Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:36 AM IST Updated On
date_range 29 Oct 2021 5:36 AM ISTസ്‌കൂള്‍ തുറക്കല്‍: മുന്നൊരുക്കം വിലയിരുത്തി
text_fieldsbookmark_border
പത്തനംതിട്ട: സ്‌കൂളുകള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച മുന്നൊരുക്ക പ്രവര്‍ത്തനം നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ വിലയിരുത്തി. ജനപ്രതിനിധികളും പ്രഥമാധ്യാപകരും അവലോകന യോഗത്തില്‍ പങ്കെടുത്തു. സുരക്ഷിതമായ സ്‌കൂള്‍ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനം നടന്നുവരുകയാണ്. സ്‌കൂളുകളും പരിസരവും ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളുടെ പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ചെയര്‍മാൻെറ ഓക്സിമീറ്റര്‍ ചലഞ്ചിലൂടെ ലഭ്യമായ ഓക്സിമീറ്ററുകള്‍ ജില്ല ആസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും വിതരണം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സൻ ആമിന ഹൈദരാലി അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഷമീര്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഇന്ദിരാമണി, നഗരസഭ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, അഡ്വ. റോഷന്‍ നായര്‍, എ. അഷറഫ്, സെക്രട്ടറി ഷെര്‍ള ബീഗം, ബി.ആർ.സി കോഓഡിനേറ്റര്‍ എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ചിത്രം PTL 11 OXY സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യാനുള്ള ഓക്സിമീറ്ററുകള്‍ ബി.ആര്‍.സി കോഓഡിനേറ്റര്‍ എസ്. സുനില്‍കുമാറിന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ കൈമാറുന്നു വിദ്യാലയങ്ങളിലേക്കുള്ള യാത്ര കരുതലോടെയാകട്ടെ -ഡി.എം.ഒ പത്തനംതിട്ട: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ പറഞ്ഞു. കോവിഡ് സാധ്യത സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ അധ്യാപകരും കുട്ടികളും മറ്റ് ജീവനക്കാരും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണം. അധ്യാപകരും രക്ഷാകര്‍ത്താക്കളും പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള നിർദേശം കുട്ടികള്‍ക്ക് നല്‍കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മൂക്കും വായും മൂടത്തക്കവിധത്തില്‍ എല്ലായ്പ്പോഴും ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുക. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്്ത്തരുത്. മാസ്‌ക് നനയുകയാണെങ്കില്‍ മാറ്റി ധരിക്കുന്നതിനുവേണ്ടി പകരം കൈയില്‍ കരുതണം. ഉപയോഗിച്ച ശേഷം മാസ്‌കുകള്‍ വലിച്ചെറിയരുത്. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ അണുമുക്തമാക്കുക. കൂട്ടം കൂടി നില്‍ക്കരുത്. എല്ലായ്പ്പോഴും സുരക്ഷിതമായ അകലം പാലിക്കുക. ക്ലാസ് മുറികളിലെ ജനാലകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തുക. ആഹാരം, കുടിവെള്ളം, പഠനസാമഗ്രികള്‍ എന്നിവ കൈമാറാതിരിക്കുക. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ മാസ്‌കില്ലാത്തതിനാല്‍ രോഗപ്പകര്‍ച്ചക്കുള്ള സാധ്യത കൂടുതലാണ്. ചുവരുകള്‍, കൈവരികള്‍ തുടങ്ങിയ ഇടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കരുത്. ശൗചാലയം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക. പനി, ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയിലേതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്‌കൂളില്‍ പോകാതിരിക്കുക. അതുപോലെ വീട്ടില്‍ ആര്‍ക്കെങ്കിലും ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും സ്‌കൂളില്‍ പോകരുത്. സ്‌കൂളില്‍ എത്തിയശേഷം എന്തെങ്കിലും രോഗലക്ഷണമോ, ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍ അധ്യാപകരെ അറിയിക്കുക. സ്‌കൂള്‍ സമയം കഴിഞ്ഞാലുടന്‍ വീട്ടിലേക്കു മടങ്ങുക. വീട്ടിലെത്തിയാലുടന്‍ ധരിച്ച വസ്ത്രങ്ങള്‍ സോപ്പു വെള്ളത്തില്‍ മുക്കിവെക്കുക. കുളിച്ച് വൃത്തിയായതിനു ശേഷംമാത്രം മറ്റുള്ളവരുമായി ഇടപഴകുക. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നത് എലിപ്പനിക്ക് കാരണമായേക്കാം. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക. വീട്ടില്‍നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍ രോഗം ബാധിക്കാനുള്ള നിരവധി സാഹചര്യങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ക്ക് കോവിഡ് ഗുരുതരമാകാനുള്ള സാധ്യത കുറവാണെങ്കിലും രോഗവാഹകരാകാനുള്ള സാധ്യതനിലനില്‍ക്കുന്നുണ്ട്. അതിനാല്‍ എല്ലാ കുട്ടികളും അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിർദേശങ്ങള്‍ അനുസരിക്കണം. കുട്ടികള്‍ സുരക്ഷിതരാകാന്‍ മാതാപിതാക്കള്‍, വീട്ടിലെ 18 വയസ്സിനു മുകളിലുള്ളവര്‍, അധ്യാപകര്‍, സ്‌കൂളിലെ മറ്റ് ജീവനക്കാര്‍, ബസ് ജീവനക്കാര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ വാക്സിനെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story