Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:35 AM IST Updated On
date_range 4 May 2022 5:35 AM ISTകുഴി: അടൂരിൽ സർവത്ര കുഴി... പൊതുമരാമത്തും ജലഅതോറിറ്റിയും തീർക്കുന്ന ചതിക്കുഴികൾ
text_fieldsbookmark_border
അടൂർ: യാത്രക്കാരെ ആശുപത്രിയിലാക്കാൻ സംസ്ഥാന പാതയിലെ കുഴികൾ. ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ചവയാണിവ. കായംകുളം -പത്തനാപുരം സംസ്ഥാന പാതയിൽ അടൂർ ഹോളിക്രോസ് ജങ്ഷൻ മുതൽ പ്ലാന്‍റേഷൻ മുക്ക് വരെ ഇത്തരം കുഴികളാണ്. അടൂർ തെങ്ങുംതാര മേലൂട് ശാന്താലയത്തിൽ ബിജോയ് വിജയന് (40) ഹോളിക്രോസ് ജങ്ഷനിലെ കുഴിയിൽവീണ് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഴികളിൽവീണ് കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും പരിക്കുപറ്റുന്നത് നിത്യസംഭവമാണ്. 2019 ഡിസംബർ അവസാനവാരം ആദ്യമാണ് ഹോളിക്രോസ് ജങ്ഷനിൽ ആദ്യമായി പൈപ്പ് പൊട്ടി വലിയരീതിയിൽ റോഡ് തകർന്നത്. മുമ്പും ഇവിടെ പൈപ്പ് പൊട്ടിയിരുന്നെങ്കിലും റോഡ് വലിയരീതിയിൽ തകർന്നിരുന്നില്ല. 10 ദിവസത്തോളം പരിശ്രമിച്ചിട്ടും പൈപ്പ് എവിടെയാണ് പൊട്ടിയതെന്ന് കണ്ടെത്താൻ ജല അതോറിറ്റിക്ക് കഴിഞ്ഞില്ല. തുടർന്ന് തിരുവനന്തപുരത്തുനിന്ന് അത്യാധുനിക ഉപകരണങ്ങൾ കൊണ്ടുവന്ന് വിദഗ്ധർ പരിശോധന നടത്തി. പക്ഷേ, ചോർച്ച കണ്ടെത്തിയില്ല. ഒടുവിൽ ജനുവരി 14ന് വാട്ടർ അതോറിറ്റി അടൂർ ഓഫിസിലെ ഓവർസീയറുടെ നേതൃത്വത്തിൽ പൈപ്പ് പൊട്ടിയത് എവിടെയെന്ന് കണ്ടെത്തി. ജനുവരി 15ന് പണിതീർത്തു. പക്ഷേ, അന്നെടുത്ത കുഴയിൽ മണ്ണ് ഇട്ടതല്ലാതെ മറ്റൊന്നും ചെയ്തില്ല. പിന്നീട് നിരവധിതവണ പൈപ്പ് പൊട്ടി റോഡ് കുഴിഞ്ഞു. അപ്പോഴെല്ലാം അറ്റകുറ്റപ്പണി നടന്നെങ്കിലും കുഴികൾ ശരിയായവിധം അടച്ചില്ല. പിന്നീട് മഴപെയ്തപ്പോൾ കുഴികൾ വലുതായി. ഹോളിക്രോസ് ജങ്ഷനിൽനിന്ന് നഗരത്തിലേക്ക് വരുമ്പോൾ ചെറുതും വലുതുമായ നിരവധി കുഴികൾ വേറെയുമുണ്ട്. കെ.പി റോഡിൽനിന്ന് റവന്യൂ ടവർ ഭാഗത്തേക്ക് പോകുമ്പോൾ പെട്രോൾ പമ്പിന് സമീപം കുറച്ചുഭാഗം ടാർ ചെയ്യാതെ മാസങ്ങളായി കിടക്കുകയാണ്. കൂടാതെ നഗരത്തിൽ എവിടെ കുഴിയുണ്ടോ അവിടെയെല്ലാം മെറ്റൽ കൊണ്ടിടുകയാണ് പതിവ്. ഇതുകാരണം ഇരുചക്ര വാഹനയാത്രികർ ഏറെ പ്രയാസപ്പെടുകയാണ്. അടൂർ പാർഥസാരഥി, ഹോളിക്രോസ് ജങ്ഷൻ ഭാഗങ്ങളിലാണ് ഇത്തരത്തിൽ കൂടുതൽ പ്രയാസമനുഭവിക്കുന്നത്. കുഴികളിൽ ഇട്ട മെറ്റൽ ഇപ്പോൾ റോഡിൽ നിരന്നുകിടക്കുകയാണ്. അടൂർ പൊതുമരാമത്ത് നിരത്ത് വിഭാഗം സെക്ഷൻ ഓഫിസിനുമുന്നിൽ രണ്ടുവർഷമായി നികത്താത്ത കുഴി വാഹന യാത്രികർക്ക് നിത്യവും അപകടമുണ്ടാക്കിയിട്ടും അധികൃതർ പരിഹാരം കാണുന്നില്ല. പറക്കോട് വെള്ളഞ്ചിപ്പാലത്തിൽ പാത ഇടിഞ്ഞതാണ് മാസങ്ങളായിട്ടും പൂർവസ്ഥിതിയിലാക്കിയില്ല. പറക്കോട് ടി.ബി ജങ്ഷനിൽ പൈപ്പ് പൊട്ടുന്നതും കുഴി മണ്ണിട്ട് മാത്രം മൂടുന്നതും പതിവു ചര്യയാണ്. പറക്കോട് മുതൽ പ്ലാന്‍റേഷൻ മുക്ക് വരെ പാതയുടെ ടാറിങ് കഴിഞ്ഞപ്പോൾ മൂന്നുവർഷം മുമ്പ് പാത ഇടിഞ്ഞുതാഴ്ന്നത് ഇളക്കി വീണ്ടും പണിയാൻ 'മാധ്യമം' വാർത്തയെ തുടർന്ന് അടുത്തിടെയാണ് ഭരണാനുമതിയായത്. എന്നാൽ, എന്നാണ് ടെൻഡർ ചെയ്ത് പണി ആരംഭിക്കുകയെന്ന് പറയാൻ വയ്യ. PTL ADR Road 1. അടൂർ പൊതുമരാമത്ത് നിരത്ത് വിഭാഗം സെക്ഷൻ ഓഫിസിനു മുന്നിൽ രണ്ടുവർഷമായി നികത്താത്ത കുഴി 2. അടൂർ അഗ്നിരക്ഷ നിലയത്തിന് മുന്നിലെ കുഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
