Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:42 AM IST Updated On
date_range 30 May 2022 5:42 AM IST'സവിശേഷം വിശേഷം' പംക്തിയിലേക്ക്
text_fieldsbookmark_border
പന്നിയാണ് താരം നാലുപേർ കൂടുന്ന കവലകളിലെല്ലാം പന്നിയുടെ വിശേഷമാണ് ചർച്ച. വല്ലതും നടക്കുമോ? എന്നാണ് കർഷകർ ചോദിക്കുന്നത്. മുമ്പ് ഒരു ഉത്തരവ് വന്നായിരുന്നല്ലോ. അക്രമകാരികളായ പന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകി. ചരിത്ര സംഭവമെന്നാണ് അന്ന് ഉത്തരവ് ഇറക്കിയവർ പിന്നാലെ ഇറങ്ങി നാടാകെ പറഞ്ഞ് നടന്നത്. അതുകേട്ട് ആ..ഹാ.. എന്നുപറഞ്ഞ് സന്തോഷിച്ചവരാണ് തങ്ങളെന്ന് കർഷകർ പറയുന്നു. കൊല്ലം ഒന്നാകുന്നു. ഇതുവരെ വെടിയേറ്റ് മരിക്കാൻ ഭാഗ്യം സിദ്ധിച്ചത് നാലഞ്ച് പന്നികൾക്ക് മാത്രമാണ്. അതുപോലെ വേലയിറക്കലാകുമോ ഇപ്പോഴത്തെ ഉത്തരവുമെന്നാണ് കർഷകർ സംശയിക്കുന്നത്. അന്നത്തേതിന് സമാനമാണ് ഇപ്പോഴത്തെയും ഉത്തരവിലെ വ്യവസ്ഥകൾ. പന്നി അക്രമകാരിയാണെന്ന് അന്ന് വനംവകുപ്പിന് ബോധ്യംവരണമായിരുന്നു. ഗർഭപരിശോധന നടത്തണമായിരുന്നു. പ്രസവാനന്തര ശുശ്രൂഷയിൽ കഴിയവെ വേലിചാടിയതാണോ എന്ന് അന്വേഷിച്ച് കണ്ട്പിടിക്കണമായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടുകളെല്ലാം 'ഓ.കെ' യായാൽ തോക്കുള്ളയാളെ കണ്ടുപിടിക്കണമായിരുന്നു. കള്ളത്തോക്കാണോ എന്ന് തിരക്കണമായിരുന്നു. പന്നിക്കിട്ട് വെടിവെച്ചാൽ കൊള്ളുന്നത് അതിനുതന്നെയാകാൻ തക്കവിരുതുള്ള ആളാണോ എന്ന് ഉറപ്പിക്കണമായിരുന്നു. അതൊക്കെ തന്നെയല്ലേ ഇപ്പോഴത്തെയും സ്ഥിതിയെന്ന് കർഷകർ ചോദിക്കുന്നു. ഇപ്പോൾ അന്വേഷണ റിപ്പോർട്ടുകളെല്ലാം പഠിച്ച് 'ഓ.കെ' പറയേണ്ടത് പഞ്ചായത്ത് പ്രസിഡന്‍റോ സെക്രട്ടറിയോ ആകണമെന്ന വ്യത്യാസമല്ലേയുള്ളൂ എന്നവർ ചോദിക്കുന്നു. തോക്കില്ലെങ്കിൽ കുരുക്കിടാമെന്ന് പറയുന്നു. അതൊക്കെ ചെയ്തിട്ട് പിന്നെ എന്തെല്ലാം കുരുക്കിൽ ചാടേണ്ടിവരുമെന്നും ചോദിക്കുന്നു. കേരള ഹൈകോടതിയിൽ ഡബ്ല്യു.യു.പി.സി 12496ആം നമ്പറായി നൽകിയ കേസിൽ അനുകൂലമായ ഉത്തരവ് 2021 ജൂലൈ 23ന് വന്നിട്ടുണ്ട്. കേസിൽ കക്ഷിചേർന്ന ആളുകൾക്ക് ഉപാധിരഹിതമായി അവരുടെ കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വകവരുത്താൻ വിധിയിലൂടെ അനുമതി നൽകി. ആ വിധി കിട്ടിയവർ പന്നികളോട് എന്തുവേണമെങ്കിലും കാണിച്ചോട്ടെ മറ്റുള്ളവർ അതിന്‍റെ പേരിൽ പന്നികളെ തൊട്ടാൽ തീക്കളിയാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതെന്ത് നീതി, ഇതെന്ത് ഭരണം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് നടന്നവർ ഭരിക്കുമ്പോൾ ഇങ്ങനെ ഇരട്ട നീതിക്ക് അവസരമൊരുക്കുന്നത് തങ്ങളെ പൊട്ടരാക്കുകയല്ലേ എന്നും അവർ ചോദിക്കുന്നു. അങ്ങിനെ ഒരു വിധിയുണ്ടെങ്കിൽ അത് സംസ്ഥാനം മുഴുവൻ ബാധകമാക്കി സർക്കാർ റൂൾ ഇറക്കിയാൽ മതിയെന്ന് നിയമ വിദഗ്ധർ പറയുന്നു. വനംമന്ത്രിക്കും കൃഷി മന്ത്രിക്കും നിയമമന്ത്രിക്കും ഒന്നും അത് ബോധ്യപ്പെടുന്നില്ല. കാരണം അവർ പന്നികളുടെ പടമേ കണ്ടിട്ടുള്ളൂ. അവറ്റകളുടെ പരാക്രമം അനുഭവിച്ചിട്ടില്ല. ഇതെല്ലാം പറഞ്ഞ് പാവം കർഷകർ തോക്കുള്ളവനെ തേടിയും കുരുക്കൊപ്പിക്കാൻ വേണ്ടിയും മണ്ടി നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story