16കാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വർഷം കഠിനതടവും
text_fieldsഫസിൽ
പത്തനംതിട്ട: പതിനാറുകാരിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷൽ കോടതി. ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കോഴിക്കോട് വളയനാട് മാങ്കാവ് കുളമ്പടന്ന കെ.സി ഹൗസിൽ ഫസിലാണ് (29) ശിക്ഷിക്കപ്പെട്ടത്.
പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പത്തനംതിട്ട പൊലീസ് 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ആഗസ്റ്റ് 28ന് വീട്ടിൽ നിന്ന് കുട്ടിയെ പ്രതി വിളിച്ചിറക്കി നിർബന്ധിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നു.
കൂടെ പോയില്ലെങ്കിൽ വണ്ടിക്ക് മുന്നിൽ ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ കടത്തിയത്. പത്തനംതിട്ട സ്വകാര്യബസ് സ്റ്റാന്റിൽ എത്തിയശേഷം കായംകുളം റെയിൽവേ സ്റ്റേഷനിലും അവിടെ നിന്ന് ട്രെയിനിൽ ചെന്നൈയിലും എത്തിക്കുകയായിരുന്നു. അവിടെ ഒരു ലോഡ്ജിലും പിന്നീട് വേറൊരു സ്ഥലത്ത് വീട്ടിലും താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
കാണാതായതിന് രജിസ്റ്റർ ചെയ്ത് ആരംഭിച്ച കേസ്, പിന്നീട് തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും അന്വേഷണം തുടർന്നു. അന്നത്തെ പത്തനംതിട്ട എസ്.ഐ ജ്യോതി സുധാകറാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും പ്രതിയെ പിടികൂടിയതും.
പിന്നീട് പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പോക്സോ നിയമത്തിലെ വകുപ്പുകൾ 6, 5(l) എന്നിവയനുസരിച്ചാണ് ജീവപര്യന്തം ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോകലിന് 10 വർഷത്തെ കഠിന തടവിനും ശിക്ഷിച്ചു. ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

