Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:42 AM IST Updated On
date_range 7 Aug 2022 12:42 AM ISTആരോഗ്യകരമാകാതെ ആതുരാലയങ്ങൾ - പരമ്പര 7
text_fieldsbookmark_border
'ഐ.സി.യു'വിലാണ് ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം അടൂർ: 'തീവ്രപരിചരണ ചികിത്സ' വേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിന്. കോന്നി നിയമസഭ നിയോജകമണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ചുമതലയിലാണ് ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കായംകുളം-പത്തനാപുരം സംസ്ഥാനപാതയുടെ ഓരത്ത് അടൂര്‍ ജനറല്‍ ആശുപത്രിക്കും കൊല്ലം ജില്ലയിലെ പത്തനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമിടക്ക് 18 കിലോമീറ്ററിനിടയിലെ ഏക സര്‍ക്കാര്‍ ആതുരാലയമാണിത്. ഇതിനിടയില്‍ വൈകീട്ട് അഞ്ച് കഴിഞ്ഞാല്‍ വാഹനാപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലുംപെടുന്നവരെ കിലോമീറ്ററുകള്‍ താണ്ടി അടൂരിലോ പത്തനാപുരത്തോ എത്തിക്കണം. കൂടല്‍, ചന്ദനപ്പള്ളി, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളും അടൂര്‍ ജനറല്‍ ആശുപത്രിയും 10 ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും ഏനാദിമംഗലം സാമൂഹികാരോഗ്യ പരിധിയിലാണ്. ആകെ 65 ജീവനക്കാര്‍ എല്ലാ വിഭാഗങ്ങളിലുമായുണ്ട്. പഴയ കെട്ടിടങ്ങള്‍ ശോച്യാവസ്ഥയിലാണ്. ശുചിമുറികള്‍ ഉപയോഗയോഗ്യമല്ല. പഴയ ക്വാർട്ടേഴ്‌സുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കിയെങ്കിലും വനിത ഹെൽത്ത് സൂപ്പർവൈസറുടെ ക്വാർട്ടേഴ്‌സ് ചോർന്നൊലിക്കുന്ന നിലയിലാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ആകെ 12 കിടക്കകളോടെയുള്ള കിടത്തിച്ചികിത്സ വിഭാഗമുണ്ടെങ്കിലും രാത്രി ഡോക്ടർ ഇല്ലാത്തതിനാൽ അത്യാഹിത വിഭാഗംപോലും പ്രവർത്തിക്കുന്നില്ല. തുടർച്ചയായി കുത്തിവെപ്പ് ആവശ്യമായ ഒന്നോ രണ്ടോ രോഗികൾ മാത്രമാണ് കിടത്തിച്ചികിത്സ വിഭാഗത്തിൽ കാണാറ്. അഡ്മിറ്റാകുന്ന രോഗികൾ സ്വന്തം ഇഷ്ടപ്രകാരം പോകുകയാണെന്ന് എഴുതിവെച്ച് വീട്ടിൽ പോയി രാവിലെ കുത്തിവെപ്പു സമയത്തിന് വരുകയാണ് ചെയ്യാറ്. ഭക്ഷണത്തിന്റെയും മറ്റും അപര്യാപ്തതയാണ് ഡോക്ടർമാരും രോഗികളും ഇവിടെ രാത്രി തങ്ങാൻ ഇഷ്ടപ്പെടാത്തതെന്ന് പറയുന്നു. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ ഏഴ് ഡോക്ടർമാരുണ്ട്. സർജൻ അവധിയിലാണ്. അസ്ഥിരോഗ ചികിത്സ വിദഗ്ധനും ഫിസിഷ്യനും ഉണ്ട്. മറ്റുള്ളവർ അസിസ്റ്റന്റ് സർജൻമാരാണ്. മെഡിക്കൽ ഓഫിസർ സിവിൽ സർജനായതിനാൽ ഒ.പിയിൽ രോഗികളെ പരിശോധിക്കില്ല. ഇവർ കോട്ടയം ജില്ലക്കാരിയാണ്. ഒ.പി സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറു വരെ കോവിഡ്ബാധക്കു മുമ്പ് ദീർഘിപ്പിച്ചെങ്കിലും പിന്നീട് മുടങ്ങിയിരുന്നു. ഒരാഴ്ച മുമ്പ് വൈകീട്ട് അഞ്ചു വരെയാക്കി ഒ.പി. എന്നാൽ, ഇതേക്കുറിച്ച് അധികമാർക്കും അറിയില്ല. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകാത്തത് നേരത്തേ സ്ഥലംവിടാം എന്ന ഉദ്ദേശ്യത്തിലാണെന്ന് ആരോപണമുണ്ട്. വൈകീട്ട് ആറുവരെയാണ് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി. ശനിയും ഞായറും അവധി ദിവസങ്ങളിലും ഉച്ചവരെയേ ഡോക്ടർ ഉണ്ടാകൂ. ----------------------------- * രോഗികളുണ്ട്, ജീവനക്കാർ കുറവ്; താളംതെറ്റി ഓഫിസ് പ്രവർത്തനം ദിനംപ്രതി ശരാശരി 300 രോഗികൾ ഇവിടെ ചികിത്സക്ക് എത്തുന്നുണ്ട്. ഡോക്ടർമാരും ജീവനക്കാരും മിക്കവരും വളരെ ദൂരെ മറ്റു ജില്ലകളിൽനിന്ന് വന്നുപോകുന്നതിനാലും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുടെ കുറവുമാണ് ഒ.