Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:38 AM IST Updated On
date_range 5 Jun 2022 5:38 AM ISTഇന്ന് പരിസ്ഥിതി ദിനം കൊള്ളയടിച്ച വനഭൂമിയിൽ വീണ്ടും പച്ചപ്പ്
text_fieldsbookmark_border
*വട്ടകപ്പാറമലയിൽ വിജയിച്ചത് നാട്ടുകാരുടെ ഇച്ഛാശക്തി വടശ്ശേരിക്കര: ക്വാറി മാഫിയ കൈയേറി വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയ റാന്നി നീരാട്ടുകാവിലെ വട്ടകപ്പാറമലയിലെ വനഭൂമിയിൽ വീണ്ടും കാട്ടുമരങ്ങൾ വളരുന്നു. നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും അക്ഷീണ സമരങ്ങളുടെയും നിയമ പോരാട്ടങ്ങൾക്കുമൊടുവിൽ കൈയേറിയ സ്ഥലം വനം വകുപ്പ് തിരികെപ്പിടിച്ച് കാട്ടുമരങ്ങൾ വെച്ചുപിടിപ്പിച്ചു. സ്വാഭാവിക വനഭൂമിയായി ഇത് മാറുകയാണ്. വനം - റവന്യൂ വകുപ്പുകൾ ഉൾപ്പെടെ ഒത്താശകൾ ചെയ്ത് സർക്കാർ ചെലവിൽ പാറ കടത്താൻ റോഡുവരെ വെട്ടിക്കൊടുത്തിട്ടും വട്ടകപ്പാറ മലയിലെ പച്ചപ്പ് കേരളത്തിലെതന്നെ അത്യപൂർവ സംഭവങ്ങളിൽ ഒന്നാണ്. സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റി മരക്കുറ്റികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത സംഭവം 'മാധ്യമം' ആണ് പുറംലോകത്തെത്തിച്ചത്. സുപ്രീംകോടതിയുടെ ഹരിത ട്രൈബ്യൂണൽ വരെ ഇടപെട്ട വട്ടകപ്പാറമലയിലെ വനഭൂമി ഒരുവർഷം മുമ്പാണ് വനംവകുപ്പ് തിരിച്ചുപിടിച്ചത്. ഭൂമി അന്യധീനപ്പെടുത്തുകയും മരങ്ങൾ മുറിച്ച് കടത്തുകയും ചെയ്ത സംഭവത്തിൽ വനംവകുപ്പ് റേഞ്ച് ഓഫിസർ ഉൾപ്പെടെ സസ്പെൻഷനിലായി. റാന്നി ഡി.എഫ്.ഒയെ സ്ഥലംമാറ്റി. വനംകൊള്ളയിൽ പാറമട ലോബി വൻതോതിൽ പണമൊഴുക്കുകയും ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ വസ്തു റവന്യൂ ഭൂമിയാക്കാൻ പ്രയത്നിച്ചിട്ടും ജനകീയ സമരത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അന്നത്തെ തിരുവല്ല ആർ.ഡി.ഒ വിനയ് ഗോയൽ ഭൂമി വനംവകുപ്പിന്റേതാണെന്ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മാസങ്ങളോളം കലക്ടറേറ്റിൽ വെളിച്ചം കാണാതെ കിടന്ന സംഭവവും 'മാധ്യമ'മാണ് പുറത്തുകൊണ്ടുവന്നത്. തുടർന്നാണ് നടപടികളുണ്ടായത്. പാറമട ലോബിക്ക് ഖനനം നടത്താൻ ഒത്താശ ചെയ്യുക, റിസർവ് വനഭൂമി റവന്യൂ പുറമ്പോക്കാണെന്ന റവന്യൂ അധികൃതരുടെ നിലപാടിനെ സഹായിക്കുക തുടങ്ങിയ ഒട്ടേറെ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്. അനധികൃതമായി മുറിച്ചുമാറ്റിയ മരം വില തിട്ടപ്പെടുത്തി മറിച്ചുവിൽക്കാൻ ഈ ഉദ്യോഗസ്ഥർ കൂട്ടുനിന്നു. നാട്ടുകാർ രൂപവത്കരിച്ച വട്ടകപ്പാറ സംരക്ഷണസമിതിയും സി.ആർ. നീലകണ്ഠൻ ഉൾപ്പെടെ പരിസ്ഥിതി പ്രവർത്തകരും ചേർന്ന് നടത്തിയ കഠിന പരിശ്രമങ്ങൾക്കൊടുവിൽ വെട്ടിക്കടത്തിയ മരങ്ങൾക്ക് പിഴ അടപ്പിക്കാനും വനഭൂമിയായി പച്ചപിടിപ്പിക്കാനും കഴിഞ്ഞെങ്കിലും കിഴക്കൻ മലയോര മേഖലയിൽ വട്ടമിട്ട് പറക്കുന്ന പാറമട ലോബി വട്ടകപ്പാറമലയിൽ ഇപ്പോഴും സാധ്യത തിരയുന്നുണ്ട്. ----- ക്യാപ്‌ഷൻ: ക്വാറി മാഫിയ മരംകൊള്ള നടത്തിയ വട്ടകപ്പാറമലയിൽ പുതിയ മരങ്ങൾ തളിരിട്ടപ്പോൾ --------- -----സുനിൽ മാലൂർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story