Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 12:07 AM GMT Updated On
date_range 8 April 2022 12:07 AM GMTപച്ചക്കറി ഉൽപാദനവർധനക്ക് പുതിയ പദ്ധതി നടപ്പാക്കുന്നു
text_fieldsbookmark_border
പത്തനംതിട്ട: പച്ചക്കറി കൃഷിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ജില്ലയിൽ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിക്ക് തുടക്കമാകുന്നു. എല്ലാ വീടുകളിലും പച്ചക്കറികൃഷി തുടങ്ങുന്നതാണ് 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതി. ഇതിലൂടെ 2200 ടൺ അധിക പച്ചക്കറി കൃഷി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാറിന്റെ നൂറുദിന പദ്ധതിയിലുൾപ്പെടുത്തിയാണ് പച്ചക്കറി കൃഷി വ്യാപനം നടപ്പാക്കുന്നത്. നിലവിൽ 59,781 ഹെക്ടറിലാണ് ജില്ലയിൽ പച്ചക്കറി കൃഷി നടത്തുന്നത്. 13,088 മെട്രിക് ടൺ ആണ് ഉൽപാദനം. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി വിത്ത് വിതരണം ചെയ്യും. ജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് വാർഡ്തലത്തിൽവരെ സമിതികൾ രൂപവത്കരിക്കും. പഞ്ചായത്ത്തല സമിതികൾ ജില്ലയിലാകെ രൂപവത്കരിച്ചു. ഈ മാസം 10 മുതൽ 25 വരെ വാർഡ് സമിതികൾ രൂപവത്കരിക്കും. 1,41,553 പാക്കറ്റ് വിത്തുകളാണ് ജില്ലയിൽ വിതരണം ചെയ്യുക. 14 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചത്. വെണ്ട, പയർ, പടവലം, വഴുതന വിത്തുകളാണ് വിതരണം ചെയ്യുന്നത്. എല്ലാ വാർഡിൽനിന്നും അഞ്ച് മാതൃക കാർഷിക കുടുംബങ്ങളെയും തെരഞ്ഞെടുക്കും. മേയ് അവസാനത്തോടെ വിളവെടുപ്പ് നടത്താനാണ് ലക്ഷ്യം. ഒരുപഞ്ചായത്തിൽ 150 കുടുംബങ്ങളെയെങ്കിലും പുതുതായി പച്ചക്കറി കൃഷിയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. കൂടാതെ ഓരോ തദ്ദേശസ്ഥാപനങ്ങൾക്കും അഞ്ചുലക്ഷം രൂപ ചെലവ് വരുന്ന അനുബന്ധ പദ്ധതികൾക്ക് പണം ചെലവാക്കാനും അനുമതിയുണ്ട്. കാർഷിക മേഖലയിൽ സ്വയംപര്യാപ്തമാകുക എന്ന ലക്ഷ്യമിടുന്നത് കൂടിയാണ് പദ്ധതി. ഇതിനുപുറമെ വി.എഫ്.പി.സി.കെ വഴി 47,000 പച്ചക്കറിതൈകളും 35,000 പച്ചക്കറി വിത്ത് പാക്കറ്റും കൃഷിഭവനുകൾ മുഖേന വിതരണം ചെയ്യും. കൃഷിക്കുവേണ്ട സാങ്കേതിക നിർദേശങ്ങൾ കൃഷിഭവൻ മുഖേന നൽകും. ജൈവ കൃഷി പ്രോത്സാഹനത്തിന് ജില്ല പഞ്ചായത്ത് സാമ്പത്തിക സഹായപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story