വീട്ടമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
text_fieldsപത്തനംതിട്ട: വീട്ടമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 20 വർഷവും ഒരുമാസവും കഠിനതടവും 55500 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി മൂന്ന്. കോന്നി അരുവാപ്പുലം മുതുപേഴുങ്കൽ മുറ്റാക്കുഴി നടുവിലെ തറ വീട്ടിൽ കുട്ടനെന്ന അജയകുമാറിനെയാണ് (50)ജഡ്ജി ഡോ. പി.കെ. ജയകൃഷ്ണൻ ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. ബിന്നി ഹാജരായി. വധശ്രമത്തിന് 10 വർഷവും, കഠിനദേഹോപദ്രവം ഏൽപ്പിച്ചതിന് ഏഴ് വർഷവും, ദേഹോപദ്രവത്തിന് മൂന്ന് വർഷവും, കുറ്റകരമായി അതിക്രമിച്ചുകടന്നതിന് ഒരു മാസവും എന്നിങ്ങനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസവും ഏഴ് ദിവസവും വെറും തടവ് അനുഭവിക്കണം. 2018 മേയ് 20ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.
പ്രതിയുടെ അയൽവാസിയായ വിനോദിനിയെയാണ് (58) വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി വെട്ടുകത്തികൊണ്ട് തലയിലും പിൻ കഴുത്തിലും ഇടതു കൈക്കും മുഖത്തും ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചത്. ഇയാൾ മദ്യപിച്ചു വന്ന് സ്ഥിരമായി അസഭ്യം പറയുന്നതിനെതിരെ കോന്നി പൊലീസിൽ വീട്ടമ്മ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് പിന്നിൽ. അന്ന് കോന്നി പൊലീസ് ഇൻസ്പെക്ടറായിരുന്ന എസ്. അഷാദാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

