Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'കാടും നാടുമല്ലാതെ...

'കാടും നാടുമല്ലാതെ പൊന്തൻപുഴ' പരമ്പര - 1

text_fields
bookmark_border
ചരിത്രവും വർത്തമാനവും ഇഴചേർന്ന കുരുക്കുകളിലാണ്​ പൊന്തൻപുഴ നിവാസികളുടെ ജീവിതം. ഇവിടെ സംരക്ഷിത വനം സ്വകാര്യ വ്യക്തികളുടെ കൈയിലാണ്​. ജനവാസമേഖല,​ വനമെന്ന്​ വനംവകുപ്പ്​ വാദിക്കുന്നു. ഈ വിരോധാഭാസത്തിന്​ കാരണം വനംവകുപ്പിന്‍റെ നടപടികളാണ്​. ഇപ്പോൾ കാടേത്?​ നാടേത്?​ എന്ന ചോദ്യമാണ്​ ഉയരുന്നത്​. ഇതിന്​ ഉത്തരം നൽകാൻ വനം-റവന്യൂ അധികൃതർക്ക്​ കഴിയുന്നില്ല. ഇരു വകുപ്പുകളും പരസ്പരം പഴിചാരുന്നു. കാടെന്നോ, നാടെന്നോ തീർപ്പായിട്ടില്ലെങ്കിലും കാട്ടുനിയമങ്ങളാൽ ഇവിടുത്തുകാരെ വരിഞ്ഞുമുറുക്കുകയാണ്​ വനംവകുപ്പ്​. സംരക്ഷിത വനമേഖലക്ക്​ ഒരുകിലോമീറ്റർ ചുറ്റളവിൽ നിർമാണ വിലക്ക്​ ഏർപ്പെടുത്തിയ സുപ്രീംകോടതി നിർദേശം അറിഞ്ഞ പൊന്തൻപുഴക്കാർ നിസ്സഹായരാണ്​. അതും ഇനി ഇവർക്ക്​ പുതിയ കുരുക്കാവും. പൊന്തൻപുഴക്കാർ അകപ്പെട്ട കുരുക്കുകളെക്കുറിച്ച്​ മാധ്യമം പരമ്പര 'കാടും നാടുമല്ലാതെ പൊന്തൻപുഴ' ഇന്നുമുതൽ ------------ -------- തയാറാക്കിയത്​: ടി.ഐ. സലീം ------ നിയമപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട 1200 കുടുംബങ്ങളെ സംരക്ഷിക്കാതെ സർക്കാർ മല്ലപ്പള്ളി: ഭൂമി സ്വന്തംപേരിൽ അല്ലെന്ന കാരണത്താൽ ദുരിതങ്ങൾ മാത്രം അനുഭവിക്കുകയാണ് പൊന്തൻപുഴയിലെ 1200 കുടുംബങ്ങൾ. ഇത് അനുഭവിക്കാൻ തുടങ്ങിയിട്ട്​ വർഷങ്ങൾ ഏറെയായി. വിദ്യാഭ്യാസ വായ്പയെടുക്കാൻ കഴിയാതെ പലരുടെയും പഠനം മുടങ്ങി. കാർഷികവായ്പ എടുക്കാൻ കഴിയുന്നില്ല. കൃഷി സബ്സിഡി, വിള ഇൻഷുറൻസ് എന്നിവ ലഭിക്കില്ല. സ്വന്തം വസ്തു ക്രയ-വിക്രയം ചെയ്യാനുള്ള അവകാശം 1986 മുതൽ മരവിപ്പിക്കപ്പെട്ടു. പട്ടയമില്ലാത്ത ഭൂമി ആയതിനാൽ നിലവിലെ വനം കേസിൽ കർഷകർ ഉൾപ്പെട്ടതായി വനംവകുപ്പ് ആരോപിക്കുന്നു. അതേസമയം, വനം കേസിൽ കൃഷിഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന്​ വനംവകുപ്പ് കോടതിയിൽ പറയുന്നു. തലമുറകളായി തങ്ങൾ താമസിച്ചുവരുന്ന ഭൂമി വനഭൂമിയാക്കിയത്​ വനംവകുപ്പിലെ ചില കുബുദ്ധികളാണെന്നാണ്​ കുടുംബങ്ങൾ കരുതുന്നത്​. