ജില്ലയിൽ കാറ്റിലും മഴയിലും തകർന്നത് 122 വീടുകൾ
text_fieldsകനത്ത മഴയെതുടർന്ന് നിറഞ്ഞൊഴുകുന്ന അച്ചന്‍കോവിലാര്‍. പത്തനംതിട്ട തുമ്പമണ്‍ അമ്പലക്കടവില്‍ നിന്നുള്ള ദൃശ്യം
പത്തനംതിട്ട: കനത്ത മഴക്ക് ബുധനാഴ്ച ശമനമുണ്ടായെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് വ്യാപകനാശം. നാലുദിവസത്തിനിടെ കാറ്റിലും മഴയിലും ജില്ലയിൽ 122 വീടുകൾ തകർന്നു. ഏറ്റവും കൂടുതൽ നാശം തിരുവല്ല താലൂക്കിലാണ്. ഇവിടെ 37 വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായി.
കുറവ് കോഴഞ്ചേരി താലൂക്കിലാണ്- ഏട്ട്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള റവന്യൂവകുപ്പിന്റെ കണക്കാണിത്. ഞായറാഴ്ച ഒരുവീട് പൂർണമായും 17 വീടുകൾ ഭാഗികമായും തകർന്നു. തിങ്കൾ-50, ചൊവ്വ-44, ബുധൻ- 10 എന്നിങ്ങനെയാണ് വിവിധ ദിവസങ്ങളിലെ കണക്ക്. അടുത്ത ദിവസങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തും.
മരം കടപുഴകിയാണ് കൂടുതൽ വീടുകൾക്ക് നാശമുണ്ടായത്. പല വീടുകളുടെയും മേൽക്കൂര പൂർണമായി തകർന്നു. റബർ, തേക്ക് എന്നിവ വ്യാപകമായി നിലം പൊത്തി.
മഴക്കൊപ്പമെത്തിയ കാറ്റാണ് വില്ലനായത്. മരങ്ങളുടെ ശിഖരങ്ങളും വ്യാപകമായി ഒടിഞ്ഞുവീണു. തിരുവല്ല കുറ്റപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് കഴിഞ്ഞദിവസം മരം വീണിരുന്നു. സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ഉടനായിരുന്നു സംഭവം. വേഗത കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
കാർഷികമേഖലയിലും മഴ വലിയ നാശം വിതച്ചു. വൈദ്യുതി കമ്പികൾ പൊട്ടിയും പോസ്റ്റുകൾ ഒടിഞ്ഞും കെ.എസ്.ഇ.ബിക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മണിക്കൂറോളം പലയിടങ്ങളിലും വൈദ്യുതിയും തടസ്സപ്പെട്ടു.അതേസമയം, ബുധനാഴ്ച ഏറെക്കുറെ മഴ മാറിനിന്നു. ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, ളാഹ തുടങ്ങിയ പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ മാത്രമാണ് പെയ്തത്.എന്നാൽ, നദികളിൽ ജലനിരപ്പ് കാര്യമായ തോതിൽ കുറഞ്ഞിട്ടില്ല.
കെ.എസ്.ഇ.ബിക്ക് 36.80 ലക്ഷത്തിന്റെ നഷ്ടം
പത്തനംതിട്ട: ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ മൂന്ന് കെ.എസ്.ഇ.ബി സെക്ഷനുകളിലായി 36.80 ലക്ഷത്തിന്റെ നഷ്ടം. പത്തനംതിട്ട സെക്ഷന്‍ കീഴിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് (18.61 ലക്ഷം). മരങ്ങള്‍ വീണ് 48 ഹൈടെന്‍ഷന്‍ പോസ്റ്റും 393 ലോ ടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 356 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

