Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:37 AM IST Updated On
date_range 14 Feb 2022 5:37 AM IST'സവിശേഷം വിശേഷം' പംക്തിയിലേക്ക്
text_fieldsbookmark_border
കണ്ണുംനട്ട് കാത്തിരിക്കുന്നവർക്കേ അതിന്റെ കഴപ്പറിയൂ... കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ പലതായി. രണ്ടിലൊന്നറിഞ്ഞിട്ടുവേണം രണ്ടിലൊന്നുചെയ്യാൻ എന്ന തീരുമാനവുമായി കാത്തിരിക്കുന്നവർ ഏറെയാണ്. തങ്ങൾ ഭാരവാഹി പട്ടികക്കുള്ളിലോ പുറത്തോ എന്നതാണ് ആദ്യത്തെ രണ്ടിലൊന്ന്. അക്കാര്യം അറിഞ്ഞിട്ടുവേണം സ്വീകരണം ഏറ്റുവാങ്ങണോ, പൊട്ടിത്തെറിക്കണോ എന്ന് തീരുമാനിക്കാൻ. അതാണ് രണ്ടാമത്തെ രണ്ടിലൊന്ന്. പട്ടിക, സ്വീകരണം, പൊട്ടിത്തെറി എന്നൊക്കെപ്പറഞ്ഞപ്പോൾ ആളുകളെ പിടികിട്ടിക്കാണുമല്ലോ. അതെ കോൺഗ്രസുകാർ തന്നെ. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻറുമാരുടെയും പട്ടികക്കായാണ് കാത്തിരിക്കുന്നത്. തങ്ങൾ പുറത്തോ അകത്തോ എന്നറിഞ്ഞിട്ടുവേണം ഉള്ളുതുറന്ന് എന്തെങ്കിലും പറയാൻ. 15 ഡി.സി.സി ഭാരവാഹികൾ, 16 എക്സിക്യൂട്ടിവ് അംഗങ്ങൾ, 10 ബ്ലോക്ക് പ്രസിഡൻറുമാർ അത്രയേ ഉള്ളൂ ഇത്തവണ സ്ഥാനങ്ങൾ. സ്ഥാനംകിട്ടിയാൽ പുതിയ മാനം തുറന്നുകിട്ടും. അതിനായി കാത്തിരിക്കുന്നവർ അനേകരാണ്. നേരത്തേ 70ന് പുറത്തായിരുന്നു ഡി.സി.സി അംഗങ്ങൾ. അതിൽനിന്നാണ് 31 ആയി ചുരുങ്ങുന്നത്. അതാണ് മിക്കവരും മുട്ടവെച്ചാൽ വേവുന്ന പരുവത്തിൽ കാത്തിരിക്കുന്നത്. ഭാരവാഹിപട്ടിക തയാറാക്കാൻ ജില്ലയുടെ സംഘടന ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ജില്ലയിൽ വന്ന് മടങ്ങിയ അന്ന് തുടങ്ങിയതാണ് കാത്തിരിപ്പും ആകാംക്ഷയും. രണ്ടുംകെട്ട നേരമെന്നല്ലാതെ എന്തുപറയാൻ. അതിനിടയിൽ ഡി.സി.സി പ്രസിഡൻറ് കോവിഡ് ബാധിതനായി. അതോടെ പട്ടിക അന്തിമ രൂപത്തിലാകുന്നത് വൈകി. ഡി.സി.സി ഭാരവാഹി പട്ടികയിൽ ഇടംപിടിക്കാനാണ് ഭൈമീകാമുകന്മാർ ഏറെ. പണിക്കുറവാണ് കാരണം. തേച്ച മുണ്ടും ഷർട്ടും ഏറെദിവസം ഉടയാതെ ഇട്ടുനടക്കാം. വേദികളിൽ വെളുക്കെ ചിരിച്ച് നിറഞ്ഞുനിൽകുക മാത്രമാണ് പണി. ബ്ലോക്ക് പ്രസിഡൻറായാൽ പണികിട്ടും. സാധാരണ പ്രവർത്തകരുമായി ഇടപഴകേണ്ടിവരും. അതിനിടയിൽ പ്രവർത്തകർക്ക് ഇഷ്ടക്കേടുണ്ടായാൽ അതെച്ചൊല്ലി ഇടങ്ങേറും. പണ്ട് ഗ്രൂപ്പിനോടുള്ള കൂറായിരുന്നു മാനദണ്ഡം. ഇപ്പോൾ പഴയ ഭാരവാഹികളിൽനിന്ന് പകുതി, ബാക്കി പകുതി പുതുമുഖങ്ങൾ, പിന്നെ മതം, ജാതി, പോഷകസംഘടന ബലം, വനിത എന്നിങ്ങനെയൊക്കെ നീളുന്നതാണ് മാനദണ്ഡം. അതിനാൽ പലർക്കും ഒരു എത്തുംപിടിയുമില്ല. എം.എം. നസീറിന് മുമ്പ് ഐ വിഭാഗത്തിനോടായിരുന്നു കൂറ്, ന്യൂജൻ ഭാരവാഹികൾ വന്നതോടെ അദ്ദേഹം കൂറുമാറി, അവർക്ക് സ്തുതിപാടുന്നവനായി. സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ കാത്തിരിക്കുകയേ നിർവാഹമുള്ളൂ. എന്നിരുന്നാലും എല്ലാവരും തീരുമാനം എടുത്തുകഴിഞ്ഞെന്നാണ് അറിയുന്നത്. അതാണ് സ്വീകരണം അല്ലെങ്കിൽ പൊട്ടിത്തെറി എന്നത്. പുതിയ സാഹചര്യങ്ങളിൽ പൊട്ടിത്തെറി നിയന്ത്രിത തോതിലായിരിക്കുമെന്ന് മാത്രം. നിയന്ത്രണംവിട്ട് പൊട്ടിത്തെറിക്കുന്നവർക്ക് സ്വീകരണം ഒരുക്കാൻ എൽ.ഡി.എഫിലെ എല്ലാ കക്ഷികളും കച്ചമുറുക്കിക്കഴിഞ്ഞു എന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story