ഡോക്‌ടറെ കാണാനും മരുന്ന് വാങ്ങാനുമൊക്കെ മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. ഒ.പി ടിക്കറ്റ് നല്‍കാന്‍ മൂന്ന് കൗണ്ടറുകളും പഴയ ടിക്കറ്റിന് ഒരു കൗണ്ടറും ടോക്കണ്‍ സംവിധാനവുമുണ്ട്. പഴയ ഒ.പി കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നിടത്താണ് ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഉച്ചവരെ അഞ്ചുപേര്‍ വരെ ഡ്യൂട്ടിക്കുണ്ടാകും. ഉച്ചകഴിഞ്ഞ് രണ്ടുപേരും രാത്രി ഒരാളും. രോഗികളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരില്ലാത്തതാണ് ബുദ്ധിമുട്ടുകള്‍ക്ക് കാരണം.

സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ കുറവാണ്. ഒരു വനിത ഉള്‍പ്പെടെ ഏഴ് സെക്യൂരിറ്റി ജീവനക്കാര്‍ മാത്രമേ ആശുപത്രിയിലുള്ളൂ. ഇവരിലാരെങ്കിലും അവധിയെടുത്താല്‍ പണിമുടങ്ങും. ആറുപേര്‍ കൂടിയുണ്ടായാലേ സുരക്ഷ സംവിധാനം കാര്യക്ഷമമാകൂ. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കുറവാണ് ഒ.പി, കാഷ് കൗണ്ടര്‍ എന്നിവിടങ്ങളില്‍ രോഗികളുടെ നരകയാതനക്ക് കാരണം. ജീവനക്കാരില്‍ ആരെങ്കിലും അവധിയായാല്‍ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാകും.

പനിബാധിച്ച് ഡോക്ടറെ കാണാന്‍ എത്തുന്നവര്‍ ഏറെയാണ്. ഒ.പി നവീകരണത്തിനായി പേ വാര്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് ഒ.പി വിഭാഗം മാറ്റിയപ്പോള്‍ സ്ഥലസൗകര്യമില്ലാത്തതിനാല്‍ തിരക്ക് ഏറെയായി. ഇത് കോവിഡ് പോലെയുള്ള രോഗങ്ങള്‍ പകരാന്‍ സാധ്യതയുണ്ടാക്കുന്നു. ആശുപത്രി വളപ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടത്ര സ്ഥലമില്ല.

രക്തത്തിന് നെട്ടോട്ടം

ശസ്ത്രക്രിയകള്‍ ദിവസേന നടക്കുന്ന ആശുപത്രിയാണെങ്കിലും രക്തബാങ്കില്ല. ഇതിനാല്‍ പലപ്പോഴും ശസ്ത്രക്രിയ മാറ്റിവെക്കേണ്ടിവരുന്നുവെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. രക്തത്തിനായി ജില്ല ജനറല്‍ ആശുപത്രിയെയും സ്വകാര്യ ആശുപത്രികളെയുമാണ് ആശ്രയിക്കുന്നത്.

അത്യാവശ്യക്കാരുടെ കൈയില്‍നിന്ന് സ്വകാര്യ ആശുപത്രികള്‍ വന്‍ തുകയാണ് രക്തത്തിന് ഈടാക്കുന്നത്. രക്തബാങ്ക് അനുവദിക്കാന്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍ നിരവധി നിവേദനങ്ങള്‍ ആരോഗ്യവകുപ്പിന് നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. ശസ്ത്രക്രിയക്ക് ഡോക്ടര്‍ പറയുമ്പോള്‍ തന്നെ രക്തത്തിനായി ആളുകള്‍ പരക്കംപായുന്നത് ആശുപത്രിയിലെ ദയനീയ കാഴ്ചയാണ്.

മന്ത്രിയും എം.എൽ.എയും ശീതസമരത്തിൽ

ആരോഗ്യമന്ത്രിയും അടൂരിനെ പ്രതിനിധാനം ചെയ്യുന്ന ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും ശീതസമരവുമാണ് ജനറല്‍ ആശുപത്രിയോടുള്ള അവഗണനക്ക് കാരണമെന്ന് പരക്കെ സംസാരമുണ്ട്. ജില്ലക്ക് അനുവദിച്ച അര്‍ബുദ തുടര്‍ചികിത്സ കേന്ദ്രങ്ങള്‍ രണ്ടും ആരോഗ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന ആറന്മുള മണ്ഡലത്തില്‍ അനുവദിച്ചത് സംബന്ധിച്ചും അസ്വാരസ്യം ഉയര്‍ന്നിരുന്നു.

ശസ്ത്രക്രിയക്ക് 'പടി' പ്രധാനം

ശസ്ത്രക്രിയ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒരുഡോക്ടർക്ക് പടി കിട്ടിയില്ലെങ്കിൽ രോഗികള്‍ക്ക് ലഭിക്കേണ്ട സൗകര്യം കുറയും. ആദ്യം 2000 രൂപയായിരുന്നു ഡോക്ടറുടെ കുറഞ്ഞ പടി. ഇപ്പോള്‍ കുറഞ്ഞത് 5000 രൂപ വരെയായി.പടിയുടെ നിരക്ക് കൂട്ടിയത് അറിയാതെ കഴിഞ്ഞ ദിവസം 2000 രൂപ നല്‍കിയ രോഗിയുടെ കൂട്ടിരിപ്പുകാരനോട് തന്റെ റേറ്റ് ഇതല്ല എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

പണമില്ലെന്ന് അറിയിച്ചപ്പോള്‍ സംഘടിപ്പിച്ചുവരാനും പറഞ്ഞു. ഒ.പിയില്‍ വരുന്നവര്‍ക്ക് മരുന്ന് ടിക്കറ്റിൽ തന്നെ തന്റെ ഫോണ്‍നമ്പര്‍ കുറിച്ചുകൊടുക്കും. വീട്ടില്‍വന്ന് കാണാനും പറയും. ശസ്ത്രക്രിയ പടിയും വീട്ടില്‍ എത്തിക്കണമെന്നാണ് ഡോക്ടറുടെ ചിട്ട. ഈ ചിട്ടവട്ടങ്ങൾ ഒപ്പിച്ചുകൊടുത്താൽ അടുത്ത അനുയോജ്യ ദിവസം ശസ്ത്രക്രിയ നടക്കും. ആളും തരവും അനുസരിച്ച് പടിയുടെ നിരക്ക് പടിപടിയായി ഉയരുകയും താഴുകയും ഉയരുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adoor General Hospital
News Summary - Adoor General Hospital: If money is not in hand, the disease will not go away
Next Story