നാട്ടുകാർക്ക് തലവേദനയായ ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം തടവിലാക്കി
text_fieldsഅനൂപ്
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നാട്ടുകാർക്ക് നിരന്തരം ഭീതി സൃഷ്ടിക്കുകയും ചെയ്ത യുവാവിനെ കാപ്പ നിയമപ്രകാരം കൂടൽ പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടവിലാക്കി. കലഞ്ഞൂർ കഞ്ചോട് പുത്തൻ വീട്ടിൽ അനൂപിനെയാണ് (22) തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.
നിലവിൽ ഇയാൾ തിരുവനന്തപുരം സ്പെഷൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. 76കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചശേഷം രണ്ടുപവന്റെ സ്വർണമാല പൊട്ടിച്ചു കടന്നതിന് കൂടൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഒടുവിൽ അറസ്റ്റിലായത്. കലക്ടറുടെ കരുതൽ തടങ്കൽ ഉത്തരവ് ശനിയാഴ്ച കൂടൽ പോലീസ് ഇൻസ്പെക്ടർ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലെത്തി നടപ്പാക്കി.
ജില്ല പൊലീസ് മേധാവിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഈമാസം 17ലെ ഉത്തരവ് പ്രകാരമാണ് ഇയാളെ കരുതൽ തടങ്കലിലാക്കിയത്. 2020 മുതൽ ഇയാൾക്കെതിരെ എട്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അടിപിടി, വീട് കയറി ആക്രമണം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, സംഘം ചേർന്നുള്ള ആക്രമണം, കവർച്ച, സ്ത്രീകൾക്കെതിരായ ആക്രമണം, കഞ്ചാവ് കച്ചവടം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ചെയ്തുവരികയാണ് ഇയാൾ. ഉത്തരവ് നടപ്പാക്കിയ സംഘത്തിൽ പോലീസ് ഇൻസ്പെക്ടർക്കൊപ്പം സി.പി.ഒമാരായ അജേഷ്, ഹരി എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