പി സമയം പരിമിതപ്പെടുത്താൻ കാരണമത്രെ. ഇവർ അവധിയെടുത്താൽ ആകെ കുളമാകും. ഒരുമാസമായി ഓഫിസിന്റെ പ്രവർത്തനം അവതാളത്തിലാണ്. ഒരു ഹെഡ്ക്ലർക്ക് മാത്രമാണുള്ളത്. രണ്ടു ക്ലർക്കുമാരെ വർക്കിങ് അറേഞ്ച്‌മെന്റിൽ അടൂരും പത്തനംതിട്ടയിലും ജനറൽ ആശുപത്രികളിലേക്ക് അയച്ചു. ഒരാൾ ദീര്‍ഘകാല അവധിയിലാണ്. കൊല്ലം ജില്ലക്കാരനായ ഹെഡ്ക്ലര്‍ക്ക് എത്തിവേണം ഓഫിസ് തുറക്കാനും ജോലികൾ ചെയ്യാനും. ഇദ്ദേഹം അവധിയെടുത്താൽ അന്ന് ഓഫിസ് പ്രവർത്തനമില്ല. പലതവണ ഇതുസംബന്ധിച്ച് ഡി.എം.ഒക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകിയെങ്കിലും ഒരു പരിഹാരവുമില്ല. ഓഫിസ് പ്രവർത്തനമില്ലാതായതോടെ മരുന്നു വാങ്ങൽ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങൾ താളംതെറ്റി. രണ്ട് ഹെഡ് നഴ്‌സ് ഉള്‍പ്പെടെ 10 സ്റ്റാഫ് നഴ്‌സും രണ്ട് നഴ്‌സിങ് അസിസ്റ്റന്റും ആണുള്ളത്. സെക്കൻഡ് ഗ്രേഡ് ജീവനക്കാർ ആവശ്യത്തിനില്ല. ഫാര്‍മസിസ്റ്റ് ഒരാൾ മാത്രമേയുള്ളൂ. പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് ഒരാളെ നിയമിച്ചെങ്കിലും അയാൾ പത്തനംതിട്ടയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഫാർമസിസ്റ്റ് അവധിയെടുത്താൽ മരുന്ന് വിതരണം തടസ്സപ്പെടും. ഹെല്‍ത്ത് സൂപ്പര്‍വൈസർ സഥലംമാറി പോയിട്ട് ഒരുമാസം കഴിഞ്ഞിട്ടും പകരം ആളെത്തിയില്ല. ലബോറട്ടറിയുടെ പ്രവര്‍ത്തനമാണ് കാര്യക്ഷമമായിട്ടുള്ളത്. രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ പ്രവര്‍ത്തിക്കുന്നു. *എക്‌സ്‌റേ യന്ത്രമുണ്ട്; പ്രവര്‍ത്തിക്കില്ല ആറു മാസത്തിലേറെയായി എക്‌സ്‌റേ വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. എക്‌സ്‌റേ യന്ത്രം ഘടിപ്പിച്ചിരിക്കുന്നയിടത്തെ വൈദ്യുതിബന്ധത്തിലെ അപാകതകളാണ് യന്ത്രം പ്രവര്‍ത്തിപ്പിക്കാൻ കഴിയാത്തതിനു കാരണം. പൊതുമരാമത്ത് മാവേലിക്കര ഇലക്ട്രിക്കല്‍ ഡിവിഷനില്‍ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. എക്‌സ്‌റേ ടെക്‌നീഷ്യന്‍ ദിവസവും ആശുപത്രിയിലെത്തി ഹാജരുവെച്ച് പോകുകയാണ് പതിവ്. ഇവിടെ അസ്ഥിരോഗ ചികിത്സ വിദഗ്ധനെ കാണാന്‍ എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍ നിർദേശിക്കുന്നതനുസരിച്ച് അടൂരോ പത്തനാപുരത്തോ പോയി എക്‌സ്‌റേ എടുത്ത് തിരിച്ചുവരുമ്പോഴേക്കും ഒ.പി സമയം കഴിഞ്ഞിരിക്കും. ഓരോ ദിവസവും ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാർ ആരാണെന്നത് മുന്‍കൂട്ടി രോഗികളെ അറിയിക്കാനുള്ള സംവിധാനം ഇവിടെയില്ല. ആശുപത്രിയിൽ ടെലിഫോൺ സൗകര്യമില്ല. ആശുപത്രിയിലും പരിസരത്തും ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ ഒരു കമ്പനിയുടെയും മൊബൈല്‍ സിഗ്നല്‍ ലഭ്യമല്ല. ഓഫിസിലെ വൈഫൈക്കും സിഗ്നല്‍ കുറവായതിനാല്‍ വിവിധ വിഭാഗങ്ങളിലെ കമ്പ്യൂട്ടര്‍ ജോലികള്‍ താളംതെറ്റി. കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനും വൈഫൈ ലഭ്യതയില്ലായ്മ തടസ്സമാകുന്നു. രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സില്ല. മുന്‍ മന്ത്രിസഭ കാലത്ത് 108 ആംബുലന്‍സ് അനുവദിച്ചത് കോവിഡ് കാലത്ത് അടൂരിലേക്കു മാറ്റിയിരുന്നു. പിന്നീടിത് തിരികെയെത്തിയില്ല. ആന്റോ ആന്റണി എം.പിയുടെ ഫണ്ടില്‍നിന്ന് അനുവദിച്ച ചെറിയ രണ്ട് ആംബുലന്‍സുകള്‍ പാലിയേറ്റിവ് കെയറിനു മാത്രമായി ഉപയോഗിക്കുന്നു. -അന്‍വര്‍ എം. സാദത്ത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story