Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:22 AM IST Updated On
date_range 2 Aug 2022 12:22 AM ISTകനത്ത മഴ; പ്രളയ ഭീതി
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിൽ മഴ കനത്തു. ഇതോടെ റെഡ് അലർട്ടും പ്രഖ്യാപിച്ചു. റാന്നി, സീതത്തോട്, ചിറ്റാർ പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുകയാണ്. ജില്ലയിലെ അപകട സാധ്യതയുള്ള മേഖലകളിലുള്ളവർ മുൻകരുതലിൻെറ ഭാഗമായി ക്യാമ്പുകളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. റാന്നിയിൽ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. റബർ, കപ്പ, ഏത്തവാഴ കൃഷികൾക്ക് വലിയ രീതിയിൽ നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. നദിയും തോടുകളും നിറഞ്ഞു. പ്രധാന നദികളിൽ ജലനിരപ്പുയർന്നു. നദികളുടെ ഇരുകരയിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പുറമറ്റത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു. റാന്നി അത്തിക്കയത്ത് ആറ്റിൽ വീണ് ഒരാളെ കാണാതായി. ശക്തമായ മഴയും കുത്തൊഴുക്കും കാരണം ആറ്റിലിറങ്ങിയുള്ള രക്ഷാ പ്രവർത്തനം തടസ്സപ്പെടുന്നുണ്ട്. ആറന്മുള, ചെങ്ങന്നൂർ, തിരുവല്ല ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ഇവിടെ ആവശ്യമെങ്കിൽ ക്യാമ്പുകൾ തുടങ്ങാൻ താഹസിൽദാർമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നു. കിഴക്കൻ വനമേഖലകളിൽ ഇടക്കിടെ ഉരുൾപൊട്ടുന്നതും നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നുണ്ട്. മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു കോന്നി: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴക്ക് ശമനമില്ല. ഞായറാഴ്ച 64 മി.മീ മഴയും തിങ്കളാഴ്ച 42 മി.മീ മഴയും കോന്നിയിൽ രേഖപ്പെടുത്തി. മലയോര മേഖലയായ തണ്ണിത്തോട്, തേക്കുതോട്, ചിറ്റാർ, വയ്യാറ്റുപുഴ, സീതത്തോട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. പലയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടിട്ടുണ്ട്. തണ്ണിത്തോട് മേക്കണ്ണം മുളമൂട്ടിൽ വീട്ടിൽ എം.പി സരളയുടെ വീടിൻെറ സംരക്ഷണഭിത്തി മഴയിൽ തകർന്നു. ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. എലിമുള്ളുംപ്ലാക്കൽ പേരുവാലി കുളഞ്ഞിപ്പടി റോഡിൽ വെള്ളപ്പാച്ചിലിനെത്തുടർന്ന് കോൺക്രീറ്റ് ഇളകി മാറി റോഡ് തകർന്നു. എലിമുള്ളുംപ്ലാക്കലിൽ ആവോലിക്കുഴി ഭാഗത്തുനിന്ന് മഴവെള്ള പാച്ചിലിൽ ചാവരുപാണ്ടി റോഡിലേക്ക് കല്ലും ചളിയും ഒഴുകി ഇറങ്ങി ഗതാഗതം തടസ്സപ്പെട്ടു. ചാവരുപാണ്ടി മാടത്തേത് പടി റോഡിൻെറ സംരക്ഷണ ഭിത്തി തകർന്നു. കല്ലാറ്റിലും അച്ചൻകോവിലാറ്റിലും ജല നിരപ്പ് ഉയർന്നു. കല്ലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അടവി കൊട്ടവഞ്ചി സവാരി രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു. ചിറ്റാർ, സീതത്തോട് വില്ലേജ് പരിധിയിൽ ശക്തമായ മഴയെത്തുടർന്ന് വീടുകളുടെ മുറ്റം വരെ വെള്ളം കയറി. കൊച്ചുകോയിക്കൽ പള്ളിക്ക് സമീപം റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്ത് തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഐരവൺ മഞ്ഞക്കടമ്പ് പുത്തൻപുരക്കൽ വീട്ടിൽ വർഗീസ്, പേരകത്ത് ജങ്ഷൻ ആലുംമൂട്ടിൽ വീട്ടിൽ അംബുജാക്ഷി എന്നിവരുടെ വീടിൻെറ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story