Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:43 AM IST Updated On
date_range 14 Jun 2022 5:43 AM ISTകോൺഗ്രസ് ഓഫിസുകൾക്കുനേരെ പരക്കെ ആക്രമണം; അടൂരിൽ ബ്ലോക്ക് കമ്മിറ്റി ഓഫിസ് തകർത്തു
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്കുനേരെ പരക്കെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം. അടൂരും, മല്ലപ്പള്ളിയിലും കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടു. തിരുവല്ല കടപ്രയിൽ ഇരുവിഭാഗവും ഏറ്റുമുട്ടി. കോഴഞ്ചേരിയിൽ കോൺഗ്രസിൻെറ കൊടിമരം നശിപ്പിച്ചു. വ്യാപകമായി കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. അടൂരിൽ ബ്ലോക്ക് കമ്മിറ്റി ഓഫിസും മല്ലപ്പള്ളിയിലെ മണ്ഡലം കമ്മിറ്റി ഓഫിസുമാണ് ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസിൻെറ അടൂർ ബ്ലോക്ക് കമ്മിറ്റി ഓഫിസ് തകർത്തത്. സംഘർഷത്തിനിടെ ഒരു കോൺഗ്രസ് പ്രവർത്തകനും പൊലീസുകാരനും പരിക്കേറ്റു. ഡൽഹിയിൽ കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ളവർക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം പുറപ്പെട്ടതിന് പിന്നാലെയാണ് 20 ഓളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തി ഓഫിസും അവിടെ ഉണ്ടായിരുന്ന ഫ്രിഡ്ജ്, ടി.വി, എന്നിവയും നൂറോളം കസേരകളും തകർത്തത്. മഹാത്മ ഗാന്ധിയുടെ ഛായാചിത്രവും തകർത്തു. ഇവിടത്തെ കൊടിമരവും നശിപ്പിച്ചു. തുടർന്ന് കെ.എസ്.ആർ.ടി.സി കോർണിൽ കോൺഗ്രസ് നടത്തിയ യോഗത്തിനുനേരെയും പ്രകോപനമുണ്ടായി. പൊലീസ് ഇരുവർക്കുമിടയിൽ പ്രതിരോധം തീർത്തു. സംഘർഷത്തിനിടെ കോൺഗ്രസ് അടൂർ മണ്ഡലം വാർഡ് പ്രസിഡന്‍റ് സുരേന്ദ്രൻ (52), സി.പി.ഒ അമൽ എന്നിവർക്ക് പരിക്കേറ്റു. ഇതിനിടെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായും ഉന്തും തള്ളുമുണ്ടായി. പിന്നാലെ കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവിൻെറ നേതൃത്വത്തിൽ അടൂർ ഡി.വൈ.എസ്.പി ഓഫിസ് ഉപരോധിച്ചു. നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് രാത്രി ഒമ്പത് മണിയോടെ പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന സമരം അവസാനിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story