മദ്യലഹരിയിൽ ആസിഡ് ആക്രമണം; യുവാവിന് ഗുരുതര പരിക്ക്, അമ്മാവൻ അറസ്റ്റിൽ
text_fieldsബിജു വർഗീസ്
പത്തനംതിട്ട: ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അമ്മാവനെ ഉടൻ അറസ്റ്റ് ചെയ്ത് ആറന്മുള പൊലീസ്. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ വർഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റലേറ്ററിലാണ്. സംഭവത്തിൽ അയൽവാസിയും അമ്മാവനുമായ പുതുപറമ്പിൽ വീട്ടിൽ ബിജു വർഗീസ് (55) പിടിയിലായി.
ഇയാൾക്കും അമ്മാവൻ ബിജു വർഗീസിനും കൂലിപ്പണിയാണ്. ഇരുവരും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ 10.30ഓടെ വാക്തർക്കമായി. ഇതിനിടെ ബിജു വർഗീസ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വർഗീസിന്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. കാഴ് നഷ്ടപ്പെട്ടു. വീട്ടുകാർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ആറന്മുള പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു കുപ്പി ആസിഡ് കണ്ടെത്തി.
മുമ്പും ബിജുവിന്റെ ഭാഗത്തുനിന്നും ആക്രമണം മകന് നേരിടേണ്ടിവന്നിട്ടുണ്ടെന്നു വർഗീസിന്റെ മാതാവ് ആലീസ് വർഗീസ് പൊലീസിനോട് പറഞ്ഞു. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ കല്ലേലിമുക്കിൽനിന്നാണ് ബിജു വർഗീസ് പിടിയിലായത്.
സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും, വിരലടയാള വിദഗ്ധരും പൊലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി. ആറന്മുള പൊലീസ് ഇൻസ്പെക്ടർ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
എസ്.ഐമാരായ വിഷ്ണു, പി. വിനോദ്, മധു, എ.എസ്.ഐമാരായ സലിം, ജ്യോതിസ്, സി.പി.ഒമാരായ പ്രദീപ്, വിഷ്ണു, സൽമാൻ, ഉണ്ണികൃഷ്ണൻ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

