Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:39 AM IST Updated On
date_range 23 Jun 2022 5:39 AM ISTജലം മലിനമാക്കുന്ന ക്വാറികൾക്കെതിരെ നടപടി നിർദേശിച്ച് എം.എൽ.എ
text_fieldsbookmark_border
കോന്നി: ജനങ്ങളുടെ കുടിവെള്ളം മലിനമാക്കുന്ന ക്രഷർ യൂനിറ്റിനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ. കോന്നി പഞ്ചായത്ത് ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അടുകാട് ഇൻഡസ്ട്രീസിൽനിന്നും വിനായക ഗ്രാനൈറ്റ്സിൽനിന്നും അടുകാട് തോട്ടിലൂടെ മാലിന്യം ഒഴുക്കിവിട്ട് പഞ്ചായത്ത് തടയണയിലും കുടിവെള്ള ഓലിയിലുമുള്ള ജലം മലിനമാക്കുന്നതിനെതിരെ പ്രദേശവാസികളായ 60 കുടുംബങ്ങൾ എം.എൽ.എക്ക് പരാതി നൽകിയിരുന്നു. മാലിന്യം നിറഞ്ഞ കുടിവെള്ളമാണ് ഓലിയിൽനിന്ന് ജനങ്ങൾക്ക് ലഭിക്കുന്നത്. തടയണയിലെ ജലത്തിൽ കുളിച്ചാൽ ജനങ്ങൾക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും പതിവാണ്. ഈ വിഷയങ്ങൾ ശ്രദ്ധയിൽപെട്ട എം.എൽ.എ പൊലീസ്, റവന്യൂ, പഞ്ചായത്ത്, ആരോഗ്യ, മൈനിങ് ആൻഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെയും കൂട്ടിയാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്. പാറമട സൃഷ്ടിക്കുന്ന വിവിധ പ്രശ്നങ്ങൾ ജനങ്ങൾ ഉദ്യോഗസ്ഥ മേധാവികളുടെ മുമ്പാകെ വിശദമായി ബോധ്യപ്പെടുത്തി. കുടിവെള്ളം മലിനമാകുന്ന നിലയിൽ മാലിന്യം പുറന്തള്ളുന്നത് എം.എൽ.എക്കും ഉദ്യോഗസ്ഥർക്കും ബോധ്യമാക്കി നൽകാൻ സ്ത്രീകൾ അടക്കമുള്ള പ്രദേശവാസികൾക്കു കഴിഞ്ഞു. മാലിന്യം സംസ്കരിക്കാൻ സംവിധാനം ഒരുക്കുംവരെ സ്ഥാപനത്തിന്‍റെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തടയണയിലെ ജലം പരിശോധനക്കായി ആരോഗ്യ വകുപ്പ് ശേഖരിക്കണം. മലിനീകരണ നിയന്ത്രണ ബോർഡ് മാലിന്യ സംസ്കരണ സംവിധാനം സ്ഥാപനത്തിൽ അടിയന്തരമായി ഒരുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. പാറമടയുടെ പ്രവർത്തനം മൈനിങ് ആൻഡ് ജിയോളജി വിഭാഗം അടിയന്തര പരിശോധനക്ക് വിധേയമാക്കണമെന്നും എം.എൽ.എ പറഞ്ഞു. മൈനിങ് ഏരിയ വിശദ പരിശോധനക്ക് വിധേയമാക്കണം. പുതിയ പാറമടകൾ കോന്നി നിയോജക മണ്ഡലത്തിൽ വേണ്ട എന്ന നിലപാട് നിലവിലുള്ള പാറമടകളിൽ എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല എന്ന് എം.എൽ.എ പറഞ്ഞു. നിലവിൽ പ്രവർത്തിക്കുന്ന പാറമടകൾക്കും കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണ്. പാറമടകൾ പ്രവർത്തിപ്പിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പ്രഥമ പരിഗണന നൽകി പരിഹരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ലെങ്കിൽ അത്തരം ഉദ്യോഗസ്ഥരുടെ വിവരം സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തി നടപടി സ്വീകരിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയോടൊപ്പം കോന്നി തഹസിൽദാർ സുദീപ്, കോന്നി ഡിവൈ.എസ്.പി ബൈജു കുമാർ, പത്തനംതിട്ട അസിസ്റ്റന്റ് ജിയോളജിസ്റ്റ് എസ്. ആദർശ്, പൊലൂഷൻ കൺട്രോൾ ബോർഡ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.എൻ. പ്രവിതമോൾ, ആരോഗ്യ വകുപ്പ് ഹെൽത്ത് സൂപ്പർ വൈസർ ചാക്കോ, കോന്നി ഡെപ്യൂട്ടി തഹസിൽദാർ സജീവ്, കോന്നി പഞ്ചായത്ത് അസി. സെക്രട്ടറി സി.പി. മുരളികൃഷ്ണൻ, കോന്നി ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. ബാബു എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story