Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:36 AM IST Updated On
date_range 8 Feb 2022 5:36 AM ISTജലവിതരണ പ്രശ്നം: യോഗത്തിനെത്താതെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ; മന്ത്രിയുടെ ശകാരം
text_fieldsbookmark_border
പത്തനംതിട്ട: കുമ്പഴ മേഖലയിലെ ജലവിതരണ പ്രശ്നം പരിഹരിക്കുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം പത്തനംതിട്ട നഗരസഭയിൽ വിളിച്ച യോഗത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കാഞ്ഞത് സംബന്ധിച്ച വിവരം അറിയാൻ മന്ത്രി എക്സിക്യൂട്ടിവ് എൻജിനീയറെ വിളിച്ചപ്പോൾ ഓഫിസിൽ ആരും ഇല്ലെന്ന മറുപടിയാണ് നൽകിയത്. ഇതുകേട്ട് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്യോഗസ്ഥരെ ശകാരിച്ചു. കൗൺസിലർമാർ മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് തിങ്കളാഴ്ച വൈകീട്ട് നാലിനാണ് നഗരസഭ ചെയർമാന്‍റെ ചേംബറിൽ യോഗം വിളിച്ചത്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കുമ്പഴ മേഖലയിലെ 15 മുതൽ 21വരെ വാർഡുകളിലെ പ്രശ്നം ചർച്ചചെയ്യാനായിരുന്നു യോഗം. ഇതോടൊപ്പം അമൃത് പദ്ധതിയെപ്പറ്റിയും ചർച്ചചെയ്യാൻ തീരുമാനിച്ചിരുന്നു. ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, വൈസ് ചെയർപേഴ്സൻ ആമീന ഹൈദ്രാലി, കൗൺസിലർമാരായ ജെറി അലക്സ്, ഇന്ദിരാമണിയമ്മ, അംബിക വേണു, വിമല ശിവൻ, സുജ അജി, ലാലി രാജു എന്നിവർ 4.45 വരെ കാത്തിരുന്നിട്ടും ജല അതോറിറ്റി ഓഫിസിൽനിന്ന് ആരും എത്തിയില്ല. ഇതേതുടർന്ന് പരാതി നൽകിയ കൗൺസിലർമാർ മന്ത്രിയെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിച്ചു. ഇതേതുടർന്നാണ് മന്ത്രി എക്സിക്യൂട്ടിവ് എൻജിനീയറെ ഫോണിൽ വിളിച്ച് ശാസിച്ചത്. കുമ്പഴ മേഖലയിൽ പൈപ്പ് ലൈനിലെ തകരാർ കാരണം മിക്കസ്ഥലത്തും വെള്ളം ലഭ്യമല്ല. വളവുങ്കൽ മുതൽ മുസലിയാർ കോളജ് വരെയുള്ള ഭാഗത്ത് മാസങ്ങളായി പൈപ്പ് പൊട്ടി ജലം പാഴാകുകയാണ്. പുതിയ പൈപ്പ് ലൈനുകളുടെ പണികളും ഇഴഞ്ഞ് നീങ്ങുകയാണ്. നിരവധിതവണ കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫിസിൽ സമരം നടത്തിയതാണെങ്കിലും പരിഹാരം ഉണ്ടായില്ല. ഇപ്പോൾ ഫോൺ വിളിച്ചാൽപോലും എടുക്കുന്നില്ല എന്ന് പരാതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story