Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:42 AM IST Updated On
date_range 13 Feb 2022 5:42 AM ISTവരട്ടാർ പുനരുജ്ജീവനം: രണ്ടാം ഘട്ടത്തിന് നാളെ തുടക്കം
text_fieldsbookmark_border
ചെങ്ങന്നൂർ: വരട്ടാർ പുനരുജ്ജീവനത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. വരട്ടാർ, ആദിപമ്പ നദികളുടെ പുനരുജ്ജീവന പ്രവൃത്തികളുടെയും തൃക്കയിൽ പാലത്തിന്‍റെ നിർമാണത്തിന്‍റെയും ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ്, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, മാത്യു ടി. തോമസ് എന്നിവർ പങ്കെടുക്കും. പമ്പയെയും മണിമലയാറിനെയും ബന്ധിപ്പിക്കുന്ന ഒമ്പതര കി.മീ. നീളമുള്ള പുഴയായ വരട്ടാർ പത്തനംതിട്ട ജില്ലയിലെ ഓതറ പുതുക്കുളങ്ങരയിൽനിന്ന് തുടങ്ങി ആലപ്പുഴ ജില്ലയിലെ ഇരമല്ലിക്കരയിലാണ് മണിമലയാറ്റിൽ ചേരുന്നത്. പമ്പയിലെയും മണിമലയിലെയും വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള സ്വാഭാവിക ജലനിർഗമന മാർഗമായിരുന്നു വരട്ടാർ. മൂന്നര പതിറ്റാണ്ടുമുമ്പ് വരട്ടാറിന്‍റെ ഒഴുക്കു നിലച്ച് പമ്പയുടെ അടിത്തട്ട് താഴുകയും വരട്ടാറിന്റെ അടിത്തട്ട് പൊങ്ങുകയും ചെയ്തതോടെയാണ് വരട്ടാർ നികന്നത്. 2017 ൽ അന്നത്തെ മന്ത്രിമാരായിരുന്ന ടി.എം. തോമസ് ഐസക്കും മാത്യു ടി. തോമസുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയസന്നദ്ധ സംഘടനകളും ഹരിതകേരള മിഷനുമെല്ലാം കൈകോർത്തു. ജനകീയ കമ്മിറ്റി രൂപവത്കരിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിച്ചതോടെ പുഴ വീണ്ടും ഒഴുകി. മുഖ്യമന്ത്രി പങ്കെടുത്ത് വരട്ടാറിൽ ജലമേളയും നടത്തി. എന്നാൽ, 2018 ഉണ്ടായ പ്രളയത്തിൽ മണ്ണൊലിപ്പ് ആറിന്‍റെ ചില ഭാഗങ്ങളിൽ ഒഴുക്കിനു തടസ്സമായി. ഇതേതുടർന്നാണ് രണ്ടാം ഘട്ട പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ പാലങ്ങൾക്കും നടപ്പാതകൾക്കും ആവശ്യമായ തുക ധനവകുപ്പ് വകയിരുത്തി. പുഴയുടെ വീതി വർധിപ്പിച്ച് ചരിവ് കൂട്ടി ഒഴുക്ക് സുഗമമാക്കും. ഇതിനാവശ്യമായ മണൽ നീക്കം ചെയ്യും. വരട്ടാർ, പമ്പ നദികളുടെ ഭിത്തി കെട്ടാൻ കയർ ഭൂവസ്ത്രം ഉപയോഗിക്കും. മലിനജലം ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സെപ്റ്റേജ് പ്ലാന്റുകൾ സ്ഥാപിക്കും. വരട്ടാർ തീരത്തൂടെയുള്ള നടപ്പാതയും ജൈവവൈവിധ്യ പാർക്കുകളുടെ നിർമാണവുമാണ് രണ്ടാംഘട്ട പദ്ധതിയുടെ പ്രധാന ആകർഷണീയത. തൃക്കയിൽ പാലം പൂർത്തീകരിക്കുന്നതോടുകൂടി വൃന്ദാവൻ കോളനി ഉൾപ്പെടെ സമീപ പ്രദേശങ്ങളിലെ യാത്രക്ലേശത്തിനും പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story