മൃഗങ്ങളുടെ കടിയേറ്റത് 7209 പേർക്ക്; പ്രതിരോധ കുത്തിവെപ്പില്‍ ശ്രദ്ധിക്കണമെന്ന് -ഡി.എം.ഒ
text_fieldsപത്തനംതിട്ട: അതീവ ഗൗരവത്തോടെ കാണേണ്ട രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു.
ജില്ലയില്‍ ഈവര്‍ഷം ഇതുവരെ 7209 പേരും ജൂണിൽ മാത്രം 1261 പേരും വിവിധ മൃഗങ്ങളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്. പേവിഷബാധയുള്ള മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് രോഗമുണ്ടാകുന്നത്.
തലച്ചോറിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. 99 ശതമാനം പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കള്‍ മുഖേനയാണ്. വളര്‍ത്തുമൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ് എന്നീ വന്യമൃഗങ്ങളില്‍നിന്ന് പേവിഷബാധ ഉണ്ടാകാം. പേവിഷബാധ ഉണ്ടാകുന്ന 40 ശതമാനം ആളുകളും 15വയസ്സിന് താഴെ പ്രായമുള്ളവരാണ്.
ലക്ഷണങ്ങള്‍
തലവേദന, ക്ഷീണം, പനി, കടിയേറ്റ ഭാഗത്തുണ്ടാകുന്ന വേദനയും തരിപ്പും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ടുമുതല്‍ മൂന്നുമാസം വരെ എടുക്കും. ചിലപ്പോള്‍ അത് ഒരാഴ്ച മുതല്‍ ഒരുവര്‍ഷം വരെ ആകാം.
മൃഗങ്ങള്‍ നക്കുകയോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകട സാധ്യത 90 ശതമാനം വരെ കുറക്കും.എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ ചികിത്സ തേടണം. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാത്തുനില്‍ക്കരുത്.
പ്രതിരോധിക്കാം; ജാഗ്രതയോടെ
വളര്‍ത്ത് മൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പ് നല്‍കണം. നായ്ക്കള്‍ ജനിച്ച് മൂന്നാംമാസം കുത്തിവെപ്പ് നല്‍കുകയും അതിനുശേഷം എല്ലാവര്‍ഷവും ബൂസ്റ്റര്‍ ഡോസും നൽകണം.മൃഗങ്ങളോട് കരുതലോടെയാവണം ഇടപെടേണ്ടത്. ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്.
മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താല്‍ ആ വിവരം യഥാസമയം അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിക്കണം എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കണം.മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേവിഷബാധ മാരകമാണ്. കടിയേറ്റാല്‍ ഉടനെയും തുടര്‍ന്ന് മൂന്ന്, ഏഴ്, 28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവെപ്പ് എടുക്കണം. മൃഗങ്ങളുടെ കടിയേറ്റാല്‍ പരമ്പരാഗത ഒറ്റമൂലി ചികിത്സകള്‍ തേടരുത്. പ്രഥമ ശുശ്രൂഷയും എത്രയും വേഗം വാക്സിന് സ്വീകരിക്കുന്നതും വളരെ പ്രധാനമാണ്.
പേവിഷബാധക്കെതിരെയുള്ള ഐ.ഡി.ആര്.വി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണെന്നും മുറിവിനുചുറ്റും എടുക്കുന്ന ഇമ്യൂണോഗ്ലോബുലിന്‍ (എറിഗ് വാക്സിന്) ജില്ല ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, താലൂക്ക് ആശുപത്രി റാന്നി, താലൂക്ക് ആശുപത്രി തിരുവല്ല എന്നിവിടങ്ങളില്‍ സൗജന്യമായി ലഭ്യമാണെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.