Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:31 AM IST Updated On
date_range 28 Jan 2022 5:31 AM ISTസംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും കവരാനുള്ള നീക്കം അംഗീകരിക്കാനാവില്ല -മന്ത്രി ആന്റണി രാജു
text_fieldsbookmark_border
പത്തനംതിട്ട: ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. രാജ്യത്തിന്റെ 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ല സ്റ്റേഡിയത്തില്‍ പരേഡില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സുകളില്‍ വര്‍ഗീയതയും വിഭാഗീയതയും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നാം തിരിച്ചറിയണം. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ആരാധനസ്വാതന്ത്ര്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് വിധേയമാകുന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് ഭൂഷണമല്ല. മതനിരപേക്ഷതക്ക് കേരളം മാതൃകയാകുന്നു എന്നത് ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്. ജാതി, മത, ലിംഗ ഭേദമില്ലാതെ തുല്യനീതി ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടനയെ ബഹുമാനിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഓര്‍മിപ്പിച്ച് ഓരോ റിപ്പബ്ലിക് ദിനവും കടന്നുപോകുമ്പോള്‍ നമ്മുടെ ഭരണഘടനാ ശില്‍പി ബാബാ സാഹിബ് അംബേദ്കര്‍ പറഞ്ഞതുപോലെ നമുക്ക് ആദ്യവും അവസാനവും ഇന്ത്യക്കാരായിരിക്കാമെന്നും മന്ത്രി പറഞ്ഞു. അനേകം നേതാക്കളുടെയും അനേകായിരം സാധാരണക്കാരുടെയും ജീവത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും ലോകം അംഗീകരിക്കുന്ന ഇന്ത്യ എന്ന പരമാധികാര റിപ്പബ്ലിക്കും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും ചേർന്ന് മന്ത്രിയെ ജില്ല സ്റ്റേഡിയത്തിലേക്ക് സ്വീകരിച്ചു. ആന്റോ ആന്റണി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍മാരായ പി.കെ. അനീഷ്, അഡ്വ. എ. സുരേഷ് കുമാര്‍, കെ. ജാസിംകുട്ടി, എം.സി. ഷെരീഫ്, എല്‍. സുമേഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് കെ. അനില്‍കുമാര്‍, എ.ഡി.എം അലക്‌സ് പി. തോമസ്, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ജയദീപ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രൗഢ പരേഡ് പത്തനംതിട്ട: ഭാരതത്തിന്റെ 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ല സ്റ്റേഡിയത്തില്‍ നടന്ന സെറിമോണിയല്‍ പരേഡ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് നടന്നത്. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.40ന് പരേഡ് കമാന്‍ഡര്‍ അടൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.ഡി. പ്രജീഷ് പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.45ന് ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും 8.50ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും അഭിവാദ്യം സ്വീകരിച്ചു. ഒമ്പതിന് മുഖ്യാതിഥിയായ മന്ത്രി ആന്റണി രാജു സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന്, മന്ത്രി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് ദേശീയപതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10ന് മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 9.15ന് മന്ത്രി റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നല്‍കി. തുടര്‍ന്ന് ദേശീയഗാനത്തോടെ പരിപാടികള്‍ അവസാനിച്ചു. പരേഡില്‍ നാല് പ്ലാറ്റൂണാണ് അണിനിരന്നത്. റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സാം ജി. ജോസ് നയിച്ച ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലാറ്റൂണ്‍, അടൂര്‍ പൊലീസ് സ്റ്റേഷന്‍ വനിത സബ് ഇന്‍സ്പെക്ടര്‍ കെ.കെ. സുജാത നയിച്ച വനിത പൊലീസ് പ്ലാറ്റൂണ്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ അരുണ്‍ അശോക് നയിച്ച എക്സൈസ് പ്ലാറ്റൂണ്‍, ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. സുബിന്‍ നയിച്ച ഫോറസ്റ്റ് പ്ലാറ്റൂണ്‍ എന്നിവയാണ് അണിനിരന്നത്. ഫോട്ടോ PTL 10 MINISTER FLAG റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ മന്ത്രി അഡ്വ. ആന്റണി രാജു ദേശീയപതാക ഉയര്‍ത്തുന്നു. ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ എന്നിവര്‍ സമീപം PTL 11 MINISTER PARADE റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന പരേഡ് പരിശോധിക്കുന്ന മന്ത്രി അഡ്വ. ആന്റണി രാജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story