Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:38 AM IST Updated On
date_range 26 March 2022 5:38 AM ISTജലവിതരണ പദ്ധതി തകരാറിൽ; പെരുനാട്ടിൽ കുടിവെള്ളത്തിന് നെട്ടോട്ടം
text_fieldsbookmark_border
വടശേരിക്കര: പെരുനാട് ശുദ്ധജല വിതരണ പദ്ധതിയുടെ മോട്ടോറുകൾ ഒന്നിനുപിറകെ ഒന്നായി തകരാറിലായതോടെ പെരുനാട്ടിലെ ഉയർന്ന പ്രദേശങ്ങളെല്ലാം കടുത്ത ജലക്ഷാമത്തിൽ. പെരുനാട് മാർക്കറ്റിന് സമീപം പമ്പാനദിയിൽ സ്ഥാപിച്ചിരിക്കുന്ന പമ്പ് ഹൗസിലെ മൂന്ന് മോട്ടോറുകളും തകരാറിലായിട്ട് ഒരാഴ്ച പിന്നിടുന്നു. ഇനിയും ആഴ്ചകൾ കഴിഞ്ഞേ മോട്ടോറുകളുടെ തകരാർ പരിഹരിക്കാനാകൂ. പെരുനാട് ജലവിതരണ പദ്ധതിയെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. എല്ലാ വർഷവും വേനൽ കടുക്കുമ്പോൾ മോട്ടോറുകൾ പണിമുടക്കുന്നുവെന്നതാണ് നാട്ടുകാരുടെ പരാതി. മഴക്കാലം കഴിഞ്ഞാൽ ഗാർഹിക ആവശ്യങ്ങൾക്കുപോലും വെള്ളം ലഭ്യമല്ലാത്ത ഉയർന്ന പ്രദേശങ്ങൾ ഇവിടെ ഏറെയാണ്. ജലവിതരണം തടസ്സപ്പെട്ടതോടെ വില കൊടുത്ത് കിലോമീറ്ററുകൾ ദൂരെനിന്ന് വെള്ളമെത്തിക്കുന്ന വെള്ളക്കച്ചവടക്കാരാണ് ഇപ്പോഴത്തെ ഏക ആശ്രയം. പമ്പാനദിയിൽനിന്നും കക്കാട്ടാറ്റിൽനിന്നും ശേഖരിക്കുന്ന വെള്ളമാണ് കച്ചവടക്കാർ എത്തിക്കുന്നത്. എല്ലാ വേനലിലും ജലവിതരണം മുടക്കി വെള്ളക്കച്ചവടക്കാരെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് വ്യാപക പരാതിയുമുണ്ട്. മലമുകളിലുള്ള ജനവാസ മേഖലകളിൽ ആഴ്ചയിൽ ആയിരവും രണ്ടായിരവും കൊടുത്ത് വെള്ളം വാങ്ങാൻ കഴിയാത്ത നിരവധി സാധാരണക്കാർ വലിയ പ്രതിസന്ധിയിലാണ്. ഗതാഗത സൗകര്യമില്ലാത്ത വീടുകളിലേക്ക് വെള്ളം വാഹനത്തിൽ കൊണ്ടുവരാൻ കഴിയാത്തതിനാൽ പലരും കിലോമീറ്ററുകൾ സഞ്ചരിച്ച് നദിയിലെത്തിയാണ് ദൈനംദിന കാര്യങ്ങൾ കഴിച്ചുകൂട്ടുന്നത്. പമ്പ് ഹൗസിലെ മോട്ടോറുകൾ ശരിയാക്കുംവരെ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ ജലവകുപ്പും പഞ്ചായത്തും കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story