ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജിെൻറ ഭാഗമാക്കിയില്ലെങ്കില്‍ വിദ്യാര്‍ഥിപ്രവേശനം വൈകും –മന്ത്രി വീണാ ജോര്‍ജ്
text_fieldsപത്തനംതിട്ട: ജനറല്‍ ആശുപത്രിയെ കോന്നി മെഡിക്കല്‍ കോളജിെൻറ ഭാഗമായി അംഗീകരിച്ച് മുന്നോട്ടു പോയില്ലെങ്കില്‍ ഇനി മൂന്നുവര്‍ഷംകൂടി കഴിഞ്ഞേ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിപ്രവേശനം സാധ്യമാകൂവെന്ന് മന്ത്രി വീണാ ജോര്‍ജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കല്‍ കോളജിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തുന്ന കമീഷനു മുമ്പില്‍ മൂന്നുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന 300 കിടക്കകളുള്ള ആശുപത്രി കാട്ടിക്കൊടുക്കണം.
ഇത് മുന്നില്‍ക്കണ്ടാണ് 2015ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജിെൻറ ഭാഗമാക്കി യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജിെൻറ ഭാഗമാകുന്നതോടെ ഡോക്ടര്‍മാര്‍ ആരും കോന്നിയിലേക്ക് പോകേണ്ടിവരില്ല. ഇക്കാര്യത്തില്‍ കെ.ജി.എം.ഒ.എയുടെ ആശങ്കക്ക് അടിസ്ഥാനമില്ല.
ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പില്തന്നെ തുടരും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലേക്ക് മാറേണ്ടതില്ല. തസ്തികമാറ്റം സാങ്കേതികം മാത്രമാണ്. മെഡിക്കല്‍ കോളജിെൻറ ഭാഗമാകുന്നതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് അവിടെനിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും അടിയന്തരഘട്ടങ്ങളില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് 2015ലെ സാഹചര്യമല്ല നിലവിലുള്ളത്. 2015ല്‍ ഈ നടപടിയെ എല്‍.ഡി.എഫ് എതിർത്ത് സമരം ചെയ്തതിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. മെഡിക്കല്‍ കോളജിേൻറതായ സൗകര്യങ്ങള്‍ ഒന്നുമില്ലാതെ ജനറല്‍ ആശുപത്രി പേരുമാറ്റുന്നതിനെയാണ് അന്ന് എതിര്‍ത്തത്.
ഇന്നിപ്പോള്‍ മെഡിക്കല്‍ കോളജിെൻറ ആദ്യഘട്ടം പൂര്‍ത്തിയായി. ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷന് നടപടികളും പൂര്‍ത്തീകരിച്ചു. സാങ്കേതിക നടപടികളുടെ ഭാഗമായി ഇന്നിപ്പോള്‍ ജനറല്‍ ആശുപത്രിയിലെ 300 കിടക്കകള്‍കൂടി മെഡിക്കല്‍ കോളജ് ഐ.പി വിഭാഗത്തിെൻറ ഭാഗമാണെന്ന് കാണിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

