Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം നഗരസഭ...

പന്തളം നഗരസഭ ചെയർപേഴ്സൻ പുറത്തേക്ക്

text_fields
bookmark_border
ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍റേതാണ്​ നിർദേശം പന്തളം: നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിനെ മാറ്റാൻ ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍റെ നിർദേശം. പാർട്ടി ജില്ല, മണ്ഡലം നേതൃത്വങ്ങൾക്ക്​ സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ലഭിച്ചതായാണ്​ അറിവ്​. ജില്ല കമ്മിറ്റിയിൽ ദിവസങ്ങൾ നീണ്ട അനുരഞ്ജന ചർച്ചകൾ പാളിയതിനെ തുടർന്ന്​ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിടുകയായിരുന്നു. ശനിയാഴ്ച കൊല്ലത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ നഗരസഭ ചെയർപേഴ്സനെ ഒഴിവാക്കണമെന്ന് നിർദേശം ഉയർന്നു. ആർ.എസ്.എസ് നേതൃത്വവുമായി ബി.ജെ.പി നേതൃത്വംകൂടി ആലോചിച്ചശേഷമാണ്​ ചെയർപേഴ്​സൻ സുശീല സന്തോഷിനെ മാറ്റാനുള്ള നിർദേശം ജില്ല, മണ്ഡലം കമ്മിറ്റി നേതൃത്വങ്ങൾക്ക്​ നൽകിയത്​. ഞായറാഴ്ച ഉച്ചയോടെയാണ് ജില്ല കമ്മിറ്റി പന്തളത്തെ പാർട്ടി നേതൃത്വത്തോട് ചെയർപേഴ്സന്റെ രാജി ആവശ്യപ്പെടാൻ നിർദേശം നൽകിയത്. രാജി സംബന്ധിച്ച് ചെയർപേഴ്സൻ മൗനം തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച നഗരസഭ ഓഫിസിൽ എത്തിയ ചെയർപേഴ്സന്‍റെയും ഭർത്താവിന്റെയും ചിത്രം അശ്ലീല ചുവയോടെ ബി.ജെ.പിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ പാർലമെന്‍ററി പാർട്ടി ലീഡർ കെ.വി. പ്രഭ പോസ്റ്റ് ചെയ്തതാണ് വിവാദത്തിന് കാരണമായത്. വിവിധ ചിത്രങ്ങളെടുത്ത്​ ബി.ജെ.പി നഗരസഭ കൗണ്‍സിലര്‍മാര്‍ ഉൾപ്പെടുന്ന ഗ്രൂപ്പിലിട്ടു. ഭാര്യയാണോ ഭര്‍ത്താവാണോ ചെയര്‍പേഴ്‌സൻ എന്ന തരത്തില്‍ കമന്റ് വരുകയും ചെയ്തു. ഈ പടമെടുത്ത് അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തത് കെ.വി. പ്രഭയാണെന്നുപറഞ്ഞ് തിങ്കളാഴ്ച വൈകീട്ട്​ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ബഹളം നടന്നു. പാഞ്ഞെത്തിയ ചെയര്‍പേഴ്‌സൻ സുശീല സന്തോഷ് കൗണ്‍സിലര്‍ കെ.വി. പ്രഭയെ അസഭ്യം വിളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മറ്റു ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന പ്രഭ അപ്രതീക്ഷിതമായ അസഭ്യവർഷത്തില്‍ ആദ്യം പകച്ചുപോകുന്നതും പിന്നീട് പ്രതികരിക്കുന്നതും വിഡിയോയില്‍ കാണാം. രോഷത്തോടെ പ്രതികരിക്കുന്ന ചെയര്‍പേഴ്‌സൻ, പ്രഭയെ കൈയേറ്റം ചെയ്യുമെന്ന് പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഇവര്‍ തമ്മിലുള്ള ശീതസമരം മറനീക്കിയിട്ട് അധികകാലമായില്ല. ആകെയുള്ള 33 സീറ്റില്‍ 18ഉം നേടിയാണ് പന്തളം നഗരസഭ ഭരണം ബി.ജെ.പി പിടിച്ചത്. തെക്കൻ കേരളത്തിൽ ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തിയത്​ പന്തളം നഗരസഭയിലാണ്. ഭരണ പാരമ്പര്യവും നേതൃഗുണവുമുള്ള മുതിര്‍ന്ന പലരെയും പരിഗണിക്കാതെ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള സുശീല സന്തോഷിനെ ചെയര്‍പേഴ്‌സനാക്കി വലിയ മാറ്റത്തിന്‍റെ സൂചനയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയത്. ഇവിടെ തീര്‍ന്നു എല്ലാം. പിന്നീട് കുത്തഴിഞ്ഞ ഭരണം നടക്കുന്നതാണ് നഗരസഭയില്‍ കണ്ടത്. ഭരണ പരിചയമില്ലാത്ത, നവാഗതരായ വനിതകളുടെ കൈയിലായി നഗരസഭ ഭരണം. ചെയര്‍പേഴ്‌സൻ, വൈസ് ചെയര്‍പേഴ്‌സൻ എന്നിവര്‍ വനിതകള്‍. എങ്ങനെ ഭരിക്കണം, എന്തുചെയ്യണമെന്ന് അറിയില്ല. അധികാരമേറിയ അന്നുമുതൽ നന്നായി ഭരിക്കുന്നതിന്​ പകരം പന്തളത്തെ ബി.ജെ.പിക്കാര്‍ തമ്മിലടിക്കാനാണ് നോക്കുന്നതെന്ന വിമർശനം ശക്തമാണ്​. എല്‍.ഡി.എഫ്- ഒമ്പത്​, യു.ഡി.എഫ്- അഞ്ച്​, സ്വതന്ത്ര ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റു കക്ഷിനില.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story