തദ്ദേശ തെരഞ്ഞെടുപ്പ്; 469 പേർക്ക് മത്സരവിലക്ക്
text_fieldsപത്തനംതിട്ട: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ രംഗത്തുണ്ടായിരുന്ന 469 പേർക്ക് ഇത്തവണ മത്സരിക്കാനാകില്ല. തെരഞ്ഞെടുപ്പ് കണക്കുകൾ നൽകാത്ത ഇവരെ കമീഷൻ അയോഗ്യരാക്കി. ഇതിൽ പരിധിയിൽ കുടുതൽ തുക ചെലവഴിച്ചവരുമുണ്ട്. കഴിഞ്ഞ തവണ സ്വതന്ത്രരായി മത്സരിച്ചവരാണ് അയോഗ്യരാക്കപ്പെട്ടവരിൽ ഭൂരിഭാഗവും. ചെലവുകണക്ക് നൽകണമെന്നാവശ്യപ്പെട്ട് ഇവർക്ക് ആദ്യം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും കണക്ക് നൽകാത്തവർക്കെതിരെയാണ് നടപടി.
2023 മുതൽ 2025 ഫെബ്രുവരി വരെ വിവിധ കാലങ്ങളിലായാണ് ഇവരെ അയോഗ്യരാക്കിയത്. ഇവർക്ക് ഇക്കുറി മത്സരിക്കാനാകില്ല. ഇവർ ഇത്തവണ നാമനിർദേശപത്രിക നൽകിയാൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കും. ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ചിലരും ചെലവുകണക്കിന്റെ പേരിൽ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. 2011ആഗസ്റ്റിലാണ് ഇവരെ അയോഗ്യരാക്കിയത്. അഞ്ച് വർഷത്തേക്കാണ് അയോഗ്യത.
ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികൾ ബ്ലോക്ക് സെക്രട്ടറിക്കും ബ്ലോക്കിലെ സ്ഥാനാർഥികൾ ജില്ല പഞ്ചായത്ത് സെക്രട്ടറിക്കും കണക്ക് സമർപ്പിക്കണം. നഗരസഭ, ജില്ല പഞ്ചായത്ത് മത്സരാർഥികൾ ജില്ല കലക്ടർക്കാണ് കണക്ക് സമർപ്പിക്കേണ്ടത്. ഇതിന് നിശ്ചിത ഫോറമുണ്ട്. ഇത് പൂരിപ്പിച്ച് രേഖകൾ സഹിതം സമർപ്പിക്കണം.
ചെലവിന്റെ സ്വഭാവം, തീയതി, പണം കൈപ്പറ്റിയ ആളിന്റെ പേരും മേൽ വിലാസവും, വൗച്ചർ നമ്പർ, ബില്ല് തുടങ്ങിയവ സമർപ്പിക്കണം. സ്വതന്ത്രരായി മത്സരിച്ച പലരും പരാജയപ്പെടുന്നതോടെ കണക്ക് സമർപ്പിക്കാൻ മെനക്കെടാറില്ല. ബില്ലുകളുടെ ഒറിജിനൽ സൂക്ഷിക്കണമെന്ന നിർദ്ദേശവും പാലിക്കാറില്ല. എന്നാൽ, പാർട്ടി സ്ഥാനാർഥികളുടെ കണക്ക് സമർപ്പിക്കാൻ പരിശീലനം ലഭിച്ച പ്രവർത്തകരുണ്ട്. തുടർ വർഷങ്ങളിലും മത്സരിക്കണമെന്നുള്ളതിനാൽ ഇവർ കണക്കുകൾ കൃത്യമായി നൽകാറുണ്ട്. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലായി 7314 പേരെയും നഗരസഭ-കോർപറേഷനുകളിലായി 1702 പേരെയുമാണ് കമീഷൻ അയോഗ്യരാക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ഫലം വന്ന് 30 ദിവസത്തിനകം കണക്ക് സമർപ്പിക്കണമെന്നാണ് നിയമം. ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പൽ വാർഡുകളിൽ മത്സരിക്കുന്നവർക്ക് യഥാക്രമം 25000, 75000,1,50,000,75000 രൂപയാണ് ചെലവ് പരിധി. ഈ തുകയിൽ അധികം ചെലവഴിച്ചതായി കണ്ടെത്തിയാൽ അയോഗ്യരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

