സമ്പൂര്‍ണ ശുചിത്വം: ജില്ലയിൽ സര്‍വേക്ക് 14ന് തുടക്കം
text_fieldsജില്ല ആസൂത്രണ സമിതിയുടെയും കിലയുടെയും നേതൃത്വത്തില്‍ ഹരിതസേനാംഗങ്ങള്‍ക്ക് നടത്തുന്ന ശുചിത്വ സര്‍വേ
പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ഈമാസം 14ന് തുടക്കമിടുന്ന ശുചിത്വ സര്‍വേയുടെ ലക്ഷ്യം സമ്പൂര്‍ണ ശുചിത്വമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്. ജില്ല പഞ്ചായത്തിന്റെ 'നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല' പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല ആസൂത്രണ സമിതിയുടെയും 'കില'യുടെയും നേതൃത്വത്തില്‍ ഹരിത സേനാംഗങ്ങള്‍ക്ക് നടത്തുന്ന ശുചിത്വ സര്‍വേ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2023 നവംബര്‍ ഒന്നിന് ജില്ലയെ സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് ജില്ല ഭരണകൂടം. ഇതിനായി പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര് ചെയര്‍മാനാകുന്ന ശുചിത്വ കൗണ്‍സില്‍ രൂപവത്കരിക്കാനും ശുചിത്വ കണ്‍വെന്‍ഷനുകൾ നടത്താനും യോഗം തീരുമാനിച്ചു.
ഒരു വാര്‍ഡില്‍ രണ്ട് ഹരിതസേനാംഗങ്ങള് നിര്‍ബന്ധമായും ഉണ്ടാകണമെന്നും വീടുകളില്‍ എത്തുന്ന ഇവര്‍ക്ക് യൂസര്‍ ഫീ കൃത്യമായി നല്കാന് വീട്ടുടമസ്ഥര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി തെഞ്ഞെടുക്കുമ്പോള്‍ സമ്പൂര്‍ണ ശുചിത്വത്തിന് സഹായകരമാകുന്നവ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈമാസം നാല് വരെയാണ് പരിശീലനം. ജില്ലയിലെ മൂന്നുലക്ഷത്തിലധികം വീടുകളിലും ഹരിതസേനാംഗങ്ങള് ശുചിത്വവുമായി ബന്ധപ്പെട്ട് നടത്തുന്ന വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റമെന്ന മൊബൈല്‍ ആപ്പിലൂടെയാണ് ശുചിത്വ സര്‍വേ. കെല്‍ട്രോണ്‍ ജീവനക്കാരായ ടി. ശിവന്, എസ്. സുജിത് എന്നിവരാണ് ഹരിതമിത്രം ആപ്പ് പരിശീലനാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നത്.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ്, നവകേരളം കര്‍മപദ്ധതി (രണ്ട്) ജില്ല കോഓഡിനേറ്റര്‍ ജി. അനില്‍കുമാര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്. മുരളീധരന് നായര്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

