ആദിപമ്പ-വരട്ടാര്‍ ജലോത്സവം: കിഴക്കനോതറ-കുന്നേകാടും കോടിയാട്ടുകരയും ജേതാക്കള്‍
text_fieldsആദിപമ്പ-വരട്ടാര്‍ ജലോത്സവത്തില്‍ എ ബാച്ചില്‍ ജേതാക്കളായ കിഴക്കനോതറ-കുന്നേകാട് പള്ളിയോടത്തിനുള്ള സമ്മാനദാനം തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപന്‍ നിര്‍വഹിക്കുന്നു
പത്തനംതിട്ട: മൂന്നാം ആദിപമ്പ-വരട്ടാര്‍ ജലോത്സവത്തില്‍ എ ബാച്ചില്‍ കിഴക്കനോതറ-കുന്നേകാടും ബി ബാച്ചില്‍ കോടിയാട്ടുകര പള്ളിയോടവും ജേതാക്കളായി. ഓതറ, മംഗലം പള്ളിയോടങ്ങള്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ചതിന് എ ബാച്ചില്‍നിന്ന് കീഴ്വന്മഴിയും ബി ബാച്ചില്‍നിന്ന് പുതുക്കുളങ്ങരയും വിജയികളായി. ജേതാക്കള്‍ക്ക് സമ്മാന വിതരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപന്‍ നിര്‍വഹിച്ചു. ജനകീയമായി നടത്തിയ വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിെൻറ ഓര്‍മപുതുക്കലാണ് ജലോത്സവത്തിലൂടെ നടത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്‍റ് വിതരണവും വഞ്ചിപ്പാട്ട് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം നടന്ന ജലോത്സവത്തിെൻറ ഉദ്ഘാടന ചടങ്ങില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. ശശിധരന്‍പിള്ള അധ്യക്ഷതവഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും പള്ളിയോട സേവ സംഘം പ്രസിഡന്‍റ് കെ.എസ്. രാജനും ചേര്‍ന്ന് ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
പള്ളിയോടങ്ങളെ പ്രതിനിധീകരിച്ച് സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തില്‍ കോടിയാട്ടുകര ഒന്നാംസ്ഥാനവും കിഴക്കനോതറ-കുന്നേകാട് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ആദിപമ്പയില്‍ ചേന്നാത്ത് കടവ് മുതല്‍ പുതുക്കുളങ്ങ പടനിലം വരെയാണ് ജലോത്സവം നടന്നത്. ആദിപമ്പ-വരട്ടാര്‍ ജലോത്സവത്തില്‍ ഓതറ, കിഴക്കനോതറ-കുന്നേകാട്, ഇടനാട്, കീഴ്വന്മഴി എന്നീ എ ബാച്ചില്‍പ്പെട്ട നാല് പള്ളിയോടങ്ങളും പുതുക്കുളങ്ങര, മേപ്രം-തൈമറവുംകര, കോടിയാട്ടുകര, മംഗലം എന്നീ ബി ബാച്ചില്‍പെട്ട പള്ളിയോടങ്ങളും പങ്കെടുത്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാലി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ എല്‍സ തോമസ്, ഇരവിപേരൂര്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ജിന്‍സന്‍ വര്‍ഗീസ്, അമിത രാജേഷ്, ജിജി ജോണ്‍ മാത്യു, എന്‍.എസ്. രാജീവ്, വിനീഷ് കുമാര്‍, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, പ്രിയ വര്‍ഗീസ്, സതീഷ് വാളോത്തില്‍, ബിജി ബെന്നി, കെ.കെ. വിജയമ്മ, സുസ്മിത ബൈജു, ഷേര്‍ലി ജയിംസ്, ആര്‍. ജയശ്രീ, വി.എ. സൂരജ്, സാലി ജേക്കബ്, ചന്ദ്രന്‍പിള്ള ഓതറ, രാഹുല്‍രാജ്, ജി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.