Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:31 AM IST Updated On
date_range 30 Nov 2021 5:31 AM ISTമഴയെന്നുകേട്ടാൽ കുരമ്പാല തോട്ടുകരക്ക് ചങ്കിടിപ്പ്
text_fieldsbookmark_border
പന്തളം: തകർത്തൊരു മഴപെയ്താൽ കുരമ്പാല തോട്ടുകര ഭാഗം മുങ്ങും. തോട് കവിഞ്ഞ് വീടുകളിൽ വെള്ളമെത്തും. ഞായറാഴ്ച പെയ്ത മഴയിലും രാത്രി ബണ്ട് കവിഞ്ഞ് തോട്ടുകര ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറി. തിങ്കളാഴ്ച രാവിലെ ഇറങ്ങുകയും ചെയ്തു. മുന്നറിയിപ്പില്ലെങ്കിലും മഴക്കാലമെന്ന് കേൾക്കുമ്പോൾ കുരമ്പാല തോട്ടുകര നീർനാമുക്കിലുള്ളവർക്ക് ഉള്ളിൽ ഭയമാണ്. വർഷത്തിൽ രണ്ടും മൂന്നും തവണ വലിയതോട് കരകവിഞ്ഞൊഴുകുമ്പോൾ വീട്ടുപകരണങ്ങളുമായി വീടുവിട്ട് അഭയകേന്ദ്രങ്ങളിലെത്തണം. മഴ ശമിച്ചാലും ദിവസങ്ങളോളം വീട്ടിലേക്ക് കാലുകുത്താൻകൂടി കഴിയില്ല. ചളി നിറഞ്ഞിരിക്കും. കുരമ്പാല-പഴകുളം റോഡിൽ തോട്ടുകര പാലത്തിനു സമീപമുള്ള മുപ്പതോളം വീട്ടുകാർക്കാണ് ഈ ദുർഗതി. പറന്തൽ വഴി ഒഴുകിയെത്തുന്ന കരിങ്ങാലി വലിയതോട് കരകവിഞ്ഞാണ് വീടുകളും കൃഷിയിടങ്ങളും മുങ്ങുന്നത്. വീടുകൾ ഒറ്റപ്പെടും. പറന്തൽ പാലം മുതൽ താഴെ തോട്ടുകര പാലം വരെ ഇരുകരകളിലുമുള്ള വീടുകളും ഇവിടേക്കെത്താനുള്ള വഴിയുമാണ് മുങ്ങുന്നത്. കല്യാണിക്കൽ-അരയക്കോടിക്കൽ റോഡാണ് തോട്ടിൽ വെള്ളം നിറഞ്ഞാലുടൻ ആദ്യം മുങ്ങിപ്പോകുന്നത്. ഓരോ തവണയും വെള്ളം പൊങ്ങുമ്പോൾ വാഗ്ദാനങ്ങളുമായി ജനപ്രതിനിധികളും പരിഹാരം നിർദേശിച്ച് ജലസേചനവകുപ്പും എത്തുന്നുണ്ടെങ്കിലും ഇവിടെ ഒരു പദ്ധതിയും വെളിച്ചംകണ്ടില്ല. പറന്തൽ പാലം മുതൽ താഴെ തോട്ടുകര പാലം വരെയുള്ള ഭാഗത്ത് തോട്ടിലെ ചളികോരി ആഴം കൂട്ടിയും സംരക്ഷണഭിത്തി ബലപ്പെടുത്തിയും വെള്ളപ്പൊക്കത്തിൽനിന്ന് ഇവരെ രക്ഷിക്കാനാകും. കൃഷിയിടങ്ങൾക്കും വെള്ളപ്പൊക്കം ഭീഷണിയാണ്. സമീപപ്രദേശങ്ങളിലെ ഏറ്റവും വലിയ കാർഷികമേഖലയാണ് കുരമ്പാല. കരിങ്ങാലി പാടത്തേക്കുള്ള തോട്ടിൽനിന്നാണ് കൃഷിയിടങ്ങളിലേക്ക് വെള്ളം ഇരച്ചുകയറുന്നത്. ഷട്ടറുകൾ, സംരക്ഷണഭിത്തികൾ എന്നിവ തകരാറിലായതോടെ വെള്ളം നിയന്ത്രിക്കാനുള്ള മാർഗവും അടഞ്ഞു. വെറ്റിലക്കൊടി, ഏത്തവാഴ, പച്ചക്കറിയിനങ്ങൾ തുടങ്ങി എല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തോട്ടിലെ മണ്ണ് കോരി ആഴം കൂട്ടുകയും സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുകയും വേണമെന്ന ആവശ്യം ശക്തമാണ്. ജലസേചനവകുപ്പാണ് ഇതിനുവേണ്ട പദ്ധതി തയാറാക്കേണ്ടതെന്ന് നഗരസഭ കൗൺസിലർ പി.ജി. അജിത കുമാരി പറഞ്ഞു. ഫോട്ടോ: കഴിഞ്ഞ രാത്രിയുണ്ടായ മഴയിൽ തോട് നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
