Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉന്നതതല യോഗത്തിലും...

ഉന്നതതല യോഗത്തിലും തീരുമാനമായില്ല മലയോര മേഖലയിൽ പട്ടയത്തിനായി കാത്തിരിപ്പ് നീളുന്നു

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലയിൽ പട്ടയത്തിനായി കാത്തിരിക്കുന്നത്​ 3000ത്തോളം​ അപേക്ഷകരാണെന്നിരിക്കെ വെള്ളിയാഴ്ച റവന്യൂ മന്ത്രി പ​ങ്കെടുത്ത്​ നടന്ന ഉന്നതതല യോഗം പകർന്നത്​ നിരാശ. പതിറ്റാണ്ടുകളായി കൈവശത്തിലിരിക്കുന്ന ഭൂമിയുടേതടക്കം ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനുള്ള പോരാട്ടം നടത്തുന്ന മലയോര ജനതയിൽ ബഹുഭൂരിഭാഗത്തിന്‍റെയും പട്ടയ സ്വപ്നം പൂവണിയാൻ ഇനിയും കലങ്ങളെടുക്കും. ഉന്നതതല യോഗം പരിഗണിച്ചത്​ നേരത്തേ നിശ്ചയിച്ചിട്ടുള്ള പട്ടയങ്ങളുടെ വിതരണം സംബന്ധിച്ച അവലോകനം മാത്രമാണ്. രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ നൂറുദിന കർമപരിപാടിയിൽപെടുത്തി ജില്ലയിൽ ആകെ നൽകിയത് 55 പട്ടയങ്ങളാണ്. അന്ന് നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയായിരുന്ന 165 പട്ടയങ്ങൾ കൂടാതെ 75 പട്ടയങ്ങൾകൂടി നൽകാനാണ്​ മന്ത്രി പ​ങ്കെടുത്ത യോഗത്തിൽ തീരുമാനമായത്​. തർക്കങ്ങളില്ലാത്ത മേഖലകളിലെ പട്ടയം നൽകാനാണ് ഉദ്യോഗസ്ഥരും താൽപര്യം കാട്ടുന്നത്. കാലങ്ങളായി ജില്ലയിൽ പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ പ്രശ്നങ്ങളിൽ ഒരു ഇടപെടലുകളും ഉണ്ടാകുന്നില്ല. പെരുമ്പെട്ടി, പമ്പാവാലി, അത്തിക്കയം, തെക്കേത്തൊട്ടി തുടങ്ങിയ മേഖലകളുടെ പട്ടയത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മല്ലപ്പള്ളി താലൂക്കിലെ പെരുമ്പെട്ടിയിലെ 257.35 ഏക്കർ ഭൂമിയുടെ പട്ടയമാണ് വനം, റവന്യൂ ഉദ്യോഗസ്ഥരുടെ തർക്കത്തിൽ തീരുമാനം കാത്തുകിടക്കുന്നത്. വനഭൂമിയുമായി നേരിട്ട്​ ബന്ധമില്ലാത്ത പ്രദേശമായിരുന്നിട്ടും വനംവകുപ്പ് കാലങ്ങളായി ഉന്നയിക്കുന്ന തർക്കങ്ങളാണ് പെരുമ്പെട്ടിയിലെ പട്ടയനടപടി വൈകിപ്പിച്ചത്. 1400 ദിവസങ്ങളിലേറെയായി പെരുമ്പെട്ടിയിൽ പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന 512 കുടുംബങ്ങളെ പ്രതിനിധീകരിച്ച് സമരം നടന്നുവരുകയാണ്. പതിറ്റാണ്ടുകളായി കൈവശാവകാശമുള്ള ഭൂമി 1977 ജനുവരി ഒന്നിനു മുമ്പ് സ്വന്തമാക്കിയവരാണ്. നിയമങ്ങളെല്ലാം അനുകൂലമെങ്കിലും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് അനുകൂല തീരുമാനം വൈകിപ്പിക്കുന്നത്. നാറാണംമൂഴി വില്ലേജിലെ അത്തിക്കയം തെക്കേതൊട്ടി നിവാസികളും പട്ടയത്തിനുവേണ്ടി പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. വ്യത്യസ്​ത നിലപാടുകളും നിയമങ്ങളുമാണ് തെക്കേതൊട്ടിയിൽ പുലർത്തിവരുന്നത്. പട്ടയം ലഭിക്കാൻ അർഹരെന്നു മനുഷ്യാവകാശ കമീഷൻ അടക്കം വിധിച്ചിരുന്നു. ഒരേ സർവേ നമ്പരിൽ ചേർത്ത് പലതവണ പട്ടയം നൽകിയ പ്രദേശങ്ങളും സമീപത്തുണ്ട്. കൊല്ലമുള, പമ്പാവാലി മേഖലകളിലും അർഹരായ നിരവധി കുടുംബങ്ങളുടെ പട്ടയപ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്. കോന്നി നിയോജകമണ്ഡല പരിധിയിൽ 2016ൽ റദ്ദാക്കപ്പെട്ട 1400 പട്ടയങ്ങളിലും ഇതേവരെ തീരുമാനമില്ല. കേന്ദ്രാനുമതി ലഭിക്കുന്ന മുറക്കേ ഈ സ്ഥലത്ത്​ പട്ടയം നൽകാനാകൂവെന്നാണ് അധികൃതർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story