Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസോപ്പിൽ വഴുതിവീഴാതെ...

സോപ്പിൽ വഴുതിവീഴാതെ ഇഞ്ച വിപണി

text_fields
bookmark_border
സോപ്പിൽ വഴുതിവീഴാതെ ഇഞ്ച വിപണി
cancel
കോന്നി: കോന്നി തണ്ണിത്തോട് റോഡിലെ പേരുവാലി വനഭാഗങ്ങളില്‍ യാത്രക്കാര്‍ക്ക് കൗതുകമുണര്‍ത്തുകയാണ് ഇഞ്ചവെട്ട് സംഘങ്ങള്‍. വിലയേറിയ സോപ്പുകളും ഷാംപൂകളും സ്ഥാനംപിടിച്ച മാർക്കറ്റുകളിൽ ഇഞ്ചക്ക് ഇന്നും ആവശ്യക്കാരുണ്ട്. പഴയ തലമുറക്ക് പ്രകൃതിയില്‍നിന്ന്​ ലഭിക്കുന്ന ഇഞ്ചയായിരുന്നു സ്നാനത്തിനുള്ള ഷാംപുവും സോപ്പുമെല്ലാം. ആദിവാസി വിഭാഗത്തില്‍പെട്ട ജനവിഭാഗമാണ് വനത്തിനുള്ളില്‍നിന്ന്​ ലഭിക്കുന്ന ഇഞ്ച വിപണിയില്‍ എത്തിക്കുന്നത്. ഇഞ്ചതല്ലിയിളക്കുന്ന ജോലികള്‍ കാണുന്നത് സഞ്ചാരികള്‍ക്ക് കൗതുകം പകരുമെങ്കിലും തണ്ണിത്തോട് മൂഴി ഇലവുങ്കല്‍ കോളനിയില്‍ താമസിക്കുന്ന ശശിക്കും ഭാര്യ ഓമനക്കും അന്നത്തിനുള്ള വകയാണ് ഇഞ്ചശേഖരണം. 40 വര്‍ഷമായി ശശി ഈ ജോലി തുടങ്ങിയിട്ട്. നിശ്ചിത നീളത്തില്‍ മുറിച്ച് വെട്ടുകത്തിയുടെ മൂര്‍ച്ചയില്ലാത്ത ഭാഗം ഉപയോഗിച്ച് തല്ലിയെടുക്കുന്ന ഇഞ്ചകള്‍ ഉണക്കി വില്‍ക്കുകയാണ് ചെയ്യുന്നത്. ഒരു വലിയ കഷണത്തിന് നൂറുരൂപയാണ് വില. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് പോകുന്ന യാത്രക്കാര്‍ ഉള്‍പ്പെടെ കോന്നി തണ്ണിത്തോട് റോഡില്‍ യാത്ര ചെയ്യുന്നവരാണ് ഇവരില്‍നിന്ന്​ ഇഞ്ചവാങ്ങുന്നത്. റോഡരികില്‍നിന്ന് തന്നെ ഇഞ്ച പരുവപ്പെടുത്തുന്നതിനാല്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും സൗകര്യപ്രദമാണ്. വടക്കന്‍ കേരളത്തില്‍ ചെടങ്ങ എന്നും സംസ്കൃതത്തില്‍ നികുഞ്ചിക എന്നും അറിയപ്പെടുന്ന ഇഞ്ചയ്ക്ക് ഔഷധഗുണവും അനവധിയാണ്. ദേഹമാസകലം ഇഞ്ച തേച്ചുള്ള കുളി ആടംബര സ്നാനാനുഭവം നല്‍കുന്നതായി പഴമക്കാര്‍ പറയുന്നു. വെളുത്ത ഇഞ്ച, പാലിഞ്ച തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇലപൊഴിയും വനങ്ങളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഇഞ്ചയുടെ സീസണ്‍. ഉണങ്ങിയ ഇഞ്ച കത്തിക്കുമ്പോഴുണ്ടാകുന്ന പുക കൊതുക് നശീകരണത്തിനും ഉത്തമമാണ്. ഇഞ്ചയുടെ തൊലി പൂക്കള്‍ തുടങ്ങിയവക്കാണ് ഔഷധ ഗുണമേറെയും. ജനിച്ച് മാസങ്ങള്‍ പ്രായമുള്ള കുട്ടികളെ കുളിപ്പിക്കുന്നതിനും പഴമക്കാര്‍ ഇഞ്ചയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്‍റെ മൃദുവായ ഭാഗം സ്നാനത്തിനും പരുപരുത്ത ഭാഗം പാത്രം കഴുകുന്നതിനും ഉപയോഗിക്കുന്നുണ്ട്. പഴമ നഷ്ടപ്പെടാതെയുള്ള രാജകീയ സ്നാനത്തിന്‍റെ തലയെടുപ്പോടെ ജനങ്ങളുടെ മനസ്സില്‍ ഇഞ്ചയുടെ കീര്‍ത്തി ഇന്നും നിലനില്‍ക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story