പരമ്പരാഗത കാനനപാത; വനത്തിൽനിന്ന് പുറത്താക്കിയത് 2,400 കിലോ പ്ലാസ്റ്റിക് മാലിന്യം
text_fieldsപ്രതീകാത്മക ചിത്രം
ശബരിമല: മണ്ഡല മകരവിളക്കിന്റെ ഭാഗമായി അഴുതക്കടവ്-പമ്പ കാനനപാതയിലൂടെ 4,74,423 അയ്യപ്പഭക്തരും സത്രം പുല്ലുമേട് പാത വഴി 1,96,243 ഭക്തരും ശബരിമലയില്‍ ദര്‍ശനം നടത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വിലുള്‍പ്പെടുന്ന 34.35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാനനപാതയില്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പ് 336 ജീവനക്കാരെയും 130ഓളം ഇക്കോ ഗാര്‍ഡുകളെയും നിയോഗിച്ചിരുന്നു. വകുപ്പിന്റെ നേതൃത്വത്തിൽ വനത്തിനുള്ളിലേക്ക് പ്ലാസ്റ്റിക് മാലിന്യം എത്തുന്നത് നിയന്ത്രിക്കുന്നതിനായി അഴുതക്കടവിലും പമ്പയിലും പ്രത്യേക പ്ലാസ്റ്റിക് പരിശോധന കൗണ്ടറുകളും സ്ഥാപിച്ചിരുന്നു.
ഇവിടെ നടത്തിയ പരിശോധനകളിൽ 2,400 കിലോ പ്ലാസ്റ്റിക് മാലിന്യവും 20 കിലോ ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പത്തനംതിട്ട ജില്ല ശുചിത്വ മിഷന് കൈമാറി. പ്രത്യേക പരിശീലനം ലഭിച്ച സ്നേക്ക് റെസ്ക്യൂ ടീമുകളും ഇക്കോ ഗാര്‍ഡുകളും പാതയിലുടനീളം സജീവമായി നിലയുറപ്പിച്ചതോടെ മനുഷ്യ- വന്യജീവി സംഘര്‍ഷം പൂര്‍ണമായും ഒഴിവാക്കാനായതായും വനംവകുപ്പ് അറിയിച്ചു. സീസണ് മുന്നോടിയായി സുരക്ഷയുടെ ഭാഗമായി പമ്പ പ്രദേശത്തുനിന്ന് 61 കാട്ടുപന്നികളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്ത് മാറ്റിപ്പാര്‍പ്പിച്ചു. പമ്പ- ശബരിമല മേഖലകളില്‍ നിന്ന് 232 സ്നേക്ക് റെസ്ക്യൂ നടത്തി.
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കാനനപാതയില്‍ അഞ്ച് അടിയന്തര മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവിച്ച 233 അയ്യപ്പഭക്തരെ സ്ട്രെച്ചറില്‍ ചുമന്ന് ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. മകരവിളക്ക് കാലയളവില്‍ വലിയാനവട്ടത്ത് വനംവകുപ്പ് സജ്ജീകരിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ 9,000 ഭക്തര്‍ക്ക് ചികിത്സ നല്കി.
പമ്പ- ശബരിമല പാതയില്‍ പ്രവര്‍ത്തിച്ച ആംബുലന്‍സ് സര്‍വിസ് അടിയന്തര സാഹചര്യങ്ങളില്‍ ജീവന് രക്ഷിക്കാന്‍ നിര്‍ണായകമായി. അഴുതക്കടവ് മുതല്‍ പമ്പ വരെ 18.350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാനനപാതയില്‍ എട്ട് സാപ്പ് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 176 സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു. ഇവിടങ്ങളില്‍ വിശ്രമ സൗകര്യങ്ങള്‍, ഭക്ഷണം, ടോയ്ലറ്റ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കി. എട്ട് താവളങ്ങളിലും സോളാര്‍ പവര്‍ ഫെന്‍സിങ് സ്ഥാപിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കി.
കാനനപാതകളിലും ശബരിമലയിലുമായി നടക്കുന്ന പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും സജ്ജമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

