Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:37 AM IST Updated On
date_range 2 Jun 2022 5:37 AM ISTഉത്സവ അകമ്പടിയിൽ പ്രവേശനം
text_fieldsbookmark_border
പത്തനംതിട്ട: മഴയുടെ അകമ്പടി, പുത്തനുടുപ്പണിഞ്ഞ് പുത്തൻകുടയും ചൂടി പുതുലോകത്തേക്ക് ചുവടുവെപ്പ്. ബലൂണുകളും അലങ്കാരങ്ങളും വർണചിത്രങ്ങളും ആളും ആരവവുമെല്ലാം ചേർന്ന് ഉത്സവാന്തരീക്ഷം. അതിൻെറ കൗതുകവും രക്ഷിതാക്കളുടെ കൈവിട്ട് ക്ലാസിലേക്ക് കടന്നപ്പോഴുള്ള ചെറുഭയവും ചിണുങ്ങലും.... മധുരം നുണഞ്ഞപ്പോൾ പാൽചിരിയും. രണ്ടുവർഷത്തെ ഇടവേളക്കു ശേഷമുള്ള പ്രവേശനോത്സവം സ്കൂളുകൾ ഉത്സവമാക്കി. ആദ്യമായി സ്‌കൂളിലെത്തിയവര്‍ക്കും രണ്ടു വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം ശീലിച്ചവര്‍ക്കും പ്രവേശനോത്സവം കൗതുക കാഴ്ചയും അനുഭവവുമായി. ജില്ലതല പ്രവേശനോത്സവം നടന്ന ആറന്മുള സ്കൂളിൽ പാട്ടും കളിചിരികളുമായി കലക്ടറും മന്ത്രി വീണ ജോർജും കുരുന്നുകളെ വരവേറ്റു. പ്രളയകാലത്ത് കൈപിടിച്ച് ജീവിതത്തിലേക്ക് എത്തിച്ച കുരുന്നിനെ ഇപ്പോൾ അറിവിൻെറ ലോകത്തേക്കും കൈപിടിച്ച് ആനയിക്കാനായതിൻെറ നിർവൃതി നുകരാൻ കഴിഞ്ഞത് മന്ത്രി വീണക്കും പുത്തൻ അനുഭവമായി. ജില്ലയിലെ എല്ലാ സ്കൂളുകളിലും ആഘോഷമായി പ്രവേശനോത്സവം നടന്നു. അൺഎയ്ഡഡ് സ്കൂളുകളിലും ആഘോഷമായി കുരുന്നുകളെ വരവേറ്റു. ഉച്ചയോടെ എല്ലായിടത്തും ക്ലാസുകൾ അവസാനിപ്പിച്ചു. വ്യാഴാഴ്ച മുതൽ സാധാരണ നിലയിൽ ക്ലാസുകൾ നടക്കും. മഴമേഘങ്ങളുടെ ഇരുളവും ഇടക്ക് ചെയ്ത ചെറുമഴയും മിന്നിത്തെളിയുന്ന വെയിലും പതിവുതെറ്റിക്കാതെ പ്രവേശനോത്സവത്തിന് അകമ്പടി സേവിച്ചു. കുട്ടികളുടെ പോക്കും വരവും എല്ലായിടത്തും സ്കൂൾ ബസുകളിലായതോടെ വർണക്കുടകൾ പലരുടെയും കൈകളിലുണ്ടായില്ല എന്നത് ഇത്തവണത്തെ പ്രത്യേകതയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story