Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:38 AM IST Updated On
date_range 6 Feb 2022 5:38 AM ISTനഗരാസൂത്രണ പദ്ധതികൾ മാസ്റ്റർ പ്ലാനിൽ ലയിപ്പിക്കും
text_fieldsbookmark_border
പത്തനംതിട്ട: ജില്ല ആസ്ഥാനത്ത് നിലവിലെ അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികൾ മാസ്റ്റർ പ്ലാനിൽ ലയിപ്പിക്കാൻ നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈന്‍റെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന വിദഗ്ധ സമിതി തീരുമാനിച്ചു. പത്തനംതിട്ട സെൻട്രൽ ഏരിയ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡും പരിസരങ്ങളും, മുനിസിപ്പൽ ബസ്സ്റ്റാൻഡ് കോംപ്ലക്സ്, കണ്ണങ്കര ഭാഗം, കുമ്പഴ ജങ്ഷനും സമീപ പ്രദേശങ്ങളും എന്നിങ്ങനെ അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികളാണ് നിലവിലുള്ളത്. ഈ പദ്ധതികൾ വിശദമായി പരിശോധിച്ച് മാസ്റ്റർ പ്ലാനിൽ ലയിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാൻ നഗരസഭ കൗൺസിൽ 17 അംഗ സ്പെഷൽ കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. നഗരസഭ ചെയർമാൻ അധ്യക്ഷനായ കമ്മിറ്റിയിൽ ജനപ്രതിനിധികളെ കൂടാതെ ജില്ല ടൗൺ പ്ലാനറും നഗരസഭ സെക്രട്ടറിയും മുനിസിപ്പൽ എൻജിനീയറും അംഗങ്ങളാണ്. നിലവിൽ തയാറായിക്കൊണ്ടിരിക്കുന്ന മാസ്റ്റർ പ്ലാനിലെ നിർദിഷ്ട ഭൂവിനിയോഗ മാപ്പിലുള്ള റോഡ് വികസന നിർദേശങ്ങളിൽ സ്കീമിൽ വിഭാവനം ചെയ്തിരിക്കുന്ന റോഡുകളുടെ വീതി നിലനിർത്താനാണ് ശിപാർശ ചെയ്തിട്ടുള്ളത്. അഞ്ച് സ്കീം ഏരിയകളിലുളള വിവിധ റോഡുകൾക്ക് ഏഴുമീറ്റർ മുതൽ 21 മീറ്റർ വരെ വീതി ഉണ്ടാകണമെന്ന ശിപാർശയാണ് സ്പെഷൽ കമ്മിറ്റി കൗൺസിലിലേക്ക് സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗത്തിൽ സമഗ്ര മാറ്റം ഉണ്ടാകും. നഗരത്തിലെ സെൻട്രൽ ഏരിയയിൽ കമേഴ്സ്യൽ സ്ഥാപനങ്ങൾക്കായിരിക്കും മുൻഗണന നൽകുക. ഇതിന് സെൻട്രൽ ഏരിയയിൽ ഉൾപ്പെട്ടുവരുന്ന ഭാഗങ്ങൾ മാസ്റ്റർ പ്ലാനിൽ മിക്സഡ് സോണുകളാക്കി മാറ്റാനുള്ള നിർദേശം സ്പെഷൽ കമ്മിറ്റി അംഗീകരിച്ചു. ഗാന്ധിപ്രതിമയും അതിനോട് അനുബന്ധമായ സ്ഥലങ്ങളും സ്പെഷൽ പ്രോജക്ടായി മാസ്റ്റർ പ്ലാനിൽ ചേർക്കാനാണ് നിർദേശം. കലക്ടറേറ്റ്, ജനറൽ ആശുപത്രി, സെൻട്രൽ ജങ്ഷൻ, ചുട്ടിപ്പാറ, വഞ്ചിപ്പൊയ്ക, കുമ്പഴ മേഖലകൾക്ക് പ്രത്യേക പ്രോജക്ടുകൾ ഉണ്ടാകും. നിലവിലെ ടൂറിസം സാധ്യതകൾകൂടി കണക്കിലെടുത്ത് റിങ് റോഡിനെയും സ്പെഷൽ പ്രോജക്ടായി പരിഗണിക്കണമെന്ന് ശിപാർശയുണ്ട്. സ്പെഷൽ കമ്മിറ്റിയുടെ നിർദേശങ്ങൾ വളരെ പെട്ടെന്നുതന്നെ നഗരസഭ കൗൺസിൽ യോഗം വിളിച്ചു ചേർത്ത് അവതരിപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. ഒരു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന മാസ്റ്റർ പ്ലാനിന്‍റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സമയബന്ധിതമായി പ്രസിദ്ധീകരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story