Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർഷിക...

കാർഷിക സംസ്കാരത്തിന്‍റെ ഓർമകളുമായി ഓമല്ലൂര്‍ വയല്‍ വാണിഭം തുടങ്ങി

text_fields
bookmark_border
പത്തനംതിട്ട: ഓമല്ലൂര്‍ വയലേലകളില്‍ കാര്‍ഷിക സംസ്കാരത്തിന്റെ പുനഃസൃഷ്ടി. കാളകളും കാര്‍ഷിക വിളകളും വില്‍ക്കാനും വാങ്ങാനും എത്തിയവരുടെ തിരക്ക് ഓമല്ലൂരിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടു പോയി. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്​ മുന്നോടിയായി തിങ്കളാഴ്ച കൊല്ലം വെളിനെല്ലൂരില്‍നിന്ന്​ ദീപശിഖ പ്രയാണം നടന്നിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചതന്നെ കാളച്ചന്ത ആരംഭിച്ചു. കാര്‍ഷികവിളകള്‍ വാങ്ങാനും വില്‍ക്കാനുമായി കൊല്ലം, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം ഭാഗങ്ങളില്‍നിന്ന്​ കര്‍ഷകര്‍ എത്തിയിരുന്നു. ചേന, ചേമ്പ്, കിഴങ്ങ്, ഇഞ്ചി, കാച്ചില്‍, പുളി തുടങ്ങിയ കാര്‍ഷികവിളകളുടെ വന്‍ശേഖരം വിൽപനക്ക്​ എത്തിച്ചിട്ടുണ്ട്. ഒരുമാസം നീളുന്ന മേളക്കാണ് ചൊവ്വാഴ്ച തുടക്കമായത്. ആദ്യ ആഴ്ചകളില്‍ കാര്‍ഷികവിളകളുടെ വിപണനമാണ് പ്രധാനമായും നടക്കുക. മെച്ചപ്പെട്ട വില കര്‍ഷകന്​ ലഭിക്കുമെന്നതിനാല്‍ ഓമല്ലൂരിലേക്ക് സാധനങ്ങളുമായി എത്തുന്ന കര്‍ഷകരുടെ എണ്ണവും കൂടുതലാണ്. ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയുടെ വിൽപനയും സജീവമാണ്. പച്ചക്കറി വിത്തുകള്‍, തെങ്ങിന്‍തൈകള്‍, വാഴവിത്തുകള്‍, പൂച്ചെടികള്‍ എന്നിവയുടെ ശേഖരവും ഉണ്ട്. സെമിനാറുകള്‍, ശിൽപശാലകള്‍, കലാപരിപാടികള്‍ തുടങ്ങിയവയുമായി കര്‍ഷകമേളയായി ഓമല്ലൂര്‍ വാണിഭം മാറിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട്​ പുലികളി അടക്കം കലാരൂപങ്ങളുമായി അരങ്ങേറിയ സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും ഓമല്ലൂരിന്​ പുതിയ അനുഭവവുമായി. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് ഘോഷയാത്രയില്‍ അണിനിരന്നത്. വിവിധ കലാരൂപങ്ങള്‍, ഫ്ലോട്ടുകള്‍ എന്നിവയും ഘോഷയാത്രക്ക്​ അകമ്പടിയായി. മിനി സ്റ്റേഡിയത്തില്‍നിന്ന​ ആരംഭിച്ച ഘോഷയാത്ര മാര്‍ക്കറ്റ് ജങ്​ഷഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരദേവി മുഖ്യപ്രഭാഷണം നടത്തി. ------- PTL 17 VAYAL FEST ഓമല്ലൂർ വയൽ വാണിഭത്തിന് മുന്നോടിയായി​ നടന്ന സാംസ്കാരിക​ ഘോഷയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story