അടൂര്‍ കോടതി സമുച്ചയ നിർമാണം ഡിസംബര്‍ 30ന് മുമ്പ് പൂര്‍ത്തിയാക്കാൻ നിർദേശം
text_fieldsപത്തനംതിട്ട: അടൂര്‍ കോടതി സമുച്ചയത്തിന്റെ നിർമാണം ഡിസംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് സി.വി. ശാന്തകുമാര്‍ എം.എല്‍.എ പറഞ്ഞു. ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിലാണ് എം.എല്‍എയുടെ നിർദേശം. കെട്ടിടത്തിന്റെ അവശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
അടൂര്‍ പൊതുമരാമത്ത് കോംപ്ലക്‌സ്, റവന്യൂ കോംപ്ലക്‌സ് എന്നിവയുടെ നിർമാണം വേഗത്തിലാക്കണം. അടൂര്‍ - തുമ്പമണ്‍ - കോഴഞ്ചേരി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നവംബര്‍ ആദ്യവാരം തദ്ദേശ സ്ഥാപന പ്രതിനിധികള്‍, കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേരും. അടൂര്‍ നയനം തിയറ്ററിന് മുന്‍വശത്തുള്ള റോഡിന്റെ അറ്റകുറ്റപ്പണി നടത്തണം. ശബരിമല തീർഥാടനകാലം അടുത്തുവരുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ കുറക്കുന്നതിന് പൊലീസും ഗതാഗത വകുപ്പും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പ്രവൃത്തി ദീര്‍ഘകാലം നീളുന്ന സാഹചര്യമുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും എം.എല്‍.എ മുന്നറിയിപ്പ് നല്‍കി. പ്രമാടം പഞ്ചായത്തിന്റെ പ്രധാന ഭാഗമായ പൂങ്കാവ് ജംഗ്ഷനില്‍ ദിശാസൂചികയും ഡിവൈഡറും സ്ഥാപിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു.
അയിരൂര്‍ ജില്ല ആയുര്‍വേദ ആശുപത്രിയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമാണം ഉടന്‍ ആരംഭിക്കണമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല പറഞ്ഞു. ടി.കെ. റോഡിലെ ടാറിങ് പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ശബരിമല തീർഥാടന പാതകള്‍ മികച്ച നിലവാരത്തിലാണെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ കലക്ടര്‍ എ നിസാമുദ്ദീന്‍ നിർദേശം നല്‍കി. ജില്ല ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ എസ്. രഞ്ജിനി, എ.ഡി.എം ആര്‍. രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

