Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:44 AM IST Updated On
date_range 31 March 2022 5:44 AM ISTഉത്തരവ് പാലിച്ചില്ല; പത്തനംതിട്ട നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹൈകോടതിയിൽ ഹാജരാക്കി
text_fieldsbookmark_border
കൊച്ചി: കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിക്കാതിരുന്നതിനെ തുടർന്ന് പത്തനംതിട്ട നഗരസഭ സെക്രട്ടറി എസ്. ഷെർല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹൈകോടതിയിൽ ഹാജരാക്കി. കോന്നി അട്ടച്ചാക്കൽ സ്വദേശിനി സുമ ദേവി, അസറ്റ് ഹോംസ് എം.ഡി വി. സുനിൽകുമാർ എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഹരജിക്കാരുടെ ബിൽഡിങ് പെർമിറ്റിനുള്ള അപേക്ഷയിൽ സെക്രട്ടറി ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ ഹൈകോടതി നൽകിയ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു കോടതിയലക്ഷ്യ ഹരജി. പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ഉത്തരവ് പാലിച്ചില്ലെങ്കിൽ നഗരസഭ സെക്രട്ടറി മാർച്ച് 14ന് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. മാർച്ച് 16ന് ഹരജി പരിഗണിച്ചപ്പോൾ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയെ ഹരജിയിൽ സ്വമേധയാ കക്ഷിചേർക്കുകയും നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് 28ന് ഹാജരാക്കാൻ ഉത്തരവിടുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഹൈകോടതിയിൽ ഹാജരാകാമെന്ന് സെക്രട്ടറി അറിയിച്ചാൽ നിശ്ചിതബോണ്ട് ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ ജാമ്യം നൽകാനും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. ഹൈകോടതിയുടെ ഉത്തരവ് നടപ്പാക്കിയെന്ന് ഷെർല ബീഗവും കോടതിയെ നേരിട്ട് അറിയിച്ചു. തുടർന്ന് കോടതിയലക്ഷ്യ ഹരജിയിലെ തുടർനടപടികൾ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അവസാനിപ്പിച്ചു. കോടതി ഉത്തരവുകളിൽ എതിർപ്പുണ്ടെങ്കിൽ നിയമപരമായ മാർഗം തേടണമെന്നും അത് നടപ്പാക്കാതിരിക്കുകയല്ല വേണ്ടതെന്നും സിംഗിൾ ബെഞ്ച് സെക്രട്ടറിയോടു പറഞ്ഞു. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story