Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:43 AM IST Updated On
date_range 25 Jun 2022 5:43 AM ISTസ്വയം ആശംസനേർന്ന് കുഞ്ഞാക്കുവിന്‍റെ ഫ്ലക്സ്; പിന്നിൽ ഇല്ലായ്മകളുടെ കഥയും
text_fieldsbookmark_border
എസ്.എസ്.എൽ.സി പരീക്ഷയിൽ തോൽവി ആശംസിച്ചവർക്കുള്ള മറുപടിയാണിതെന്ന് ജിഷ്ണു കൊടുമൺ: പരീക്ഷയിൽ വിജയിച്ച വിദ്യാർഥി തനിക്കുതന്നെ ആശംസയർപ്പിച്ച് ഫ്ലക്സ് സ്ഥാപിച്ചത് കണ്ടവർക്ക് കൗതുകമായെങ്കിലും അതിന് പ്രേരണയായത് ഇല്ലായ്മകൾക്ക് നടുവിൽ നൊമ്പരപ്പെടുന്ന മനസ്സ്. അങ്ങാടിക്കൽ സ്വദേശി കുഞ്ഞാക്കു എന്ന ജിഷ്ണു ആണ് സ്വന്തം വിജയം ആഘോഷിക്കാൻ സ്വയം ഫ്ലക്സ് സ്ഥാപിച്ചത്. കുഞ്ഞാക്കു കൂളിങ്ഗ്ലാസ് വെച്ചിരിക്കുന്ന പടവും ഒപ്പം തലവാചകവും: ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. ഒപ്പം ഇങ്ങനെയും എഴുതിയിരുന്നു. 2022 എസ്.എസ്.എൽ.സി പരീക്ഷയിൽ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക് എന്‍റെ തന്നെ അഭിനന്ദനങ്ങൾ. കൊടുമൺ-അങ്ങാടിക്കൽ റോഡിൽ അങ്ങാടിക്കൽ തെക്ക് മണക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമാണ് ബോർഡ് സ്ഥാപിച്ചത്. അങ്ങാടിക്കൽ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതിൽ അരിയംകുളത്ത് ഓമനക്കുട്ടന്റെയും ദീപയുടെയും മകനാണ് കുഞ്ഞാക്കു. ഫ്ലക്സ് പെട്ടെന്ന് നവമാധ്യമങ്ങളിൽ വൈറലായി. ഇല്ലായ്മയുടെ നടുവിൽനിന്നാണ് ജിഷ്ണു ഇരട്ടസഹോദരിയായ വിഷ്ണുപ്രിയക്കൊപ്പം എസ്.എസ്.എൽ.സി വിജയിച്ചത്. മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലായിരുന്നു ഇരുവരുടെയും പഠനം. വീട്ടിൽ വൈദ്യുതി എത്തിയത് ഒരാഴ്ച മുമ്പ് മാത്രമാണ്. മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. ഇവരുടെ കൊച്ചു വീട്ടിൽ ജ്യേഷ്ഠൻ വിഷ്ണു, അച്ഛന്‍റെ അമ്മ, 30 വർഷമായി തളർന്നുകിടക്കുന്ന അച്ഛന്‍റെ അനുജൻ എന്നിവരുമുണ്ട്. താൻ ഒരിക്കലും എസ്.എസ്.എൽ.സി വിജയിക്കില്ലെന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കിയിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. ഇത് തന്‍റെ മനസ്സിനെ മുറിവേൽപ്പിച്ചെന്നും അതാണ് ഫ്ലക്സ് വെക്കുവാൻ പ്രേരിപ്പിച്ചതെന്നും ജിഷ്ണു പറഞ്ഞു. കളിയാക്കിയവരോടുള്ള മധുരമായ പ്രതികാരംവീട്ടൽ കൂടിയാണ് ഫ്ലക്സ് സ്ഥാപിച്ചത്. വീട്ടിൽ പഠനാന്തരീക്ഷം യോജിച്ചതല്ലാത്തതിനാൽ പത്തനാപുരം കുറുമ്പകരയിലെ അമ്മയുടെ വീട്ടിൽനിന്നാണ് ഇരുവരും പഠിച്ചത്. ഹൈസ്കൂൾ ക്ലാസുകളിൽ കുറുമ്പകര സി.എം.എച്ച്.എസിലായിരുന്നു പഠനം. ബോർഡ് സ്ഥാപിക്കാൻ ജിഷ്ണുവിന്‍റെ കൈയിലെ പണം തികഞ്ഞില്ല. തൊട്ടടുത്ത നവജ്യോതി കായിക കലാസമിതിയിലെ കൂട്ടുകാരുടെകൂടി സഹായത്തോടെയാണ് ഫ്ലക്സ് സ്ഥാപിച്ചത്. പ്ലസ് വൺ പഠനത്തിനൊരുങ്ങുകയാണ് ജിഷ്ണുവും വിഷ്ണുപ്രിയയും. ----- Phot. സ്ഥാപിച്ച ഫ്ലക്സിന് സമീപം ജിഷ്ണു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story