പത്തനംതിട്ട: ആർക്കും ഭൂരിപക്ഷമില്ലാത്ത തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ കോൺഗ്രസ്, എൻ.ഡി.എ പിന്തുണയോടെ സി.പി.എം വിമതൻ പ്രസിഡൻറായി. സ്വതന്ത്രരും യു.ഡി.എഫ്, എൻ.ഡി.എ അംഗങ്ങളും എത്താഞ്ഞതിനാൽ ക്വോറം തികയാത്തതുമൂലം പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ചയാണ് നടന്നത്.
13ാം വാർഡിൽനിന്ന് സി.പി.എം വിമതനായി വിജയിച്ച ബിനോയ് ചരിവുപുരയിടത്തിലാണ് യു.ഡി.എഫ്, എൻ.ഡി.എ പിന്തുണയോടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് -5, യു.ഡി.എഫ് -3, എൻ.ഡി.എ -3, സ്വതന്ത്രർ -2 എന്നിങ്ങനെയാണ് കക്ഷിനില. ആദ്യ രണ്ടുവർഷം പ്രസിഡൻറാക്കാമെങ്കിൽ എൽ.ഡി.എഫിന് പിന്തുണ നൽകാമെന്ന് ബിനോയ് പറഞ്ഞിരുെന്നങ്കിലും എൽ.ഡി.എഫ് നേതൃത്വം അംഗീകരിച്ചില്ല.
ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് വിമതയായ ഷെറിൻ െവെസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. െവെസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും സ്ഥാനാർഥികളെ നിർത്തി. ഇതിൽ യു.ഡി.എഫും ബി.ജെ.പിയും തുല്യമായി വന്നപ്പോൾ നറുക്കടുപ്പിൽ യു.ഡി.എഫ് പുറത്തായി.
പിന്നീട് എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലായി മത്സരം. ഇതിൽ ആറ് വോട്ട് നേടി ഷെറിൻ വൈസ് പ്രസിഡൻറാകുകയായിരുന്നു. പ്രസിഡൻറ് ബിനോയ് ചരിവുപുരയിടത്തിൽ ആർക്കും വോട്ട് ചെയ്തില്ല.