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ മറ്റുള്ളവർക്ക് നഷ്ടപരിഹാരം ലഭിക്കുമ്പോൾ പട്ടയമില്ലാത്തതിനാൽ ഇവിടുത്തെ പാവപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം പോലുമില്ല. വീട് വെക്കുന്നതിന്​ വൈദ്യുതി കണക്​ഷൻ എടുക്കാനും അനുവാദം നൽകുന്നില്ല. അനുമതിക്കു കൂടുതൽ പണം കെട്ടിവെക്കേണ്ടിയും വരുന്നു. കെട്ടിടം നിർമിച്ചാൽ താൽക്കാലിക നിർമാണത്തിനുള്ള നമ്പർ മാത്രമേ കിട്ടുകയുമുള്ളൂ. നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ കഴിയില്ല. വെട്ടിയാൽ വനംവകുപ്പ് ഉടനെ കേസെടുക്കുന്ന അവസ്ഥയാണ്. നിയമപരമായ അവകാശത്തെ നിഷേധിച്ച്​ ഇവിടുത്തെ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്​ വനംവകുപ്പും മറ്റ്​ അധികൃതരും. കടുത്ത മനുഷ്യാവകാശ ലംഘനമാണ് വനംവകുപ്പിൽനിന്ന്​ ഇവർ അനുഭവിക്കുന്നത്. വനഭൂമിയാണെങ്കിൽ ഒഴിഞ്ഞുതരാൻ തയാറാണെന്ന് ഈ കുടുംബങ്ങൾ പറയുന്നുണ്ട്. എന്നാൽ, വനഭൂമിയാണെന്ന് സ്ഥിരീകരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. നിയമപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട ഈ കുടുംബങ്ങളെ അധികാരികൾ വഞ്ചിക്കുകയാണ്. പ്രഖ്യാപനങ്ങൾ മാത്രം മുറക്ക് നൽകുന്നുമുണ്ട്. --------- കാട്​ നാട്ടുകാരുടേതായത്​ ഇങ്ങനെ ഒരുപ്രദേശം സർക്കാർ ഏറ്റെടുത്ത്​ വനമായി പ്രഖ്യാപിക്കുന്ന ആദ്യനടപടി വനനിയമം സെക്​ഷൻ നാല്​ അനുസരിച്ച നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയാണ്​. 1905ലാണ് വലിയകാവ് റിസർവിന്‍റെ സെക്​ഷൻ നാല്​ നോട്ടിഫിക്കേഷൻ തിരുവിതാംകൂർ ദിവാനായിരുന്ന ടി. മോഹൻറാവു പുറപ്പെടുവിച്ചത്. ആറേമുക്കാൽ ചതുരശ്ര മൈൽ (ഏകദേശം 4320 ഏക്കർ) സ്ഥലമാണ് ആ നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ടത്. വളരെയേറെ ജനവാസ മേഖലകൾ ഈ നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ടിരുന്നു. മാത്രമല്ല ഭൂമി തങ്ങൾക്ക്​ തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡവർമ 'നീട്ടു', അഥവ ചെമ്പോലയിലെ കൽപന, പ്രകാരം കരമൊഴിവായി തന്നതാണെന്നും അതു വനമായി വിജ്ഞാപനം ചെയ്യാൻ സർക്കാറിന് അധികാരം ഇല്ലെന്നും ചൂണ്ടിക്കാട്ടി ഏഴുമറ്റൂർ രാജകുടുംബം സർക്കാറുയി കേസായി. വ്യവഹാരങ്ങൾ നിലനിൽക്കത്തന്നെ ഈ ഭൂമി ഏഴുമറ്റൂർ കോവിലകം തറയിൽ ഉമ്മനും തുടർന്നു പരിപ്പിൽ ഈറ്റതോട്ടത്തിൽ കുടുംബത്തിലെ ചെറിയത് ജോസഫിനും ഉടമ്പടിവഴി കൈമാറി. അയാൾ നിരവധിപേർക്ക് അത്​ വീതംവെച്ച്​ ആധാരങ്ങൾ രജിസ്റ്റർ ചെയ്തുനൽകി. അങ്ങനെ 283 വ്യക്തികൾ അടങ്ങുന്ന ഒരുസംഘം സർവസന്നാഹങ്ങളോടുംകൂടി വലിയകാവ് വനഭൂമിക്കുവേണ്ടി കോടതി വ്യവഹാരം നടത്തുകയാണ്​. ഇതിനിടയിൽ ജനവാസ മേഖലകളെ വനത്തിൽനിന്ന്‌ ഒഴിവാക്കുന്നതിനുള്ള നടപടി വനം വകുപ്പ് കാലാകാലങ്ങളിൽ കൈക്കൊണ്ടിരുന്നു. 