Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:29 AM IST Updated On
date_range 14 March 2022 5:29 AM ISTരണ്ടുവരിപ്പാത നവീകരണംപോലും പാതി എം.സി റോഡിന് പദ്ധതി പെരുമഴ
text_fieldsbookmark_border
പന്തളം: കോടികൾ ചെലവാക്കിയിട്ടും നന്നാകാത്ത എം.സി റോഡിലേക്ക് പിന്നെയും പണം ഒഴുക്കാനുള്ള തീരുമാനത്തിൽ നാട്ടുകാർക്ക് ആശങ്ക. 160 കോടി രൂപ ചെലവാക്കി സുരക്ഷിത ഇടനാഴിയായി പ്രഖ്യാപിച്ച് ഒന്നര വർഷമേ ആയിട്ടുള്ളു. എം.സി റോഡ‍്, ദേശീയപാത നവീകരണത്തിന് ബജറ്റിൽ 1500 കോടിയാണ് വകയിരുത്തിയത്. എം.സി റോഡ് നാല് വരിയാക്കി വീതികൂട്ടുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുവരി പാത നവീകരണത്തിന് പോലും സ്ഥലം ഏറ്റെടുപ്പ് കൃത്യമായി നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതുകാരണം വികലമായ രീതിയിലാണ് നിർമാണം നടന്നത്. വളവുകൾ ഇല്ലാത്ത എം.സി റോഡ് നിർമാണം എന്നതായിരുന്നു പ്രഖ്യാപനം. 60 മീറ്റർ ദൂരത്തിൽ മുന്നിലുള്ള വാഹനങ്ങൾ കാണാൻ കഴിയണമെന്നായിരുന്നു പദ്ധതി രൂപരേഖയിലെ വ്യവസ്ഥ. എന്നാൽ, വ്യവസ്ഥകൾ അട്ടിമറിച്ച് രാഷ്ട്രീയപ്രേരിതമായി സ്ഥലമേറ്റെടുത്തെന്നാണ് ആരോപണം. ഏനാത്ത് മുതൽ ചെങ്ങന്നൂർ വരെ നിരവധി കൊടുംവളവുകളാണ് ഇപ്പോഴും ഉള്ളത്. അപകടമേഖലയായ അടൂർ, പന്തളം തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷിത ഇടനാഴി പദ്ധതി നടപ്പാക്കിയിട്ടും അപകടങ്ങൾ കുറഞ്ഞില്ല. ശനിയാഴ്ച രാത്രി കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിടിച്ച് രണ്ട് ബൈക്ക് യാത്രക്കാരായ അസം സ്വദേശി മരിച്ചതും എം.സി റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷനിലാണ്. വർഷാവർഷം ഉണ്ടാവുന്ന അപകടത്തിൽ മരണനിരക്ക് ശരാശരി 50 ആണ്. റോഡ് അപകടങ്ങൾക്ക് കാരണം അശാസ്ത്രീയമായ നിർമാണമാണെന്ന് വിലയിരുത്തലുണ്ട്. ഇപ്പോൾ എം.സി റോഡിൽ ഇരു വശങ്ങളിലായി കൂടുതൽ സ്ഥലമെടുത്ത് നാലുവരി പാതയാക്കി ഉയർത്താനാണു ലക്ഷ്യം. സ്ഥലം ഏറ്റെടുപ്പ് കീറാമുട്ടിയാണ്. റോഡരികിലെ ആയിരക്കണക്കിന് കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടി വരും. എം.സി റോഡ് നിർമാണത്തിന്‍റെ തുടക്കത്തിൽ റോഡരികിലെ കടകൾ ഒഴിപ്പിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും പൂർത്തീകരിക്കാനായില്ല. പന്തളം ടൗണിലെ സ്വർണ വ്യാപാര സ്ഥാപനം ഒഴിപ്പിക്കുന്നതിനെ ചൊല്ലി ദിവസം മുഴുവനും പന്തളത്ത് സമരം നടന്നു. ഒടുവിൽ കട പൊളിച്ചുമാറ്റി എങ്കിലും ഇതുവരെയും റോഡ് നിർമാണം പൂർത്തിയായിട്ടില്ല, പന്തളം ജങ്ഷൻ 100 മീറ്ററോളം എൻ.എസ്.എസിന്‍റെ സ്ഥലമാണ്. എം.സി റോഡ് വീതി കൂട്ടിയപ്പോൾ ഈ സ്ഥലം ഒഴിവാക്കിയാണ് നിർമാണം നടത്തിയത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തായിരുന്നു എം.സി റോഡിന്‍റെ ആദ്യഘട്ട നിർമാണം ആരംഭിച്ചത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരവധി കടകൾ ഒഴിവാക്കിയാണ് പന്തളം വഴി എം.സി റോഡിന്‍റെ നിർമാണം കെ.എസ്.ടി.പി നടത്തിയത്. ഫോട്ടോ: എം.സി റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
