Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:38 AM IST Updated On
date_range 27 Jun 2022 5:38 AM ISTകോഴഞ്ചേരിയിൽ അനധികൃത പാര്‍ക്കിങ് വ്യാപകം
text_fieldsbookmark_border
കോഴഞ്ചേരി: നിയമം പാലിക്കേണ്ടവർ തന്നെ അത് ലംഘിക്കുന്ന കാഴ്ചയാണ് കോഴഞ്ചേരി ടൗണിലെ പാർക്കിങ്ങിന്‍റെ കാര്യത്തിൽ നടക്കുന്നത്. റോഡിന് ഇരുവശവും പാർക്ക് ചെയ്ത വാഹനങ്ങളുടെ നീണ്ടനിരയാണ് എപ്പോഴും. ഇവയിൽ മിക്കതും പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളാണ്. ഇതുവഴി പോകുന്ന വാഹനയാത്രക്കാരും കാൽനടക്കാരും ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നു. കോഴഞ്ചേരി-ഇലവുംതിട്ട റോഡില്‍ തെക്കേമലക്കും പന്നിവേലിച്ചിറക്കും മധ്യയുള്ള അരകിലോമീറ്റര്‍ ദൂരം കടന്നുകിട്ടാന്‍ ഇപ്പോള്‍ മണിക്കൂറുകര്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ്. സ്‌കൂള്‍ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കോഴഞ്ചേരി-തെക്കേമല-ഇലവുംതിട്ട റോഡില്‍ പഴയ പ്രശാന്ത് തിയറ്റര്‍ മുതലാണ് അനധികൃത പാര്‍ക്കിങ്. ഇടുങ്ങിയ പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ അടിയന്തര ആവശ്യങ്ങള്‍ക്ക് പോകേണ്ട വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നു. ഈ സ്ഥലത്ത് പ്രവർത്തിക്കുന്ന സര്‍വിസ് സെന്ററില്‍ വരുന്ന വാഹനങ്ങളാണ് റോഡ് കൈയടക്കി പാര്‍ക്ക് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍വിസ് സെന്ററില്‍ വരുന്ന വാഹനങ്ങള്‍ അവരുടെ കോമ്പൗണ്ടില്‍ ഇടാതെ റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്യുകയാണെന്നും ആരോപണമുണ്ട്. ഇതില്‍ നിരവധി പൊലീസ്, എക്‌സൈസ് വാഹനങ്ങളുമുണ്ട്. പൊലീസ് ബോര്‍ഡ് കാണുന്നതിനാല്‍ ആരും പ്രതികരിക്കാറുമില്ല. ഇരുവശത്തുനിന്ന് വാഹനങ്ങള്‍ വന്നാല്‍ ഇടുങ്ങിയ റോഡില്‍ കടന്നുപോകാന്‍ കഴിയുന്നില്ല. ഗതാഗതക്കുരുക്ക് തെക്കേമല ജങ്ഷനിലേക്ക് നീളുന്നതോടെ തിരുവല്ല-പത്തനംതിട്ട, ആറന്മുള-കോഴഞ്ചേരി സംസ്ഥാന പാതകളും സ്തംഭിക്കും. റോഡിനു സമീപം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ പെറ്റിയടിക്കാന്‍ ഓടുന്ന പൊലീസ് ഇവിടെ കണ്ണടക്കുകയാണ്. രണ്ടു സൈഡ് പാര്‍ക്കിങ് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രത്യേകിച്ച് വളവുവരുന്ന സ്ഥലത്താണ് അനധികൃത പാര്‍ക്കിങ് നടക്കുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇലവുംതിട്ട-തെക്കേമല റോഡ് വികസനം നടന്നപ്പോള്‍ ഈ ഭാഗത്തുമാത്രം വീതികൂട്ടല്‍ നടന്നില്ല. ഗ്രാമപഞ്ചായത്തും പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി പൗരാവലി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story