Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:35 AM IST Updated On
date_range 6 Nov 2021 5:35 AM ISTപുളിക്കത്രക്കുഴിയിലെ വീടുകളിൽ വീണ്ടും വെള്ളം കയറി
text_fieldsbookmark_border
തിരുവല്ല: തിരുമൂലപുരം പുളിക്കത്രക്കുഴിയിലെ ഇരുപതോളം വീടുകളിൽ വീണ്ടും വെള്ളം കയറി. കനത്ത മഴയെത്തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതാണ് പ്രദേശത്ത് വെള്ളം കയറാൻ ഇടയാക്കിയത്. തിരുവല്ല നഗരസഭയിലെ 18ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗമാണിത്. മണിമലയാറ്റിൽനിന്ന് നേരിട്ട് വെള്ളം കയറുന്ന പ്രദേശമാണിത്. ഇക്കഴിഞ്ഞ മേയ് മുതൽ ആറു മാസത്തിനിടെ മാത്രം 18 പ്രാവശ്യം വീടുകൾക്കുള്ളിലടക്കം വെള്ളം കയറിയതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ വർഷം വരെ കാലവർഷക്കാലത്ത് മാത്രമാണ് ഈ പ്രദേശത്ത് വെള്ളം കയറിയിരുന്നതെന്നും എന്നാൽ ഇപ്പോൾ വെള്ളമൊഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ഒന്നോ രണ്ടോ കിണറുകൾ ഒഴിച്ചാൽ പ്രദേശത്തെ മുഴുവൻ കിണറുകളും വെള്ളത്താൽ മൂടി. ഒരു വീട്ടിൽപോലും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭിച്ചിട്ടുമില്ല. ഇക്കാരണത്താൽ വലിയ ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്ക സമയത്ത് പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കുകയായിരുന്നു. പ്രദേശത്തെ 10 കുടുംബങ്ങളിലെ 15ഓളം പേർ കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതൽ കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇക്കാരണത്താൽ വെള്ളം കയറിയ വീടുകളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനാകാത്ത സാഹചര്യവും നിലനിൽക്കുന്നു. വെള്ളം കയറിയ വീടുകളിൽ ഉള്ളവരിൽ ഏറിയ പങ്കും അവരവരുടെ വീടുകളിൽതന്നെ തുടരുകയാണ്. ചിലർ അയൽവാസികളുടെ വീടുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. പതിവാകുന്ന വെള്ളപ്പൊക്കത്തിൽനിന്നും തങ്ങളെ കരകയറ്റാൻ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
