Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:42 AM IST Updated On
date_range 25 April 2022 5:42 AM IST'സവിശേഷം വിശേഷം'പംക്തിയിലേക്ക്
text_fieldsbookmark_border
ആന്മുളയിലെ കൃഷിക്കളി... ആറന്മുളയിൽ നെൽകൃഷി ഇറക്കിയതിന്റെ ആത്മ നിർവൃതിയിലാണ് കൃഷിമന്ത്രിയും ആരോഗ്യമന്ത്രിയും. വിമാനങ്ങൾ പറന്ന് പൊന്തേണ്ടിടത്ത് നെല്ല് മുളച്ചുപൊന്തിയപ്പോൾ ഇരുവരുടെയും ഉള്ളിലെ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നത്രെ. വിമാനം പറന്നുയരുന്നതിനായി യത്നിച്ചവരുടെ സ്വപ്നങ്ങൾക്ക് അള്ളുവെച്ചപോലാണ് അവിടെ നെല്ല് മുളച്ചുപൊന്തിയത്. മുളച്ച നെല്ലിനും കണ്ട സ്വപ്നങ്ങൾക്കും ഇടയിൽ ഉറങ്ങിക്കിടക്കുന്ന യാഥാർഥ്യങ്ങൾ ഏറെയാണ്. വള്ളംകളിയും വഞ്ചിപ്പാട്ടും ഞാറുനടീലും ഞാറ്റുപാട്ടും ജീവതാളമാക്കിയ ആറന്മുളക്കാരിൽ ഉണർന്നിരിക്കുന്നവർ അതെക്കുറിച്ച വിശേഷങ്ങളാണ് മുക്കിലും മൂലയിലും ഇരുന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആറന്മുളയിൽ മിച്ചഭൂമിയായി ഏറ്റെടുത്ത 232 ഏക്കർ ഭൂമി വീണ്ടും പഴയ ഭൂ ഉടമയായ എബ്രഹാം കലമണ്ണിലിന്റെ പക്കൽ എത്താൻ വഴിയൊരുക്കിയതാര്. മിച്ചഭൂമി ഏറ്റെടുക്കുന്നതിനുള്ള കേസ് നടത്തിപ്പിൽ വീഴ്ചവരുത്തിയ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തതാരാണ്. ഇപ്പോൾ കൈകാര്യം ചെയ്യുന്നതാരാണ്. ഹൈകോടതിയിൽ സർക്കാറിനുവേണ്ടി കേസ് നടത്തിയ വക്കീൽ ആരായിരുന്നു. എന്നൊക്കെയാണ് ഒന്നിനു പത്തേ പത്തിന് നൂറേ എന്ന തരത്തിൽ ആറന്മുളക്കാർ ഉയർത്തുന്ന ചോദ്യങ്ങൾ. നെല്ലുമുളച്ചത് കണ്ട് രോമാഞ്ചം മുളച്ചെന്ന് പറയുന്ന മന്ത്രിമാരുടെ ഉത്തരം കേൾക്കാൻ നാട്ടിൽ പലരും ഉറക്കംവെടിഞ്ഞ് കാത്തിരിക്കുകയുമാണ്. കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ് 2017 ജൂലൈ 12ന് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് 293 ഏക്കർ മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് ഉത്തരവ് ഇറക്കി. 2017 ആഗസ്റ്റ് 14ന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കെ.ജെ. എബ്രഹാം കലമണ്ണിൽ ഹൈകോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് നേടി. വർഷം നാലര പിന്നിട്ടിട്ടും സ്റ്റേ ഉത്തരവ് നീക്കം ചെയ്തുകിട്ടുന്നതിന് സർക്കാർ ഒന്നും ചെയ്തില്ല. അതോടെ ഭൂമി വീണ്ടും കെ.ജി.എസ് ഗ്രൂപ്പിന്റെയും കലമണ്ണിൽ എബ്രഹാമിന്‍റെയും പക്കലാണ്. സ്റ്റേ ഉത്തരവ് വന്നപ്പോൾ സർക്കാറിനുവേണ്ടി കേസ് നടത്തിയ വക്കീൽ സി.പി.ഐ നേതാവായ രജ്ഞിത് തമ്പാനായിരുന്നു. അന്നും ഇന്നും റവന്യൂ വകുപ്പ് സി.പി.ഐയുടെ കൈയിലാണ്. സ്റ്റേ നീക്കാൻ നടപടിയെടുക്കാതെ റവന്യൂ വകുപ്പ് ഉറക്കംനടിക്കുന്നത് ആർക്കുവേണ്ടിയാണ്. ഇപ്പോൾ തന്‍റെ ഭൂമിയിൽ നെല്ലു മുളച്ചതറിഞ്ഞ് ഞെട്ടിയുണർന്ന കലമണ്ണിൽ ഒറ്റ ഒരുത്തനും വളർത്താനും കൊയ്യാനും തന്‍റെ കൈവശമുള്ള 232 ഏക്കറിൽ കേറിയേക്കരുതെന്നുപറഞ്ഞ് ഹൈകോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് നേടിയിട്ടുണ്ട്. ഇപ്പോൾ രോമാഞ്ചേഴ്സായ മന്ത്രിമാരുടെ പാർട്ടിക്കാരിൽ ചിലർ ചിലർക്കൊപ്പം ചേർന്ന് 'ചിയേഴ്സ്' പറഞ്ഞതിന്റെ ഫലമാണ് ഇപ്പോൾ കൃഷിയെ വെള്ളത്തിലാക്കിയതെന്ന് ചിലർ പറയുന്നു. മന്ത്രിമാർ രണ്ടും പറയുന്നത് അവിടെ കൃഷിയിറക്കിയത് സർക്കാറാണെന്നാണ്. കൃഷിവെള്ളത്തിൽ മുങ്ങിയപ്പോൾ നഷ്ടം വന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്നും പറയുന്നു. കൃഷിയിറക്കിയത് സർക്കാറാണെങ്കിൽ പിന്നെ നഷ്ടപരിഹാരം നൽകുന്നതാർക്കെന്ന് മറ്റൊരു ചോദ്യം ഉയരുന്നു. വലിയ കളികളാണ് മന്ത്രിമാരും പാർട്ടിക്കാരും ചേർന്ന് ആറന്മുള പുഞ്ചയിൽ നടത്തുന്നതെന്ന് നാട്ടുകാർക്ക് മനസ്സിലാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story