പോളിങ് സാമഗ്രികളുടെ വിതരണത്തിന് 12 കേന്ദ്രങ്ങൾ
text_fieldsപത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടുയന്ത്രങ്ങളുടെയും തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം തിങ്കളാഴ്ച നടക്കും. ജില്ലയില്‍ 12 വിതരണ കേന്ദ്രങ്ങളാണുള്ളത്. രാവിലെ ഒമ്പതിന് വിതരണം ആരംഭിക്കും. പഞ്ചായത്തുകളില്‍ ബ്ലോക്ക്തലത്തിലും മുനിസിപ്പാലിറ്റിയില്‍ അതത് സ്ഥാപനതലത്തിലുമാണ് വിതരണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു.
വിതരണ കേന്ദ്രങ്ങളില്‍ കുടിവെള്ളം, ഭക്ഷണം, ചികിത്സ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകാനുള്ള വാഹന സൗകര്യം എന്നിവ എര്‍പ്പെടുത്തിയിട്ടുണ്ട്. വിതരണ- സ്വീകരണ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. ജില്ലയിൽ പോളിങ് ഡ്യൂട്ടിക്കായി 1474 പ്രിസൈഡിങ് ഓഫിസര്‍മാര്‍, 1474 ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍, 2948 പോളിങ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
പോളിങ് ബൂത്തിലേക്കും വോട്ടെടുപ്പിനുശേഷം സ്വീകരണ കേന്ദ്രത്തിലേക്കും പോളിങ് ടീമിനെ എത്തിക്കാൻ വാഹനം സജ്ജമാക്കിയിട്ടുണ്ട്. ഓരോ വാഹനത്തിലും റൂട്ട് ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. വോട്ടെടുപ്പിനായി ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തീകരിച്ച 2210 കണ്ട്രോള് യൂനിറ്റും 6250 ബാലറ്റ് യൂനിറ്റും സജ്ജീകരിച്ചിട്ടുണ്ട്.
വോട്ടുയന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്തിട്ടുമുണ്ട്. ജില്ലയില്‍ 1225 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നാല് നഗരസഭകളിലായി 137ഉം എട്ട് ബ്ലോക്കുകളിലായി 1088 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. ഇതിൽ 17 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിതരണം ചെയ്യുന്നത് തീപ്പെട്ടി മുതൽ വെള്ളച്ചരട് വരെ
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിനായി പോളിങ് സ്റ്റേഷനുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുന്നത് തീപ്പെട്ടി മുതൽ ഡിറ്റാച്ചബിൾ മെമ്മറി മൊഡ്യൂൾ വരെയുള്ള വൈവിധ്യമുള്ള വസ്തുക്കൾ.
പ്രധാന സാമഗ്രികൾ ഇവ
- വോട്ടർമാരുടെ എണ്ണവും വിവരങ്ങളും അടങ്ങിയ 21 എ ഫോമുകൾ
- യന്ത്രങ്ങളുടെ മുദ്രണത്തിന് ഉപയോഗിക്കുന്ന വെള്ളച്ചരട്
- തപാൽ വോട്ടർമാരുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച മാർക്ക്ഡ് വോട്ടർപ്പട്ടിക
- വോട്ടർപ്പട്ടികയിൽ അടയാളം ചെയ്യാൻ ചുവന്ന മഷിയുള്ള പേന
- വോട്ടുയന്ത്രത്തിന് തകരാർ സംഭവിച്ചാൽ വിവരങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്ന ഡിറ്റാച്ചബിൾ മെമ്മറി മൊഡ്യൂൾ
- പോളിങ് ബൂത്തിൽ വൈദ്യുതി തടസ്സം നേരിട്ടാൽ ഉപയോഗിക്കാനുള്ള മെഴുകുതിരിയും തീപ്പെട്ടിയും
- പ്രിസൈഡിങ് ഓഫിസർമാർ മെഴുക് ഉപയോഗിച്ച് സീൽ ചെയ്യുമ്പോൾ ഉരുകിയ സീലിങ് മെഴുകിൽ പതിപ്പിക്കുന്ന മെറ്റൽ സീൽ
- ഉത്തരവുകൾ, നോട്ടീസുകൾ എന്നിവയിൽ മുദ്രണം ചെയ്യാൻ ഉപയോഗിക്കുന്ന റബർ സീലുകൾ
- ബാലറ്റ് യൂനിറ്റും കൺട്രോൾ യൂനിറ്റും സീൽ ചെയ്യാൻ ഉപയോഗിക്കുന്ന പിങ്ക് പേപ്പർ സീൽ
- മോക് പോൾ നടത്തിയതിനു ശേഷം വോട്ടുയന്ത്രങ്ങൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രീൻ പേപ്പർ സീൽ
- സ്ട്രിപ് പേപ്പർ സീൽ, പ്രിസൈഡിങ് ഓഫിസർമാർക്ക് വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിവരിക്കുന്ന കൈപ്പുസ്തകം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