1924 കാലത്ത് അങ്ങനെ വനപരിധിക്ക്​ പുറത്തായ പ്രദേശമാണ് ഇന്നത്തെ വലിയകാവ് മേഖലയിലെ പെരുമ്പെട്ടി വില്ലേജിൽ ബ്ലോക്ക്‌ 34 ൽപെട്ട റീസർവേ 194, 195, 196 ഭൂമികൾ. --------- നാട്​ കാടായതിങ്ങനെ ഐക്യകേരള സർക്കാർ നിലവിൽവന്ന ഉടൻ മുഴുവൻ ജനവാസമേഖലകളെയും വനപരിധിക്ക്​ പുറത്താക്കി പുതിയ സെക്​ഷൻ നാല്​ നോട്ടിഫിക്കേഷൻ ഇറക്കി. 1958 മേയ്‌ മാസത്തിൽ നിലവിൽവന്ന പുതിയ നോട്ടിഫിക്കേഷൻ പ്രകാരം രണ്ട്​ ചതുരശ്ര മൈൽ ആയി വന അതിർത്തി നിജപ്പെടുത്തി. ഇതു കൃത്യം 1771 ഏക്കറാണ്. വനത്തിനുചുറ്റും ജണ്ടകൾ സ്ഥാപിച്ചു. വിശദമായ അതിർത്തിവിവരണം നോട്ടിഫിക്കേഷനിൽ നൽകി. വിലപ്പെട്ട ഈ രേഖകൾ ഉപയോഗിച്ചുവേണം വനംവകുപ്പ് വലിയകാവ്​ വനം സംരക്ഷിക്കാൻ. വിശേഷിച്ചും സ്വകാര്യ വ്യക്തികൾ സംഘടിതമായി സർക്കാറിനോട് കേസ് പറയുന്ന സാഹചര്യത്തിൽ ഈ രേഖകൾ അമൂല്യമാണ്. പക്ഷേ, നോട്ടിഫിക്കേഷൻ സർവേ സ്കെച്ച് കാണാനില്ലെന്നാണ് ഇപ്പോൾ വനം വകുപ്പ് പറയുന്നത്. അതോടെ നാടും കാടെന്ന വാദം വനംവകുപ്പ്​ ഉയർത്തിത്തുടങ്ങി. വനംവകുപ്പ് ഓഫിസുകളിലും വിവിധ കലക്ടറേറ്റുകളിലും സർവേ ഓഫിസുകളിലും ആർകൈവ്സിലും അന്വേഷിച്ചിട്ടും 1958 നോട്ടിഫിക്കേഷൻ പ്രകാരമുള്ള സ്കെച്ച് ലഭ്യമായിട്ടില്ലെന്ന് റാന്നി ഡി.എഫ്.ഒയും വനം പി.സി.സി.എഫ്മാരും പറയുന്നു. ഇതേകാര്യം വനംമന്ത്രി നിയമസഭയിൽ ആവർത്തിക്കുകയും ചെയ്യുന്നു. കേസിൽ ഉൾപ്പെട്ട വനഭൂമിയുടെ രേഖയാണ് ഇങ്ങനെ കാണാതെപോയത്​. വലിയകാവ് വനം കേസിൽ സർക്കാറിന് പരാജയം സംഭവിച്ചതിന്‍റെ കാരണം ഇതൊക്കെത്തന്നെ. വനത്തിന്‍റെ രേഖകൾ എങ്ങും കണ്ടെത്താൻ കഴിയാത്തവിധം നശിപ്പിക്കപ്പെട്ടു, അഥവ ഒളിപ്പിക്കപ്പെട്ടു. ഇത്തരം കള്ളക്കളികൾ ഇവിടെ നടക്കും കാരണം ഇത്‌ വനംവകുപ്പാണ്. വനംവകുപ്പിൽ എന്തും നടക്കും. ചോദിക്കാൻ ആരുമില്ല. ------- തയാറാക്കിയത്​: ടി.ഐ. സലീം ----------- ഫോട്ടോ: PTL41chunkapara road പൊന്തൻപുഴ വനത്തിലൂടെ കടന്നുപോകുന്ന ചുങ്കപ്പാറ-പൊന്തൻപുഴ റോഡ്​ -------- PTL42ponthanpuzha strike പട്ടയം നൽകണമെന്ന്​ ആവശ്യപ്പെട്ട് നാട്ടുകാർ സംഘടിപ്പിച്ച പ്രതിഷേധ സംഗമം (ഫയൽ ചി​ത്രം) (ഫയൽ പടം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story