2016ൽ കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ചുണ്ടായ അപകടം; 3.68 കോടി നഷ്ടപരിഹാരം അനുവദിച്ച് കോടതി
text_fieldsപത്തനംതിട്ട: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിക്കുകയും ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 3.68 കോടി നഷ്ടപരിഹാരം അനുവദിച്ച് ഹൈകോടതി ഉത്തരവ്. നേരത്തേ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധി അംഗീകരിച്ച ഹൈകോടതി പൊലീസ് തയാറാക്കിയ കുറ്റപത്രം തള്ളുകയും ചെയ്തു.
2016 മാർച്ച് 27ന് രാവിലെ 9.20നു എംസി റോഡിൽ പന്തളം ചിത്ര ആശുപത്രിക്കു സമീപം കെ.എസ്.ആർ.ടി.സിയുടെ നെടുമങ്ങാട്-പാലക്കാട് സൂപ്പർഫാസ്റ്റ് ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചെങ്ങന്നൂർ പെണ്ണുക്കര മണ്ണിൽ പ്രദീപ് (41) മരിക്കുകയും ഭാര്യ സോണിക്ക് (34) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. എതിർദിശയിൽ വന്ന കാറിൽ അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പന്തളം പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഒന്നാം പ്രതിയും പ്രദീപിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസെടുത്തത്.
ബസിലെ യാത്രക്കാരിലൊരാളും നെടുമങ്ങാട് സ്റ്റേഷൻ മാനേജറും വിചാരണ വേളയിൽ നൽകിയ മൊഴികൾ നിർണായക വഴിത്തിരിവാകുകയും ബസിന്റെ അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന നിഗമനത്തിലേക്ക് കോടതി എത്തുകയും ചെയ്തു. മരിച്ച പ്രദീപിനെ കുറ്റക്കാരനാക്കിയാണ് കെ.എസ്.ആർ.ടി.സിയും ഇൻഷുറൻസ് കമ്പനിയും വാദം നടത്തിയത്. എന്നാൽ, പൊലീസ് സമർപ്പിച്ച കുറ്റപത്രം തള്ളിയ കോടതി കെ.എസ്.ആർ.ടി.സിയും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരം നൽകണമെന്നു വിധിക്കുകയായിരുന്നു.
വിചാരണക്കോടതി ഭാര്യ സോണിക്കുണ്ടായ പരിക്കുമായി ബന്ധപ്പെട്ട് അനുവദിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഹൈകോടതി കണ്ടെത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ജീവിതകാലം മുഴുവൻ രണ്ട് ശുശ്രൂഷകരുടെ ആവശ്യം ഇവർക്കുണ്ടാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അനുവദിച്ച തുക ഉൾപ്പെടെ 74.50 ലക്ഷം രൂപ അനുവദിച്ചു.
ഇരു കോടതികളും കൂടി അനുവദിച്ച നഷ്ടപരിഹാരം പ്രദീപ് മരിച്ച കേസിൽ 1,21,81,665 രൂപയും ഭാര്യ സോണി പ്രദീപിനുണ്ടായ പരിക്കുമായി ബന്ധപ്പെട്ട് 2,36,92,307 രൂപയും കെട്ടിവെക്കാനാണ് ഇൻഷ്വറൻസ് കമ്പനിയ്ക്കു നൽകിയിരിക്കുന്ന ഉത്തരവ്. ഹരജിക്കാർക്കുവേണ്ടി അഭിഭാഷകരായ മാത്യു ജോർജ്, എ.എൻ. സന്തോഷ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

