Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:29 AM IST Updated On
date_range 14 Jun 2022 5:29 AM ISTഅബാൻ മേൽപാലം നിർമാണം വ്യാപാരികൾക്ക് കുരുക്കാകുന്നു
text_fieldsbookmark_border
പത്തനംതിട്ട: അബാൻ മേൽപാലം നിർമാണത്തിൻെറ ഭാഗമായി ബസ് സ്റ്റാൻഡിന് മുൻവശം ഗതാഗതം നിരോധിച്ചതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തമായി. വരും ദിവസങ്ങളിൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനും സാധ്യത. മേൽപാലത്തിൻെറ പൈലിങ് പണി ബസ് സ്റ്റാൻഡിന് മുൻവശത്ത് എത്തിയതോടെ തെക്ക് ഭാഗത്തെ സ്റ്റേജിനോട് ചേർന്ന പ്രവേശന കവാടം വരെ തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതോടെ സ്റ്റാറാൻഡിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായതായി വ്യാപാരികൾ പറഞ്ഞു. ബസുകൾ അബാൻ ജങ്ഷൻ ഭാഗത്തുകൂടി എത്തി സ്റ്റേജിൻെറ സമീപത്തെ കവാടംവഴി കയറിയിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. മറ്റ് സ്വകാര്യ വാഹനങ്ങൾക്ക് കടന്നുവരുന്നതിനും കഴിയില്ല. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് ഇത് ബുദ്ധിമുട്ടാകും. മേൽപാലത്തിൻെറ പൈലിങ് ജോലി നടക്കുമ്പോൾ റോഡിൻെറ ഇരുഭാഗത്തുംകൂടി വാഹനങ്ങൾ കടന്നുപോകുന്നതിന് സൗകര്യം ഏർപ്പെടുത്തണമെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ, ഇരുവശത്തുമുള്ള റോഡിൻെറ സ്ഥലമെടുപ്പ് പൂർത്തിയായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വാഹനങ്ങൾ ഇതുവഴി കടത്തിവിടുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതർ പറയുന്നത്. വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചാൽ പണി തടസ്സപ്പെടുമെന്നാണ് പറയുന്നത്. എന്നാൽ, പണികൾ പൂർത്തിയാകാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലുമെടുക്കും. മറ്റ് പണികളുടെ അനുഭവം നോക്കുമ്പോൾ ഇത് നീണ്ടുപോകാനും സാധ്യതയുണ്ട്. തൊട്ടുമുന്നിലെ പത്തനംതിട്ട കെ. എസ്.ആർ.ടി.സി സമുച്ചയം നിർമാണം വർഷങ്ങളോളം നീണ്ടുപോയത് ഉദാഹരണമായി അവർ ചുണ്ടിക്കാണിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുക എന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. കടമുറികൾ ലേലത്തിൽ എടുത്തവർ ഇപ്പോൾതന്നെ വലിയ കടക്കെണിയിലുമാണ്. പലരും പലിശക്ക് പണം കടമെടുത്താണ് കച്ചവടം നടത്തുന്നത്. കോവിഡ് തുടങ്ങിയതിൽപിന്നെ മിക്കവർക്കും വലിയ സാമ്പത്തിക ബാധ്യതയുമുണ്ട്. കൂടാതെ കുമ്പഴ, കോന്നി, മൈലപ്ര ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടിവരും. അടൂർ, പന്തളം, കോഴഞ്ചേരി ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾക്കും സ്റ്റാൻഡിൽ പ്രവേശിക്കാൻ കഴിയില്ല. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് 16 മുതൽ പുതിയ കെട്ടിട സമുച്ചയത്തിൽനിന്ന് പൂർണമായും പ്രവർത്തനം ആരംഭിക്കുന്നതോടെ അവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. പണി നടക്കുന്നഭാഗം ഒഴിവാക്കി നഗരത്തിലെ മറ്റ് വഴികളിലൂടെ കെ.എസ്.ആർ.ടി.സിയും വഴിതിരിച്ചുവിടേണ്ടിവരും. ഇതെല്ലാം വരും ദിവസങ്ങളിൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇടയാക്കും. പണി പൂർത്തിയാകുംവരെ പഴയ ബസ് സ്റ്റാൻഡ്ഉപയോഗിക്കണമെന്ന നിർദേശവും ഇതിനിടെ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇവിടേക്ക് മാറ്റുന്നതിനോട് വ്യാപാരികൾക്ക് യോജിപ്പില്ല. ഇതോടെ പുതിയ സ്റ്റാൻഡിലേക്ക് ആരും എത്താതാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ വ്യാപാരികളുമായി ചർച്ച നടത്തിയിരുന്നു. പടം.... mail...... അബാൻ മേൽപാല നിർമാണത്തിൻെറ പണി നടക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story