ഉടമകളെ കാത്ത് 111.82 കോടി
text_fieldsപത്തനംതിട്ട: ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ 111.82 കോടി. വിവിധ ബാങ്കുകളിലെ 4,07,747 അക്കൗണ്ടുകളിലായാണ് ആരോരുമില്ലാതെ ഇത്ര നിക്ഷേപമുള്ളത്. ദേശസാത്കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും 10 വർഷത്തിനു മുകളിലായി അവകാശവാദം ഉന്നയിക്കാതെ കിടക്കുന്ന തുകയാണിത്.
ഈ പണം അവകാശികൾക്കോ ബന്ധപ്പെട്ടവർക്കോ കൈമാറാൻ ജില്ല ലീഡ് ബാങ്ക് നവംബർ മൂന്നിന് രാവിലെ 9.30 മുതൽ പത്തനംതിട്ട അബാൻ ആർക്കേഡിന്റെ നാലാം നിലയിൽ ക്യാമ്പ് നടത്തും. പ്രധാന ബാങ്കുകളുടെ പ്രതിനിധികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
രാജ്യവ്യാപകമായി നടത്തുന്ന ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ കാമ്പയിന്‍റെ ഭാഗമായിട്ടാണ് ജില്ലയിലും ക്യാമ്പ് നടത്തുന്നത്. അനാഥമായി കിടക്കുന്ന തുകയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും പണം അവകാശികളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് കാമ്പയിൻ.
നിക്ഷേപകർ മരിക്കുകയോ വിദേശത്തായിരിക്കുകയോ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ അക്കൗണ്ടുകളിൽ ഇടപാടുകളില്ലാതെ വരാറുണ്ട്. നിക്ഷേപകൻ അക്കൗണ്ടിനെക്കുറിച്ച് പറയാത്തതുമൂലവും മറ്റു കാരണങ്ങൾകൊണ്ടും അനന്തരാവകാശികൾക്കും പലപ്പോഴും ഇതേക്കുറിച്ച് അറിയാതെ വരാം.
ഇങ്ങനെ 10 വർഷത്തിലേറെയായി ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്തതായി പരിഗണിക്കുക. ഇതുവരെ ക്ലെയിം ചെയ്യപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുകകൾ, ഡിവിഡന്റുകൾ, മ്യൂച്വൽ ഫണ്ട് യൂനിറ്റുകൾ, പെൻഷൻ ബാലൻസുകൾ തുടങ്ങിയവയാണ് ഇത്തരത്തിലുള്ളവയിൽ ഏറെയും.
രേഖകളിൽ കൃത്യമായ വിവരങ്ങളുള്ള അക്കൗണ്ട് ഉടമകൾക്കും ബന്ധപ്പെട്ടവർക്കും അതത് ബാങ്ക് അധികൃതർ മുഖേന നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് കിട്ടിയവർക്ക് ക്യാമ്പിലെത്തി നടപടി പൂർത്തിയാക്കാം. അല്ലാത്തവർക്ക് സാധുവായ തിരിച്ചറിയൽ രേഖകളും അനുബന്ധരേഖകളും സഹിതം ക്യാമ്പിൽ പങ്കെടുത്ത് സംശയനിവാരണം നടത്താൻ കഴിയുമെന്ന് ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

