Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:37 AM IST Updated On
date_range 12 Jun 2022 5:37 AM ISTസൗരോർജ വേലി തകർത്ത് ആനയും മോഷ്ടാക്കളും ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ വിളയാട്ടം
text_fieldsbookmark_border
വടശ്ശേരിക്കര: സൗരോർജ വേലി തകർത്തു കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് പതിവാകുന്നു. നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി, ചണ്ണ മേഖലയിലാണ് കർഷകരുടെയും പ്രദേശവാസികളുടെയും ഉറക്കം കെടുത്തിക്കൊണ്ട് വന്യജീവികൾ കൃഷി നശിപ്പിക്കുന്നത്. സൗരോർജവേലി ആനകൾ തകർത്തതിനുപിന്നാലെ മോഷണം പോകുകയും ചെയ്തതോടെ വന്യമൃഗങ്ങൾക്ക് യഥേഷ്ടം കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കാവുന്ന സ്ഥിതിയാണ്. കാട്ടാനയ്ക്ക് പുറമേ കാട്ടുപന്നിയും കാട്ടുപോത്തും ഉൾപ്പെടെയുള്ള മൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിൽ നൽകിയ പരാതിയെ തുടർന്നാണ് വനംവകുപ്പ് ഇവിടങ്ങളിൽ സൗരോർജ വേലി സ്ഥാപിച്ചത്. സൈമൺ പുന്നക്കാടൻ എന്നയാളുടെ വസ്തുവിനോടുചേർന്ന് സ്ഥാപിച്ച വേലികളിലെ കമ്പികളാണ് മോഷണംപോയത്. വൈദ്യുതി പ്രവഹിക്കാത്ത തക്കംനോക്കി ഏതോ സാമൂഹിക വിരുദ്ധരാണ് മോഷ്ടിച്ചതെന്നു കരുതുന്നു. സംഭവത്തിൽ വനംവകുപ്പ് പെരുനാട് പൊലീസിൽ പരാതി നൽകി. പ്രദേശങ്ങളിലെ ഏറിയ ആളുകളും കൃഷി മാത്രം ആശ്രയിക്കുന്നവരാണ്. താലൂക്കിലെ ഉയർന്ന മേഖലയായതിനാൽ വേനൽക്കാലത്ത് വൻതുക മുടക്കി വാഹനത്തിൽ വെള്ളമെത്തിച്ചാണ് കൃഷി ചെയ്യുന്നത്. ബാങ്കുകളിൽനിന്ന് കടമെടുത്തും സ്വർണം പണയംവെച്ചും വിത്തും വളവും വാങ്ങി മാസങ്ങൾ എടുത്ത് നട്ട് നനച്ചുണ്ടാക്കുന്നത് വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് വേദനയോടെ നോക്കിനിൽക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ. ചണ്ണ പ്ലാംകൂട്ടത്തിൽ ശ്യാം സത്യൻ, നന്ദനൻ, ഗോപാലകൃഷ്ണൻ പനച്ചിപ്പാറയിൽ, പൊടിയമ്മ ചണ്ണത്തടത്തിൽ എന്നിവരുടെ പുരയിടത്തിലെ തെങ്ങും വാഴയും പ്ലാവും ഉൾപ്പെടെ നിരവധി വിളകളും സൗരോർജ വേലി തകർത്തെത്തിയ കാട്ടാനകൾ നശിപ്പിച്ചു. പലരും ഈ മേഖലയിലെ കൃഷി അവസാനിപ്പിക്കുകയും വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽനിന്ന് താമസം മാറുവാനുള്ള തയാറെടുപ്പിലുമാണ്. വനംവകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മഴക്കാലമായതോടെ കൂടുതൽ വേഗത്തിൽ കാടുകൾ കിളിർത്തതും മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് സൗരോർജ വേലിയിലെ വൈദ്യുതിയുടെ പവർ കുറയാൻ കാരണമാകുന്നുണ്ട്. അതേസമയം, വനമേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ പൂർണ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ സൗരോർജ വേലി സ്ഥാപിച്ചതുകൊണ്ട് പ്രയോജനമുണ്ടാവൂ എന്നും ജനങ്ങളുമായി ചേർന്ന് പ്രശ്നത്തിന് പരിഹാരം കാണുമെന്നും വകുപ്പ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story